പ്രവേശന പരീക്ഷാ നടത്തിപ്പിന് പ്രത്യേക ഏജന്‍സി

Saturday 11 November 2017 8:19 pm IST

ന്യൂദല്‍ഹി: വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രവേശന പരീക്ഷകളുടെ വൈവിധ്യത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മോചനം. ദേശീയ തലത്തിലെ പ്രവേശന പരീക്ഷകള്‍ നടത്താന്‍ പ്രത്യേക ഏജന്‍സി രൂപീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ഇതോടെ, സിബിഎസ്ഇ, എഐസിടിഇ പോലുള്ളവയുടെ ജോലിഭാരം കുറയും. 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരവും. പുതിയ ഏജന്‍സി നിലവില്‍ വന്നാല്‍ ബോര്‍ഡ് പരീക്ഷകള്‍ മാത്രമാകും സിബിഎസ്ഇയുടെ ചുമതലയിലുണ്ടാകുക. ജോയിന്റ് എന്‍ജിനീയറിങ് എന്‍ട്രന്‍സ് ,നീറ്റ്, യുജിസിയുടെ ദേശീയ യോഗ്യതാ പരീക്ഷ, ദേശീയ അധ്യാപക യോഗ്യതാ പരീക്ഷ, നവോദയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ പുതിയ ഏജന്‍സിയുടെ കീഴിലാകുക. തുടര്‍ന്ന് മറ്റ് പ്രവേശന പരീക്ഷകളും ഇവര്‍ ഏറ്റെടുക്കും. 1860ലെ ഇന്ത്യന്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരമാണ് ഏജന്‍സി രൂപീകരിക്കുന്നത്. 25 കോടി രൂപ പ്രാഥമിക സഹായമായി കേന്ദ്രം നല്‍കും. ഇതോടെ, സ്വയംപര്യാപ്തത കൈവരിക്കാനാകും. ഇത്തരമൊരു ഏജന്‍സി രൂപീകരിക്കുമെന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു തുടര്‍ച്ചയാണ് നടപടികള്‍. വിദ്യാഭ്യാസ വിദഗ്ധനാകും ഇതിന്റെ ചെയര്‍മാന്‍. കേന്ദ്ര മാനവവിഭവശേഷി മന്ത്രലയമാകും നിയമനം നടത്തുക. ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുള്ളയാളാകും സിഇഒ. ഏത് സ്ഥാപനങ്ങള്‍ക്കായാണോ പ്രവേശന പരീക്ഷകള്‍ നടത്തുന്നത് അവരുടെ പ്രതിനിധികള്‍ ബോര്‍ഡിലുണ്ടാകും. ഡയറക്ടര്‍ ജനറലിനെ സഹായിക്കാന്‍ ഒമ്പത് സമിതികള്‍. അക്കാദമിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരും വിദ്യാഭ്യാസ വിദഗ്ധരുമാകും ഈ സമിതിയിലുണ്ടാകുക. പരീക്ഷാകേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണമനുസരിച്ച് ജില്ലാ, ഉപജില്ലാ കേന്ദ്രങ്ങളില്‍ കൂടി അനുവദിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.