സംസ്‌കാരത്തിന്റെയും കലകളുടെയും സംഗമസ്ഥാനങ്ങൾ

Saturday 11 November 2017 7:58 pm IST

ഭാരതത്തിലെ ക്ഷേത്രങ്ങൾ കേവലം ആരാധനാലയങ്ങൾ മാത്രമല്ല. ഇന്ത്യൻ സംസ്‌കാരത്തിന്റെയും കലകളുടെയും സംഗമസ്ഥാനങ്ങൾ കൂടിയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ഗുരുവായൂർ. കോകസന്ദേശത്തിൽ കുരുവായൂർ എന്നു വ്യക്തമാക്കിയിരിക്കുന്ന പ്രദേശം ഗുരുവായൂർ എന്ന്‌സംസ്‌കൃതീകൃതമായത് നാരായണീയകാലത്താവാനാണ് സാധ്യത. ഗുരുവും വായുവും ചേർന്ന് വിഗ്രഹപ്രതിഷ്ഠ നടത്തിയെന്ന് ഐതിഹ്യം. രണ്ടു കവികളേയും ഒരു ദൃശ്യകലാരൂപത്തെയും ഈ ക്ഷേത്രം അധ്യാത്മകേരളത്തിന് സംഭാവന ചെയ്തിരിക്കുന്നു. പട്ടേരിയും പൂന്താനവും പിന്നെ കൃഷ്ണനാട്ടവും. പ്രാചീനകവികളിൽ പലരേയും ചുറ്റിപ്പറ്റി പല ദിവ്യകഥകളും പ്രചരിച്ചിട്ടുണ്ട്. മേൽപുത്തൂരിന്റെ വാതകഥക്ക് ഒരു വിശുദ്ധപരിവേഷം ലഭിച്ചിരിക്കുന്നു. പണ്ട് പുരു, പിതാവായ യയാതിയുടെ ജരയെന്ന പോലെ ഭട്ടതിരി സ്വഗുരുവായ പിഷാരടിയുടെ വാതരോഗം മന്ത്രപൂർവ്വം ആവാഹിച്ചുവെന്നും അതിന്റെ ഉപശാന്തിക്കായി ഗുരുവായൂർ ക്ഷേത്രത്തിൽവച്ച് നാരായണീയം രചിച്ചുവെന്നും ഒരു കഥ. ശുശ്രൂഷയുടെ കാഠിന്യത്താൽ രോഗം ഗുരുവിൽനിന്ന് ശിഷ്യനിലേക്ക് അഭിസംക്രമിച്ചെന്നും ആയിരം സുസംസ്‌കൃത ശ്ലോകപുഷ്പങ്ങളാൽ ഗുരുവായൂമന്ദിരേശനെ പൂജിച്ച് ആയുരാരോഗ്യ സൗഖ്യം നേടിയെന്നും കഥക്ക് ഒരനുബന്ധം. വാതരോഗ ശമനത്തിന് എന്തു ചെയ്യണമെന്ന് ഭട്ടതിരി എഴുത്തച്ഛനോട് ചോദിച്ചുവത്രേ. മദ്യമത്തനായ എഴുത്തച്ഛൻ മീൻ തൊട്ടുകൂട്ടാൻ ഉപദേശിച്ചുപോലും. അതനുസരിച്ച് നാരായണീയം രചിച്ചുവെന്നും ഒരു ചിന്നക്കഥ. ഒരു മത്‌സ്യാവതാരകഥ നാരായണീയത്തിലില്ലെന്നിരിക്കെ ഏതോ സഹൃദയനായ മദ്യപാനി എറിഞ്ഞിട്ടു പോയ എല്ലില്ലാക്കഥയാവാമിത്. രണ്ട് സാഹിത്യരചയിതാക്കൾ നാരായണീയത്തിന് ചുറ്റും അവിശ്വാസ്യതയുടെ തിരികൾ കൊളുത്തിവച്ചിട്ടുണ്ട്. മഹാകവി ഉള്ളൂരും പണ്ഡിതരാജവായ വടക്കുംകൂറും കിണറിന് മുകളിൽ പുല്ലുകളേറെ നട്ടുപിടിപ്പിച്ചു. എൺപത്തിയെട്ടു വയസ്സുവരെ മാത്രമേ ഭട്ടതിരി ജീവിച്ചിരുന്നുള്ളൂവെന്ന് ഉള്ളൂർ ഗണിച്ചെത്തുമ്പോൾ നൂറ്റിയാറ് വയസുവരെ ആയുസ്സിന്റെ വേള നീട്ടിക്കൊടുത്തിരിക്കുകയാണ് വടക്കുംകൂർ. ഒരു കാര്യത്തിലവർ ഏകാഭിപ്രായക്കാരാണ്. നാരായണീയം പൂർത്തിയായത് കൊല്ലവർഷം എഴുന്നൂറ്റി അറുപത്തിരണ്ടിലത്രെ. മാസവും തീയതിയും വരെ ഒരാൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്- 762, വൃശ്ചികം 22. രോഗാരോപത്തിന് ഭക്തിയോഗത്തില്‍ ഒരല്‍പം പ്രസക്തിയുണ്ട്. ഭഗവദ്ഗീത നാലുതരം ഭക്തന്മാരെ ചൂണ്ടിക്കാണിക്കുന്നു. ആര്‍ത്തന്‍, ജിജ്ഞാസു, അര്‍ഥാര്‍ഥി, ജ്ഞാനി എന്നിങ്ങനെ. ദുഃഖശമനത്തിനു വേണ്ടി ഭഗവാനെ ഭജിക്കുന്ന ആര്‍ത്തന്‍ ഏറ്റവും താഴെയുള്ള പടിയില്‍ നില്‍ക്കുന്നു. ദുഃഖശഗമനത്തിനുശേഷം അയാള്‍ ഈശ്വരനെ മറന്നെന്നും വരും. ആര്‍ത്തന്‍ ജ്ഞാനിയായി പരിണമിക്കുന്ന ഭക്തിയുടെ പ്രഹര്‍ഷമാണ് മേല്പത്തൂര്‍ നാരായണഭട്ടതിരി. രതികലവികളില്‍ മുങ്ങിമയങ്ങിക്കിടക്കുന്ന മനുഷ്യചേതനയെ ധാര്‍മ്മിക ചക്രവാളത്തിലേക്കുയര്‍ത്തിയത് തുഞ്ചത്ത് എഴുത്തച്ഛനാണ്. സാമൂഹികാവശ്യങ്ങളോട് നീതി പുലര്‍ത്താന്‍ എഴുത്തച്ഛനോളം മേല്‍പുത്തൂരിന് കഴിഞ്ഞിട്ടില്ല. ഒരു തുറന്ന മൈതാനത്തിലെ ആള്‍ക്കൂട്ടത്തിനു നടുവില്‍ അര്‍ധരാത്രിയില്‍ കൊളുത്തി കുത്തിയ പന്തമാണ് എഴുത്തച്ഛന്‍ സാഹിതി. ഒരു ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ഏഴരവെളുപ്പിന് നനച്ച് കത്തിച്ച നെയ്ത്തിരിയാണ് നാരായണീയം. നാരായണീയേതിവൃത്തം വിഖാതമാണ്. രചനാസാമഗ്രികള്‍ ഭാഗവതത്തില്‍ നിന്നാണ് കവി സ്വീകരിച്ചിട്ടുള്ളത്. പന്ത്രണ്ട് സ്‌കന്ധങ്ങളുള്ള ശ്രീ മഹാഭാഗവതം സാഗരോപമമാണ്. നൂറുകണക്കിന് ദശകങ്ങളുള്ള മുന്നൂറ്റമ്പതോളം അധ്യായങ്ങള്‍ പന്ത്രണ്ട് സ്‌കന്ധങ്ങളില്‍ പരന്നു കിടക്കുന്നു. അതിബൃഹത്തായ ഭാഗവതപുരാണത്തെ ആയിരത്തി മുപ്പത്തിനാലു ശ്ലോകങ്ങളില്‍ സംഗ്രഹിച്ചിരിക്കുകയാണ് മേല്‍പുത്തൂര്‍. കവിതയുടെ ദിവ്യഭാവനകളെ ഹോമിക്കാതെ സംക്ഷേപണം നിര്‍വ്വഹിക്കാന്‍ ഭാവയിത്രിയായ പ്രതിഭക്കു മാത്രമേ കഴിയൂ. ഒരു മഹാപുരാണത്തെ കേവല വിവര്‍ത്തനത്തിലൂടെ കൈരളിക്ക് കാഴ്ചവെക്കുകയല്ല മേല്‍പുത്തൂര്‍ ചെയ്തിരിക്കുന്നത്. ഏറെ ശിഖരങ്ങളുള്ള ഒരു മഹാപര്‍വ്വതത്തെ അതിന്റെ രൂപഭദ്രത നഷ്ടപ്പെടാതെ, ഗരിമ ചോരാതെ മറ്റൊരു പര്‍വ്വതമാക്കി മാറ്റുക. രണ്ടു പര്‍വ്വതവും തലയുയര്‍ത്തി അങ്ങനെയങ്ങു നില്‍ക്കുക. കാവ്യലോകത്തിലെ ഒരസാധാരണത്വമാണിത്. നാരായണീയവും ഭാഗവതവും ഒരേ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. നാരായണീയം ഒരു ഭാഗവതസംഗ്രഹം എന്നല്ല ഗ്രന്ഥനാമം. നാരായണീയത്തെ കുട്ടിബ്ഭാഗവതം എന്നു വിളിക്കുന്നതുകൊണ്ട് നാരായണീയത്തിന്റെയും ഭാഗവതത്തിന്റെയും ഉദാത്തതക്ക് സുഷിരങ്ങള്‍ വീഴുന്നില്ലേ? പതിനാറാം നൂറ്റാണ്ടിലെ ഈ കവി എന്തുകൊണ്ട് നാരായണീയം മലയാളഭാഷയിലെഴുതിയില്ല? ദേവകഥക്ക് വേദഭാഷ തന്നെ വേണമെന്ന അഭിജാതചിന്തയോ? അപാമരജനപ്രസിദ്ധിക്ക് അമരവാണി തന്നെ അനുപമമെന്ന ലജ്ജാകരമായ പൊങ്ങച്ചമോ? ഭാഗവതം ഭഗവാനു പ്രിയമിയറ്റുന്നതുകൊണ്ട് നാരായണീയവും മൂലാനുസാരിയാവട്ടെ എന്ന ഭാഷാ സങ്കുചിതത്വമോ ഈ മാധ്യമം തേടലില്‍? അല്ലതന്നെ. മേല്‍പുത്തൂര്‍ ഒന്നാമതായി ഒരു ശാസ്ത്രകാരനാണ്. രണ്ടാമതായേ ഒരു കവിയാകുന്നുള്ളൂ. വെറും ശാസ്ത്രകാരനല്ല, സംസ്‌കൃതഭാഷ ശാസ്ത്രകാരന്‍. അദ്ദേഹത്തിന്റെ പ്രക്രിയാ സര്‍വ്വസ്വം, അപാണീയപ്രമാണസാധനം എന്നീ വ്യാകരണഗ്രന്ഥങ്ങള്‍. മീമാംസാമതം സ്ഥാപിക്കുന്നതിനുവേണ്ടി രചിച്ച മാനമേയോദയം, ധാതുകാവ്യമെന്ന ശാസ്ത്രകാവ്യം- ഇവയിലൊക്കെയും പണ്ഡിതനായ കവിയെയാണ് നാം കാണുന്നത്. വടക്കുംകൂറിന്റെ അഭിപ്രായത്തില്‍ പ്രചാരം നേടിയത് പ്രഥമകൃതിയായ നാരായണീയമാണെങ്കിലും പ്രക്രിയാസര്‍വ്വസ്വമാണ് അദ്ദേഹത്തിന്റെ പ്രധാന കൃതി. ഇങ്ങനെ ചിന്തിക്കുമ്പോള്‍ മേല്‍പുത്തൂര്‍ നാരായണീയം സംസ്‌കൃതഭാഷയിലെഴുതിയതിലത്ഭുതപ്പെടാനില്ല. മുപ്പത്തിയാറ് പ്രൗഢഗ്രന്ഥങ്ങള്‍ ഈ കേരളീയ സംസ്‌കൃതകവി എഴുതിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.