ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ദിവസങ്ങള്‍മാത്രം ,തിരുവല്ല-അമ്പലപ്പുഴപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായില്ല

Saturday 11 November 2017 8:12 pm IST

തിരുവല്ല: മണ്ഡലകാലത്തിനു മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നുള്ള അധികൃതരുടെ വാഗ്ദാനം പാഴായി. ചക്കുളത്തുകാവില്‍ പൊങ്കാലയ്ക്ക് ദിവസങ്ങള്‍ അവശേഷിക്കെ തിരുവല്ല-അമ്പലപ്പുഴ–സംസ്ഥാനപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായില്ല. റോഡിന്റെ അവസ്ഥ ഇപ്പോഴും ദയനീയമായി തുടരുകയാണ്. ആയിരക്കണക്കിനു ഭക്തരാണ് ഈ റോഡിനെ ആശ്രയിച്ച് ചക്കുളത്തുകാവ്, തകഴി, അമ്പലപ്പുഴ ക്ഷേത്രങ്ങളിലേക്ക് ക്ഷേത്രദര്‍ശനത്തിനായി പോകുന്നത്. വര്‍ഷം നാല് കഴിഞ്ഞങ്കിലും നിര്‍മ്മാണത്തിന്റെ ശൈശവത്തില്‍ ഇപ്പോഴും കഴിയുന്ന റോഡ് കുണ്ടും കുഴിയുമായി കാല്‍നട പോലും അസാധ്യമായ നിലയിലാണ്. നാലു വര്‍ഷത്തിലേറെ അനുഭവിക്കുന്ന ദുരിതത്തിന് ഇക്കുറിയെങ്കിലും പരിഹാരമാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ജലവിതരണ വകുപ്പിന്റെ പൈപ്പ് കുഴിച്ചിടുന്നതിനായി മെറ്റല്‍ വിരിച്ചിട്ട് റോഡ് വീണ്ടും കുത്തിയിളക്കി. പതിനായിരക്കണക്കിന് ഭക്തര്‍ പൊങ്കാല അര്‍പ്പിക്കാന്‍ നിരക്കേണ്ടതാണു തകഴി മുതല്‍ പൊടിയാടി വരെയുള്ള റോഡ്. റോഡിന്റെ ഇരുവശങ്ങളിലും നിര്‍മ്മിക്കുന്ന ഓടയുടെ നിര്‍മാണവും ഇതുവരെയും എങ്ങുമെത്തിയില്ല. ടാറിംങ് ഇളകിക്കിടക്കുന്നതിനാല്‍ ഇവിടെ പൊടി ശല്യവും രൂക്ഷമാണ്. പൊങ്കാലയ്‌ക്കെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനൊ റോഡിന് സമീപത്തുള്ള പുരയിടങ്ങളില്‍ കയറ്റി ഇടുന്നതിനോ കഴിയാത്ത സ്ഥിതിയാണ്. റോഡിന് കുറുകെ 200 മീറ്റര്‍ അകലത്തിലായി നിര്‍മ്മിക്കുന്ന കാനയുടെ നിര്‍മ്മാണവും പലസ്ഥലത്തും മുടങ്ങികിടക്കുകയാണ്. കടപ്രമുതല്‍ പൊടിയാടിവരെയും, നീരേറ്റുപുറം മുതല്‍ എടത്വ- മരിയാപുരം വരെയുള്ള പൈപ്പിടീല്‍ ഇനിയും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം തലവടി വെളളക്കിണറിനു സമീപം പുതിയ പൈപ്പിടാനായി കുഴിയെടുത്തെങ്കിലും പഴയപൈപ്പ് പൊട്ടി ശുദ്ധജലം റോഡിലേക്ക് ഒഴുകി യാത്ര ദുസ്സഹമായി. പൊട്ടിയ പൈപ്പ് എവിടെയാണെന്ന് അറിയാതെ ഒടുവില്‍ തൊഴിലാളികള്‍ കുഴിമൂടി തടിതപ്പിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. ഇവിടെ ഇപ്പോഴും വെള്ളം റോഡിലേക്ക് ഒഴുകി കുടിവെള്ളം പാഴാകുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ ഈ നിസ്സംഗത പൊങ്കാല സമയത്ത് ഭക്തര്‍ക്ക് ശുദ്ധജലത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. മണ്ഡലകാലം ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് അധിക വാഹനങ്ങളും ഇതുവഴി കടന്നു പോകും അതോടെ പ്രദേശവാസികളുടെ വാഹന യാത്രയും കാല്‍നടയാത്രയും കൂടുതല്‍ ദുരിതമാകും. പൊങ്കാലയ്ക്കു മുന്‍പ് ടാറിങ് നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. പൊങ്കാലയ്ക്കു മുന്‍പായി എടത്വ മുതല്‍ പൊടിയാടിവരെയുള്ള ഭാഗമെങ്കിലും ടാറിങ് നടത്താന്‍ പൊതുമരാമത്ത് മന്ത്രി നേരിട്ട് ഇടപെടണമെന്നാവശ്യവും ശക്തമാണ്.