ടൈക്കോണ്‍ കേരള 2017; സമ്മേളനം സമാപിച്ചു

Saturday 11 November 2017 8:58 pm IST

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യകളുടെ ഉപയോഗവും വ്യവസായ ലക്ഷ്യങ്ങളോടെയുള്ള ഗവേഷണങ്ങളും അന്താരാഷ്ട്രവത്ക്കരണവും സാധ്യമായാല്‍ മാത്രമേ സംസ്ഥാനത്ത് ഉത്തമമായ സംരംഭക കാലാവസ്ഥ രൂപപ്പെടുകയുള്ളുവെന്ന് മുന്‍ നയതന്ത്രജ്ഞനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി ശ്രീനിവാസന്‍ പറഞ്ഞു. ടൈക്കോണ്‍ കേരള 2017 സംരംഭക സമ്മേളനത്തിന്റെ രണ്ടാം ദിവസം യുവ സംരംഭകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗം സംരംഭക രംഗത്ത് കര്‍മ്മോത്സുകത കാണിക്കാന്‍ ഇനിയും വൈകരുത്. വ്യാവസായിക ലക്ഷ്യങ്ങളോടെയുള്ള ഗവേഷണങ്ങളും പേറ്റന്റുകളും സര്‍വ്വകലാശാലകള്‍ പ്രോത്സാഹിപ്പിക്കണം. ഏതു തരത്തിലുള്ള സംരംഭകരെയാണ് തങ്ങള്‍ക്കാവശ്യമെന്ന് ഉന്നത വിദ്യാഭ്യാസ അധികൃതരെ ബോധ്യപ്പെടുത്തണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ജി.വിജയരാഘവന്‍, അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പ്രൊഫ. എബ്രഹാം കോശി, ഫോര്‍ത്ത് ആമ്പിറ്റ് ടെക്‌നോളജീസ് സി.ഇ.ഒ രാഹുല്‍ ദാസ്, എ.സി.ടി അക്കാദമി സി.ഇ.ഒ സന്തോഷ് കുറുപ്പ് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍, വൈസ് പ്രസിഡന്റ് എം.എസ്.എ കുമാര്‍, ധനം പബ്ലിക്കേഷന്‍സ് എം.ഡി കുര്യന്‍ എബ്രഹാം, ടൈ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിങ് കമാന്‍ഡര്‍ കെ. ചന്ദ്രശേഖര്‍ എന്നിവരും സംസാരിച്ചു.