'യോരേ' അഭ്രപാളിയില്‍ വിരിഞ്ഞ ആദ്യ കൊങ്കിണി സിനിമ

Saturday 11 November 2017 7:06 pm IST

കേരളത്തിന്റെ തനിമ അതേപടി നെഞ്ചിലേറ്റി വര്‍ഷങ്ങളായി മലയാളത്തിന്റെ ഭാഗമായി ജീവിക്കുന്ന കൊങ്കിണി ഭാഷക്കരുടെ സിനിമ അഭ്രപാളിയില്‍ വിരിഞ്ഞു. സാമൂഹിക വിഷയം പറയുന്ന സിനിമ സാധാരണക്കാരന്റെ ജീവിതത്തിലൂടെയാണ് കഥപറഞ്ഞു പോകുന്നത്. മലയാളത്തില്‍ 'വാടാ' എന്ന അര്‍ത്ഥം വരുന്ന കൊങ്കിണി പദമായ 'യോരേ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യവശങ്ങളെ കുറിച്ചും ഇത് തലമുറകളെ തന്നെ ബാധിക്കുമെന്നും ജനങ്ങളെ ബോധവാന്മാരാക്കുന്നു. അഭിനേതാക്കളോടൊപ്പം നാട്ടിന്‍പുറത്തെ കുട്ടികളുടെ കൈയിലുള്ള തെറ്റാടിയും ചിത്രത്തിലെ കേന്ദ്രകഥാപാത്രമാകുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ബ്രാഹ്മിക്ക് ഭാഷാകുടുംബത്തിലെ ആബുഗിഡ ഭാഷാസമൂഹത്തില്‍ പെട്ട കൊങ്കിണിഭാഷയിലെ ആദ്യ മലയാള ചലച്ചിത്രമാണ് 'യോരേ'. ഇതില്‍ അഭിനയിച്ചിട്ടുള്ളവരില്‍ എല്ലാവരും കൊങ്കിണി ഭാഷ സംസാരിക്കുന്നവരാണ്. മൂന്നു മക്കളുള്ള വീട്ടമ്മയുടെ കഥയില്‍ നിന്നുമാണ് സിനിമയുടെ തുടക്കം. ഇവര്‍ക്ക് ഒരു മകനും രണ്ട് മകളുമുണ്ട്. ഇതില്‍ ഒരു പെണ്‍കുട്ടി അസുഖ ബാധിതയാണ്. സങ്കീര്‍ണതകള്‍ നിറഞ്ഞ കഥാംശത്തിലൂടെ മുന്നോട്ടു പോകുന്ന ചിത്രത്തിന്റെ വഴിത്തിരിവ് മകന്‍ സുഹൃത്തിന്റെ കൈയില്‍ നിന്നും മദ്യം രുചിക്കുന്നതോടെയാണ്. തുടര്‍ന്ന് അവന്‍ മദ്യത്തിന് അടിമപ്പെടുന്ന സാഹചര്യത്തിലെത്തുന്നു. ശരിക്കും രണ്ടാം വഴിത്തിരിവിലാണ് കാണികളുടെ മനസ്സില്‍ സങ്കര്‍ഷം ഉണ്ടാകുന്നത്. സിനിമയ്‌ക്കൊപ്പം കാണികള്‍ സഞ്ചരിക്കുന്നതാണ് പതിവെങ്കില്‍ ഇവിടെ കാണികളുടെ സങ്കര്‍ഷത്തിനൊപ്പമാണ് സിനിമയും കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പിആര്‍എസ് ഷേണായി, അണ്ടിക്കടവ് സുരേഷ് എന്നിവരും മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്.നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഗോപാലകൃഷ്ണ കമ്മത്താണ് യോരയുടെ സംവിധായകന്‍. രൂപേഷ് പൈയാണ് ക്യാമറ കൈകാര്യം ചെയ്തത്. രാജന്‍ പ്രഭുവാണ് തിരകഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്. സെന്‍സര്‍ഷിപ്പിനുള്ള പരിശ്രമത്തിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് കൊങ്ങിണി സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'യോരേ' പ്രദര്‍ശിപ്പിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.