മണ്ഡലകാലം കൃഷ്ണഭജനകാലം

Sunday 12 November 2017 8:00 pm IST

മധ്യകേരളത്തിന്റെ നീലാകാശം മേലാപ്പുചാര്‍ത്തിയിരുന്ന ഒരു നാട്ടിന്‍പുറം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഓടുമേഞ്ഞ ഒരു പഴയവീട്ടിലെ ചെത്തിത്തേയ്ക്കാത്ത ചുമരില്‍ തൂക്കിയിട്ട ആലിലകൃഷ്ണന്റെ കലണ്ടര്‍ ചിത്രത്തിനു മുന്നില്‍ കൊളുത്തിവച്ച സന്ധ്യാദീപം. തൊഴുതു വണങ്ങി, അമ്മയ്‌ക്കൊപ്പമിരുന്നു മൂവന്തിപ്രാര്‍ത്ഥന നടത്തുന്ന, ഭസ്മക്കുറിയുള്ള ഒരു വള്ളിട്രൗസറുകാരന്‍ എണ്‍പതിന്റെ പടികടന്നു നില്‍ക്കുന്ന എന്റെ ഓര്‍മയിലേക്ക് ഈ കുറിപ്പെഴുതാന്‍ നേരം ഓര്‍ക്കാപ്പുറത്ത് ഓടിയെത്തുന്നു. എഴുതാനും വായിക്കാനുമറിയാത്ത എന്റെ അമ്മ ആ വേളയില്‍ എനിക്ക് ചൊല്ലിത്തരാറുള്ള ഭക്തിസ്തവങ്ങള്‍, അവര്‍ ആരില്‍നിന്നൊക്കെയോ കേട്ടുപഠിച്ച കൃഷ്ണഗാഥയിലെ ഈരടികളായിരുന്നുവെന്ന് അന്നെനിക്കറിയില്ലായിരുന്നു. ഗാഥാശീലുകള്‍ക്കനുബന്ധമായി ഇത്തിരിപ്പൂവേ ചുവന്നപൂവേ മണ്ഡലകാലം നീയെങ്ങുപോയി? മാര്‍കഴി മഞ്ഞില്‍ കുളിച്ചുകേറി തൃച്ചംബരത്തു ഭജിക്കയാര്‍ന്നോ? എന്നുമുള്ള നാടന്‍ ശീലുകളുമുണ്ടാവും. ഏഴര പതിറ്റാണ്ടിനപ്പുറം ഇരുന്ന്, നിരക്ഷരരായ ഒരുകൃഷ്ണ ഭക്ത ചൊല്ലിത്തന്ന ആ പ്രാര്‍ത്ഥനാ ശീലുകള്‍ എന്റെ മനസ്സില്‍ കൃഷ്ണ ഭക്തിത്തിളക്കത്തിന്റെ കെടാനാളങ്ങളായി നിലനിന്നു. അവയുണര്‍ത്തിയ വിളര്‍വെട്ടത്തിലാണ് ശ്രീമദ്ഭാഗവതവും ദേവീഭാഗവതവും നാരദീയപുരാണവും വിഷ്ണുപുരാണവും ഗര്‍ഗഭാഗവതവും കൃഷ്ണഗാഥയുമെല്ലാം പൂണ്ടടക്കംകൊണ്ട കൃഷ്ണപ്രസാദത്തിന്റെ ഭാവബന്ധുരതയെ പില്‍ക്കാലം എന്റെ എളിയ ബുദ്ധി തൊട്ടറിയുന്നത്. അതിന്റെഫലമായി എന്റെ ഭാവന ഉരുത്തിരിച്ചെടുത്ത കാര്‍വര്‍ണപ്പകിട്ടിന്റെ അനലംകൃതമായ വാക്കുകള്‍ ഇവിടെ ഭാവുകര്‍ക്കായി കുറിച്ചുവക്കുന്നു. ഭഗവദ്ഗീതയിലെ വിഭൂതിയോഗത്തില്‍ ഭഗവാന്‍ പറയുന്നുണ്ട്. മാസാനാം മാര്‍ഗശീര്‍ഷോളഹം..... ചൈത്രമാസങ്ങളില്‍ മകീരവും പൂര്‍ണചന്ദ്രനും യോജിച്ചുവരുന്ന മാര്‍ഗശീര്‍ഷമാണ് ഞാന്‍ എന്നു ഭഗവാന്‍ അവകാശപ്പെടുമ്പോള്‍, മാര്‍കഴിമഞ്ഞില്‍ കുളിച്ചീറന്‍ മാറി, തൃച്ചംബരത്തു ഭജിക്കാനിരുന്ന, കാലാതിവര്‍ത്തിയായ ആ ഇത്തിരിപ്പൂവിന്റെ കതിര്‍മ മനോമുകുരത്തില്‍ തിളക്കം കൊള്ളുന്നു. ചെമന്ന ചെമ്പരത്തിപ്പൂവിനോടു സാമ്യമുള്ള ത്രിസന്ധിപ്പൂവാണ് ആ ഇത്തിരിപ്പൂവെന്ന് കൃഷ്ണഗാഥാകാരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് തൃച്ചംബരത്തു ഭജിച്ചിരുന്ന മണ്ഡലകാലത്തിന്റെ തുടക്കത്തിലാണ്, യാദവരുടെ ഇടയില്‍ കലഹമുണ്ടാക്കി അവരെ പരസ്പരം സംഹരിപ്പിക്കാമെന്നും അതിനുശേഷം തനിക്ക് സ്വധാമത്തിലേക്ക് മടങ്ങാമെന്നും സത്യസങ്കല്‍പനായ ഭഗവാന്‍ നിശ്ചയിക്കുന്നതെന്നു നാരദീയ പുരാണം സൂചിപ്പിക്കുന്നു. യാദവനാശത്തിന്റെ അന്ത്യത്തിലാണ് ഭഗവാന്‍, തന്റെ മാതാപിതാക്കളെ പ്രഭാസതീര്‍ത്ഥക്കരയിലെ സോമനാഥസന്നിധിയിലെത്തിക്കുന്നതെന്നും അവിടെനിന്ന് പോരുന്ന അവിടുന്ന് അവതാരം സാധിച്ചുവെന്ന സംതൃപ്തിയോടെ നേരെ മോക്ഷലോകം പൂകുകയാണെന്നും ഗര്‍ഗഭാഗവതത്തില്‍ കാണാം. ഭഗവാന്‍ മോക്ഷലോകം പൂകിയ കാര്യം തല്‍ക്കാലം മാതാപിതാക്കള്‍ അറിയേണ്ടതില്ലാ എന്നു നിനയ്ക്കുന്ന ഗര്‍ഗാചാര്യന്‍, അവര്‍ക്ക് മണ്ഡലകാലം മുഴുവന്‍ കൂട്ടിരുന്നുകൊണ്ട് ഭഗവദ് കഥകള്‍ ചൊല്ലിക്കൊടുക്കുന്നു; അകത്തു കൂട്ടലിന്റെ നാല്‍പ്പത്തൊന്നു ദിവസം കഴിയുമ്പോഴാണ് ഭഗവാനും ബലരാമനും മോക്ഷലോകം പൂകിയെന്ന വിവരം അവരെ അറിയിക്കുന്നത്. ഭാഗവതത്തില്‍ ഇങ്ങനെ കാണാം. ദേവകീ രോഹിണീ ചൈവ വസുദേവസ്തഥാ സുതൗ കൃഷ്ണരാമാവപശ്യന്തഃ ശോകാര്‍ത്താ വിജൂഹുഃ സ്മൃതിം ദേവകിയും രോഹിണിയും വസുദേവരും കൃഷ്ണനേയും ബലരാമനെയും ഇനിയൊരിക്കലും കാണാനാവില്ലല്ലോ എന്ന ദുഃഖത്തിന്റെ തീവ്രതകൊണ്ട് ബോധംകെട്ടു വീണു: അബോധാവസ്ഥയില്‍ത്തന്നെ പ്രാണനെ ഉപേക്ഷിച്ചു... മരിച്ച വ്യക്തികളുടെ മക്കളോ പേരമക്കളോ ആണല്ലോ ബലികര്‍മങ്ങളനുഷ്ഠിക്കേണ്ടത്. ഭഗവാന്റെയും ബലരാമന്റെയും മക്കളും പേരമക്കളും പരലോകം പൂകിയതിനാല്‍, ബലികര്‍മത്തിനു ആളില്ലാതെ വന്നു; യദുകുലത്തില്‍ ആരും അവശേഷിക്കുന്നില്ലല്ലോ. അച്ഛനമ്മമാര്‍ ജീവിച്ചിരിക്കെയാണ് ഭഗവാനും ബലരാമനും ഇഹലോകം വെടിഞ്ഞത്; പക്ഷേ, മക്കള്‍ക്കായി ബലികര്‍മം നടത്താന്‍ മാതാപിതാക്കള്‍ക്കാവില്ലല്ലോ. അതിനൊരു പരിഹാരമായി ഗര്‍ഗാചാര്യന്‍ മണ്ഡലകാലമായ നാല്‍പ്പത്തൊന്നു ദിവസം ശ്രുതിതര്‍പ്പണരീത്യാ ഭഗവദ്കഥകള്‍ കേള്‍പ്പിച്ചുകൊണ്ട് അവരെ ബലിപ്പുലയാചരിപ്പിക്കുകയും അകത്തുകൂട്ടലിന്റെ ഫലം നിവര്‍ത്തിക്കുകയായിരുന്നുവെന്നും ശ്രുതിചന്ദ്രികയില്‍ പരാമര്‍ശമുണ്ട്. യുഗപ്രഭാവനായ ഗര്‍ഗാചാര്യന്റെ വഴി പിന്തുടര്‍ന്നുകൊണ്ടാവണം, പഴംപാട്ടുകാരന്‍ ഇത്തിരിപ്പൂവിനെ മണ്ഡലകാലത്ത് തൃച്ചംബരത്തു ഭജിക്കാനയച്ചത്. വില്വമംഗലം സ്വാമിയാരും കുറൂരമ്മയും മണ്ഡലകാലത്ത് ഭഗവാനെ ഗുരുവായൂരില്‍ ഭജിച്ചിരുന്നുവെന്നു കേള്‍വിയുണ്ട്. ആ 'സംസ്‌കൃതി' നോറ്റ്, മണ്ഡലകാലം നമുക്ക് കൃഷ്ണഭജനകാലമാക്കിക്കൂടേ? അതിനായി, ഇതിഹാസ കഥയിലെ ദേവകീപരിണയം മുതല്‍ കംസസദ്ഗതി വരെയുള്ള കഥാസന്ദര്‍ഭങ്ങളെ 41 ഖണ്ഡങ്ങളാക്കി ഇഴപിരിച്ച് അവതരിപ്പിക്കുന്നു. ഈ വാങ്മയം ഭഗവദ്‌സാന്നിദ്ധ്യം നോല്‍ക്കുന്ന അക്ഷരാര്‍ച്ചനയാവും.

വായിച്ചു തുടങ്ങാം- നാളെ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.