ചെന്നിത്തലയ്ക്ക് എതിരെ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി

Saturday 11 November 2017 9:50 pm IST

കോഴിക്കോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആരോപണവുമായി കോഴിക്കോട് മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ബ്ലാക്ക് മെയില്‍ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കരുക്കള്‍ നീക്കിയത് രമേശ് ചെന്നിത്തലയാണെന്നും അദ്ദേഹത്തെ പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്നും മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സോളാര്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കേണ്ട ചുമതല പാര്‍ട്ടിക്കില്ല. തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം നിശബ്ദരാക്കുന്ന നിലപാടാണ് ചെന്നിത്തല സ്വീകരിക്കുന്നത്. ഈ കാരണത്താലാണ് വി.എം. സുധീരന് കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത്. കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് 2016ല്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. പ്രതിപക്ഷനേതാവിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് വേണ്ടി സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി പൊതുയോഗങ്ങള്‍ നടത്തും. 13ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് മുതലക്കുളത്തും 20ന് തിരുവനന്തപുരത്തും 25ന് തൃശൂരിലും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും തിരുവള്ളൂര്‍ മുരളി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.