ധര്‍മ്മ സമരത്തിന് സജ്ജരാകാം

Saturday 11 November 2017 8:43 pm IST

ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 200 മീറ്ററോളം പടിഞ്ഞാറുമാറി നിലനില്‍ക്കുന്ന ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രം മല്ലിശ്ശേരി മനയുടെ ഊരാണ്‍മയിലുള്ളതാണ്. മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് നിലവിലെ ഊരാളന്‍. 1970-കളില്‍ തകര്‍ന്നടിഞ്ഞിരുന്ന ക്ഷേത്രം പുനരുദ്ധരിക്കുന്നതിന് സമാജസ്‌നേഹികളായ ചില ഭക്തര്‍ തയ്യാറായി. കാട് വെട്ടിത്തെളിച്ച് ക്ഷേത്രം നിലനിന്നിരുന്ന സ്ഥലം വൃത്തിയാക്കി പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചു. 1973ല്‍ ഗുരുവായൂര്‍ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രഭരണസംഘം രൂപീകരിക്കുകയും 1860ലെ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. അഡ്വ. എന്‍. ദാമോദരമേനോന്‍ (പ്രസിഡണ്ട്), അഡ്വ. പി.വി. രാധാകൃഷ്‌നന്‍ (സെക്രട്ടറി), വി. കൃഷ്ണന്‍കുട്ടി നായര്‍ (വൈ. പ്രസിഡണ്ട്), ജി.എസ്. വെങ്കിടകൃഷ്ണ അയ്യര്‍ (ട്രഷറര്‍), എന്‍. കുട്ടന്‍, രാമവാര്യര്‍ ചൊവ്വല്ലൂര്‍ (ജോ. സെക്രട്ടറിമാര്‍), വടക്കെപ്പാട്ട് ഇക്കണ്ടവാര്യര്‍, ആനേടത്ത് ബാലകൃഷ്ണന്‍ നായര്‍, വീട്ടിക്കുഴി കേശവന്‍ നായര്‍, സി. ഉണ്ണികൃഷ്ണന്‍, വടേക്കര ബാലകൃഷ്ണന്‍ നായര്‍, ചെങ്കാലത്ത് ഗോപാലകൃഷ്ണന്‍ നായര്‍, പഴഞ്ഞിയില്‍ കൃഷ്ണന്‍ നായര്‍, ആലുങ്ങല്‍ വേണുഗോപാലന്‍, മൂത്തേടത്ത് ശേഖരന്‍ നായര്‍ എന്നിവര്‍ ആദ്യകാല പ്രവര്‍ത്തകരാണ്. ശ്രീപാര്‍ത്ഥസാരഥി ഭക്തരുടെ പരിപൂര്‍ണ സഹകരണത്തോടെ കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഫലമായി പാര്‍ത്ഥസാരഥി ക്ഷേത്രം മഹാക്ഷേത്രമായി നവീകരിക്കപ്പെട്ടു. സാക്ഷാല്‍ ശ്രീഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ വരുന്ന ഭക്തര്‍ ശ്രീപാര്‍ത്ഥസാരഥിയെയും കണ്ടുവണങ്ങി അനുഗ്രഹീതരായി. 2008 കാലഘട്ടത്തിലാണ് ക്ഷേത്രവിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ രണ്ടു ജീവനക്കാരെ ഭരണസംഘം പുറത്താക്കുന്നത്. കേരള സര്‍ക്കാര്‍ കുബേര നിയമം കൊണ്ടുവന്നപ്പോള്‍ ബ്ലേഡ് മാഫിയക്കാരനായ ഒരു ജീവനക്കാരന്‍ (ശ്രീകുമാര്‍) നാട്ടുകാരില്‍ നിന്ന് പണയമായി വാങ്ങിയ ആധാരങ്ങളും ചെക്കുലീഫുകളും ക്ഷേത്രത്തില്‍ സൂക്ഷിച്ചു. മറ്റൊരാള്‍ ക്ഷേത്രത്തില്‍ ജീവനക്കാര്‍ക്ക് അനുവദിച്ച മുറിയില്‍ ചെഗുവേരയുടെ ഫോട്ടോ, സിപിഎമ്മിന്റെ കൊടികള്‍, പുസ്തകങ്ങള്‍ എന്നിവ സൂക്ഷിക്കുകയും ക്ഷേത്രത്തിലേക്ക് മദ്യപിച്ചു വരികയും ക്ഷേത്രത്തില്‍ ഛര്‍ദ്ദിക്കുകയുമൊക്കെ ചെയ്യുകയുണ്ടായി. ഇക്കാരണത്താലാണ് ഇരുവരെയും ഭരണസംഘം പുറത്താക്കിയത്. ഇങ്ങനെ പുറത്താക്കപ്പെട്ട ജീവനക്കാരാണ് 2010 നവംബര്‍ എട്ടിന് പാര്‍ത്ഥസാരഥി ക്ഷേത്രഭരണത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് മലബാര്‍ ദേവസ്വംബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ അന്വേഷണം നടത്തുകയും പാര്‍ത്ഥസാരഥി ഭരണസംഘത്തിന്റെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് പാര്‍ത്ഥസാരഥി ക്ഷേത്രം ഭരണസംഘംതന്നെ ഭരണം തുടരട്ടെയെന്ന് 2012 ഫെബ്രുവരി 27ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിടുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് നിയമം അനുസരിച്ച് ഒരു ക്ഷേത്ര ഭരണസമിതിയെക്കുറിച്ച് ലഭിച്ച പരാതിയെ സംബന്ധിച്ച് നടന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കേണ്ടത്. ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണസംഘത്തിനെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കുന്നതിന് പകരം സിപിഎമ്മിന്റെ ഒത്താശയോടെ മേല്‍ജീവനക്കാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും, മുന്‍ സര്‍ക്കാരിന്റെ കാലത്ത് സിപിഎം സമ്മര്‍ദ്ദത്താലും ഭരണ സമ്മര്‍ദ്ദത്താലും മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണര്‍ ക്ഷേത്രത്തിനെതിരെയുള്ള നടപടികള്‍ തുടര്‍ന്നു. 2012 മെയ് മാസം 12-ന് പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണത്തിനുവേണ്ടി സ്‌കീം രൂപീകരിക്കുവാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഉത്തരവിട്ടു. ഇതിനെതിരെ പാര്‍ത്ഥസാരഥി ഭരണസംഘം ചാവക്കാട് സബ് കോടതിയില്‍ അപ്പീല്‍ നല്‍കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടര്‍നടപടികള്‍ ഉണ്ടായില്ല. പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനുശേഷം ആദ്യമായി ഒപ്പിട്ട ഫയലുകളില്‍ ഒന്ന് ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചുള്ളതായിരുന്നു. തുടര്‍ന്ന് 2016 ഓഗസ്റ്റ് 19-ന് മലബാര്‍ ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ പുതിയ സ്‌കീം തയ്യാറാക്കുന്നതിന് ഉത്തരവിട്ടു. ഇതിനെതിരെ ഭരണസംഘം ചാവക്കാട് സബ് കോടതിയിലും തുടര്‍ന്ന് ഹൈക്കോടതിയിലും അപ്പീല്‍ നല്‍കുകയും കേസ് തുടരുകയും ചെയ്തു. മലബാര്‍ ദേവസ്വംബോര്‍ഡ് തയ്യാറാക്കിയ സ്‌കീമിനെതിരെ പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണസംഘം നല്‍കിയ കേസ് ചാവക്കാട് സബ്‌കോടതിയില്‍ നിലനില്‍ക്കുകയാണ്. ഹൈക്കോടതിയിലും ചാവക്കാട് സബ് കോടതിയിലും കേസുകള്‍ നിലനില്‍ക്കെയാണ് 2017 ഏപ്രില്‍ 25ന് മലബാര്‍ ദേവസ്വംബോര്‍ഡ് ഗസറ്റില്‍ നോട്ടിഫൈ ചെയ്യുകയും, ഏപ്രില്‍ 26ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം കയ്യേറുകയും ചെയ്തത്. പാര്‍ത്ഥസാരഥി ഭരണസംഘത്തിന് നോട്ടീസ് നല്‍കാത്തതിനാലും, അവരില്‍നിന്ന് രേഖാമൂലം രേഖകളും ക്ഷേത്ര സ്വത്തുവഹകളും കൈപ്പറ്റുന്നതിന് നിയമം അനുവദിക്കാത്തതുകൊണ്ടും മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറക്കുകയും, ലോക്കര്‍ വെട്ടിപ്പൊളിച്ച് കോടികള്‍ വിലമതിക്കുന്ന തിരുവാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. പക്ഷേ 2017 മെയ്മാസം 29-ന് ഹൈക്കോടതി (ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചില്‍ നിന്ന്) പാര്‍ത്ഥസാരഥി ഭരണസംഘത്തിന് ആന്റി സ്റ്റാറ്റസ്‌കോ നല്‍കുകയും മെയ് 29 മുതല്‍ പാര്‍ത്ഥസാരഥി ഭരണസംഘം ക്ഷേത്രഭരണം തുടരുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് താക്കോലോ തിരുവാഭരണങ്ങളോ തിരിച്ചുനല്‍കാന്‍ തയ്യാറായില്ല എന്നത് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് തെളിവാണ്. ചാവക്കാട് സബ് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതുകൊണ്ട് ഹൈക്കോടതിയില്‍ നിലനിന്നിരുന്ന 18880/16, 15601/17 കേസുകള്‍ മടക്കി കീഴ്‌ക്കോടതി തീരുമാനിക്കട്ടെ എന്ന് 2017 സെപ്തംബര്‍ 16ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് (ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രന്‍, ജസ്റ്റിസ് ഷെര്‍ളി) ഉത്തരവിട്ടു. ഈ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് സെപ്തംബര്‍ 21ന് വന്‍ പോലീസ് സന്നാഹത്തോടുകൂടി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിജു പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കുന്നതിന് എത്തിച്ചേര്‍ന്നത്. പക്ഷേ ഭക്തജനങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും സമയോചിതവും ധീരവുമായ നടപടിമൂലം ക്ഷേത്രം ഏറ്റെടുക്കാന്‍ കഴിയാതെ പോലീസിനും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും മടങ്ങേണ്ടിവന്നു. തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പോലീസ് സംരക്ഷണത്തിനായി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മേല്‍ അപ്പീലില്‍ 2017 നവംബര്‍ ഒന്നിന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ആ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് ആരാധന നടത്തുന്നതിനും, വഴിപാടുകള്‍ കഴിക്കുന്നതിനും ക്ഷേത്രഭരണസംഘമോ ഭക്തജനസംഘടനകളോ തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ ഹര്‍ജിയിലെ രണ്ടാംകക്ഷിയായ ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണറോട് പരാതിപ്പെടാനാണ്. അത്തരത്തില്‍ യാതൊരു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ക്ഷേത്രത്തില്‍ നടക്കുന്നില്ല എന്നിരിക്കെയാണ് നവംബര്‍ മാസം 7-ന് പുലര്‍ച്ചെ 3.30 മുതല്‍ 4.30 വരെയുള്ള കമാന്റോ ഓപ്പറേഷനിലൂടെ പോലീസും മലബാര്‍ ദേവസ്വം ബോര്‍ഡും കൂടി ക്ഷേത്രം കയ്യേറിയത്. ഭക്തജനങ്ങള്‍ക്ക് ചോദിക്കാനുള്ളത് ഏത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാര്‍ത്ഥസാരഥി ക്ഷേത്രം കയ്യേറിയത് എന്നാണ്. ദേവസ്വം മന്ത്രിയും മലബാര്‍ ദേവസ്വം ബോര്‍ഡു പ്രസിഡണ്ടും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ഏറ്റെടുത്തതെന്ന് പറയുന്നു. അങ്ങനെയാണെങ്കില്‍ ആ ഉത്തരവ് പ്രസിദ്ധീകരിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയ്യാറാവണം. അങ്ങനെ ഒരു കോടതി ഉത്തരവുണ്ടെങ്കില്‍ എന്തിനാണ് മോഷ്ടാക്കളെപ്പോലെ ക്ഷേത്രം കയ്യടക്കിയത്. കോടതി ഉത്തരവുമായി പകല്‍ സമയത്ത് മാന്യമായി ക്ഷേത്രത്തിലേക്ക് കയറി വരാമായിരുന്നല്ലോ. 2017 ഏപ്രില്‍ 26നും സെപ്തംബര്‍ 21നും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ കോടതിയലക്ഷ്യപ്രകാരം എന്തുകൊണ്ട് കേസെടുത്തില്ല? ഒരുഭാഗത്ത് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും അതേസമയം ഭാഗികമായുള്ള കോടതി ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ഇത് ദേവസ്വം ബോര്‍ഡിന് ചേര്‍ന്നതല്ല.  കഴിഞ്ഞ 44 വര്‍ഷമായി ഭരിക്കുന്ന ഒരു ട്രസ്റ്റില്‍നിന്ന് ഒരു ക്ഷേത്രം ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനമായ ദേവസ്വം ബോര്‍ഡിന് എന്തുകൊണ്ട് കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ കാത്തിരുന്നുകൂടാ. നിത്യനിദാനത്തിന് വകയില്ലാത്ത അനവധി ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. ഈ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് താല്‍പര്യം കാണിക്കുമോ? അതിന് കേരള സര്‍ക്കാര്‍ ഉത്തരവ് നല്‍കുമോ? മറ്റ് മതസ്ഥാപനങ്ങളുടെ ആരാധനാലയങ്ങളില്‍ എത്രയോ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവിടെ കയറി ചെല്ലാന്‍ കേരള പോലീസ് ധൈര്യം കാണിക്കുമോ? മതേതര സര്‍ക്കാര്‍ ഭരിക്കുന്ന രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രം കയ്യടക്കാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയവും ചെറുക്കപ്പെടേണ്ടതുമാണ്. കേരളത്തില്‍ ഒരു ശക്തമായ ക്ഷേത്രവിമോചന സമരത്തിന് ഭഗവാന്‍ പാര്‍ത്ഥസാരഥി പാഞ്ചജന്യം മുഴക്കിക്കഴിഞ്ഞു. ഭഗവാന്റെ ഗീതോപദേശം ഉള്‍ക്കൊണ്ട് ലക്ഷോപലക്ഷം പാര്‍ത്ഥന്മാര്‍ ധര്‍മ്മസമരത്തിന് സജ്ജരാണ്. ഇനിയും ഈ നിതിനിഷേധത്തിനെതിരെ പ്രതികരിക്കാതിരുന്നുകൂടാ. അതിനൊരു ഭരണകൂടത്തെത്തന്നെ പിഴുതെറിയണമെങ്കില്‍ അങ്ങനെതന്നെയാവട്ടെ. കേരളത്തിലെ സംന്യാസി സമൂഹം ആ ധര്‍മ്മസമരത്തിന് നേതൃത്വം കൊടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ഇനിയും ഒരു ഹൈന്ദവ ക്ഷേത്രം കയ്യേറുവാനുള്ള ധൈര്യം ഒരു ഭരണകൂടത്തിനും ഉണ്ടാകാത്ത തരത്തിലുള്ള വന്‍ ജനകീയ സമരത്തിന് തയ്യാറായേ തീരൂ. (ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍, ഫോണ്‍ : 9744102060)  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.