അയിരൂര്‍ ജില്ലാ ആശുപത്രിക്ക് ആധുനിക പേവാര്‍ഡിനുള്ള അനുമതിയായി

Saturday 11 November 2017 8:14 pm IST

കോഴഞ്ചേരി: അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ പേവാര്‍ഡ് നിര്‍മിക്കുന്നു. ഇതിനായി ആശുപത്രിയുടെ ആദ്യകാല കെട്ടിടം പൊളിച്ചുനീക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കി. ഭാരതീയ ചികില്‍സാ വകുപ്പിന്റെ 201617 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി രൂപ ചെലവിലാണ് പേവാര്‍ഡ് നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. ആധുനിക സൗകര്യങ്ങള്‍ അടങ്ങിയ നാലുനില കെട്ടിടം നിര്‍മിക്കുന്നതിനാണ് ആയുഷ് വകുപ്പിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപ ആദ്യ ഗഡുവായി അനുവദിച്ചിരുന്നു. ആശുപത്രി ആരംഭിച്ച കാലം മുതല്‍ പേവാര്‍ഡ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. ദിനംപ്രതി ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 300ല്‍പരം രോഗികളാണ് ഇവിടെ ചികില്‍സ തേടിയെത്തുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 50 കിടക്കകള്‍ വീതമുള്ള രണ്ട് പൊതുവാര്‍ഡുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പേവാര്‍ഡില്‍ ലിഫ്റ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ പേവാര്‍ഡാണ് നിര്‍മ്മിക്കുന്നത്. ആശുപത്രിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകരമാകും. നിലവില്‍ ആശുപത്രിയില്‍ ലിഫ്റ്റ് ഇല്ല. രോഗികളെ എടുത്ത് മുകളിലത്തെ വാര്‍ഡുകളില്‍ എത്തിക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്. ലിഫ്റ്റ് നിര്‍മ്മിക്കുന്നതിനായി ജില്ലാ പഞ്ചായത്തില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.