ഈ മൗനം മരണമാണ്

Monday 13 November 2017 12:29 pm IST

1. ദീപ ചെറിയാനെ പോലീസ്റ്റ് അറസ്റ്റ് ചെയ്യുന്നു 2.​ ബെസ്റ്റിന്‍,​ ബെക്‌സണ്‍,​ മെറിന്‍

2010 ജൂലൈ നാലിന് വെട്ടിമാറ്റപ്പെട്ട പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ ഭയപ്പെടുത്തുന്ന എക്കാലത്തെയും ഓര്‍മ്മയാണ്. മതനിന്ദയാരോപിച്ച് പ്രൊഫസര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് ഇടത് സര്‍ക്കാരും, മകനെ കസ്റ്റഡിയിലെടുത്ത് തല്ലിച്ചതച്ച് പോലീസും, കോളജിലേക്ക് മാര്‍ച്ച് നടത്തി കുട്ടിക്കോണ്‍ഗ്രസ്സുകാരും പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ആക്രമണത്തിന് ആവേശം പകര്‍ന്നു.

പ്രവാചകനെ നിന്ദിച്ച പ്രൊഫസര്‍ വിഡ്ഢിയെന്നായിരുന്നു സിപിഎം നേതാവ് എം. എ. ബേബിയുടെ പ്രതികരണം. അധ്യാപകനെ പുറത്താക്കിയും ആനുകൂല്യം നിഷേധിച്ചും കൈവെട്ടുകാര്‍ക്ക് പിന്നാലെ സഭയും ജോസഫിനെ വേട്ടയാടി. അരുതെന്ന് പറയാന്‍ ആരുമില്ലാതായപ്പോള്‍ ഭാര്യ സലോമി ആത്മഹത്യയില്‍ അഭയം തേടി. മതഭ്രാന്തരാല്‍ കൈപ്പത്തി നഷ്ടപ്പെട്ടതല്ല, ഹൃദയശൂന്യമായ സഭയുടെ നിലപാടില്‍ ഭാര്യയെ നഷ്ടപ്പെട്ടതാണ് തന്റെ ജീവിതത്തെ ഇരുട്ടിലാക്കിയതെന്ന് പ്രൊഫ. ജോസഫ് ഇപ്പോഴും പറയും. കൈവെട്ടുകാരുടെ താലിബാനിസത്തോട് സമരസപ്പെട്ട ക്രൈസ്തവ സമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് മതംമാറ്റ ഭീകരതയിലെ അവരുടെ ഭയാനകമായ മൗനം.

മുസ്ലിം മതമാറ്റ ഭീകരതയുടെ ഇരകള്‍ ഹിന്ദുക്കള്‍ മാത്രമല്ല, മതഭീകരവാദികള്‍ ലക്ഷ്യമിട്ട ‘കാഫിറു’കളില്‍ ക്രിസ്ത്യാനികളുമുണ്ട്. 2009ല്‍ ലൗ ജിഹാദ് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് കാരണമായ രണ്ട് പ്രണയംമതംമാറ്റ കേസുകളില്‍ ഒന്നില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയായിരുന്നു ഇര. നാല് വര്‍ഷത്തിനിടെ നാലായിരത്തോളം പെണ്‍കുട്ടികള്‍ പ്രണയ- മതംമാറ്റത്തിനിരയായെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ചൂണ്ടിക്കാട്ടി. (ഇന്ത്യന്‍ എക്‌സ്പ്രസ് 2009 ഡിസംബര്‍ 10).

എന്നാല്‍ അന്നത്തെ ഇടത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്താല്‍ റിപ്പോര്‍ട്ട് തിരുത്തി നല്‍കിയ പോലീസ് കോടതിയുടെ ഇടപെടലിനെ കുഴിച്ചുമൂടി. കേരളത്തില്‍നിന്ന് അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തിലെത്തിയവരില്‍ നാല് പേര്‍ മതംമാറിയവരാണ്. ഇതില്‍ മൂന്ന് പേര്‍ (കൊച്ചിയിലെ മെറിന്‍, പാലക്കാട്ടെ സഹോദരങ്ങളായ ബെക്‌സണ്‍, ബെസ്റ്റിന്‍) ക്രിസ്ത്യാനികളും.

തിരുവനന്തപുരത്തെ നിമിഷയാണ് മറ്റൊരാള്‍. ലക്ഷ്‌കറെ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ തടിയന്റവിട നസീറിന് സിം കാര്‍ഡ് കൈമാറിയതിന് അറസ്റ്റിലായ ഷാഹിന മതംമാറിയ ദീപ ചെറിയാന്‍ എന്ന ക്രിസ്ത്യാനിയാണ്. കാണാതായവരും ദുരൂഹ മരണം കവര്‍ന്നെടുത്തവരുമടക്കം പുറത്തറിയാത്ത നൂറ് കണക്കിന് ഇരകള്‍ ദൈവത്തിന്റെ കണക്കുപുസ്തകത്തില്‍ ഇനിയുമുണ്ട്. അപമാന ഭയത്താല്‍, വിദേശത്ത് ജോലിയാണെന്ന് സമൂഹത്തെ വിശ്വസിപ്പിച്ച് മകള്‍ വരുന്നതും കാത്തിരിക്കുന്ന അച്ഛനമ്മമാരുണ്ട്. അനൗദ്യോഗിക അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈസ്തവ സഭകള്‍ക്ക് ലഭിച്ചിട്ടുള്ളത്.

പ്രണയമതംമാറ്റ ഭീകരതയ്‌ക്കെതിരെ ക്രൈസ്തവ സമൂഹത്തില്‍നിന്നുള്ള ആദ്യത്തെ ധീരവും പ്രകടവുമായ പ്രതികരണമുണ്ടായത് കെസിബിസി (കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍) യുടെ ഔദ്യോഗിക ജിഹ്വയായ ‘ജാഗ്രത’യിലായിരുന്നു. 2009 ഒക്ടോബറില്‍ ‘പ്രണയ തീവ്രവാദം: മാതാപിതാക്കള്‍ ജാഗരൂകരാകണ’മെന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ നാല് പേജുള്ള സര്‍ക്കുലര്‍ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലിം മതതീവ്രവാദികള്‍ പ്രണയത്തിലൂടെ മതംമാറ്റി തീവ്രവാദ പ്രവര്‍ത്തത്തിന് ഉപയോഗിക്കുന്നതായി തുറന്നടിച്ചു. ”2005 മുതല്‍ നാലായിരത്തിലേറെ പെണ്‍കുട്ടികള്‍ പ്രണയത്തില്‍ കുടുങ്ങി മതംമാറ്റത്തിന് വിധേയരായിട്ടുണ്ടെങ്കില്‍ അതിനുപിന്നില്‍ ആസൂത്രിതമായ ചില ശ്രമങ്ങള്‍ ഉണ്ടാകും. അത്തരം അന്വേഷണം ചെന്നെത്തുന്നത് ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളിലേക്കാണ്.

മംഗലാപുരത്ത് നഴ്‌സിങ് പഠനത്തിന് പോയ ക്രിസ്ത്യന്‍, ഹൈന്ദവ പെണ്‍കുട്ടികളെ പ്രണയത്തില്‍ കുരുക്കി തങ്ങളുടെ ഒപ്പം ചേര്‍ത്താണ് ലൗ ജിഹാദികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇഷ്ടപ്പെട്ട പുരുഷനോടൊത്തുള്ള ജീവിതം സ്വപ്‌നം കണ്ട് വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങിത്തിരിക്കുമ്പോഴാണ് തങ്ങളെ കാത്തിരിക്കുന്ന യാഥാര്‍ത്ഥ്യം ഇവര്‍ തിരിച്ചറിയുന്നത്.

മതപരിവര്‍ത്തനം നടക്കുന്നതോടെ പെണ്‍കുട്ടികള്‍ പര്‍ദ്ദക്കുള്ളിലേക്ക് മാറ്റപ്പെടുന്നു. ഇവര്‍ അനുഭവിച്ചിരുന്ന എല്ലാവിധ സ്വാതന്ത്ര്യവും ഇല്ലാതാകുന്നു. പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ വരെയുള്ള ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെടുന്നു. തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ടവരുടെയെല്ലാം ലൈംഗിക താല്‍പര്യം സാധിക്കുന്നതിനുള്ള ഉപകരണമായി മാറുന്നു.” കെസിബിസി സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സ് കമ്മീഷന്‍ സെക്രട്ടറി ഫാ.ജോണി കൊച്ചുപറമ്പില്‍ എഴുതിയ ജാഗ്രതയിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ലൗ ജിഹാദിനെതിരെ വിശ്വഹിന്ദു പരിഷത്തുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (സിഎഎസ്എ) എന്ന സംഘടനയും അന്ന് വ്യക്തമാക്കി. ഹിന്ദുവിനെയും ക്രിസ്ത്യാനികളെയും ഒരു പോലെ ബാധിക്കുന്ന പ്രശ്‌നമാണെന്നും, നിരവധി സംഭവങ്ങളില്‍ വിഎച്ച്പിയുടെ സഹായം ലഭിച്ചതായും സിഎഎസ്എ ഭാരവാഹി കെ.എസ്. സാംസണ്‍ പറഞ്ഞതായി 2009 ഒക്ടോബര്‍ 13ലെ ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. കെസിബിസിയുടെ പരസ്യ നിലപാട് സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കിയതോടെ ചില മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. ഇതോടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജാഗ്രതയെ തള്ളിപ്പറഞ്ഞ് കെസിബിസി മലക്കം മറിഞ്ഞു.

വിവിധ ജില്ലകളില്‍നിന്നുള്ള കണക്കുകള്‍ ഉള്‍പ്പെടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ സ്വഭാവസവിശേഷതകളുള്ള വിവരങ്ങളാണ് ജാഗ്രത പ്രസിദ്ധീകരിച്ചത്. കെസിബിസിയുടെ സംവിധാനമുപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്. അതിനാല്‍ ജാഗ്രതയിലെ നിലപാട് ഫാ.ജോണി കൊച്ചുപറമ്പിലിന്റേത് മാത്രമാണെന്ന് കരുതുക സാധ്യമല്ല. നിലപാട് മാറ്റിയത് സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കെസിബിസിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഭീഷണിയായിരുന്നു യഥാര്‍ത്ഥ കാരണമെന്ന് ബന്ധപ്പെട്ടവര്‍ രഹസ്യമായി പറയുന്നു. പാലാരിവട്ടത്തെ കെസിബിസി ആസ്ഥാനത്ത് ചില മുസ്ലിം സംഘടനാ പ്രതിനിധികളെത്തി ബഹളമുണ്ടാക്കി. ഫാ.ജോണി കൊച്ചുപറമ്പിലിനും മറ്റ് ഭാരവാഹികള്‍ക്കും ഫോണിലൂടെ ഭീഷണികള്‍ വേറെയും. രാഷ്ട്രീയ പാര്‍ട്ടികളുടെയോ മാധ്യമങ്ങളുടെയോ പിന്തുണയില്ലാത്ത വിഷയത്തില്‍ നിലനില്‍പ്പിനായി നിലപാട് തിരുത്താന്‍ കെസിബിസി നിര്‍ബന്ധിതരായി.

നിമിഷ (ഫാത്തിമ)യുടെ അമ്മ ബിന്ദു വലിയൊരു പോരാട്ടത്തിന്റെ പാതയിലാണ്. മകളെ തിരിച്ചെത്തിക്കാനുള്ള ആ അമ്മയുടെ പോരാട്ടമാണ് മരണാനന്തര സ്വര്‍ഗ്ഗത്തിനായി ഭൂമിയെ നരകമാക്കുന്നവരുടെ വിശുദ്ധ യുദ്ധങ്ങള്‍ സമൂഹം ഇത്രത്തോളം ചര്‍ച്ച ചെയ്യാന്‍ ഇടയാക്കിയത്. കനല്‍വഴികള്‍ താണ്ടുമ്പോഴും ഒരു തീവ്രവാദിക്കും മകളെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ അഖിലയുടെ അച്ഛന്‍ അശോകനും തയ്യാറായി. ബിന്ദുവിനും അശോകനുമൊപ്പം ജിഹാദികള്‍ക്കെതിരായ കുരിശു യുദ്ധത്തില്‍ അണിചേരേണ്ടവരായിരുന്നു മെറിന്റെയും ബെക്‌സന്റെയും ബെസ്റ്റിന്റെയും മാതാപിതാക്കള്‍. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.

ഐഎസ് റിക്രൂട്ട്‌മെന്റ് വാര്‍ത്ത പുറത്തുവന്നയുടന്‍ പ്രതികരണത്തിനായി മെറിന്റെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരെ പ്രദേശത്തെ മതമൗലികവാദികള്‍ വിരട്ടിയോടിച്ചിരുന്നു. പിന്നീടവര്‍ മാധ്യമങ്ങള്‍ക്ക് മുഖംകൊടുത്തിട്ടില്ല. പിന്തുണയ്‌ക്കേണ്ടിയിരുന്ന ക്രൈസ്തവ സമൂഹത്തിന്റെ പ്രതിനിധികള്‍ അപ്പോഴും മൗനം മറയാക്കി. ചെറുതെങ്കിലും ആശാവഹമായ പ്രതികരണങ്ങള്‍ ഇപ്പോള്‍ ഉയരുന്നുണ്ട്. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പ് മാത്യു മാര്‍ ഗ്രിഗോറിയസ് വ്യക്തമാക്കുന്നു. ”ഇത് പ്രണയമല്ല, മതത്തിലെ എണ്ണം കൂട്ടാനുള്ള പദ്ധതിയാണ്. ദിവസേന നിരവധി മാതാപിതാക്കളും ബന്ധുക്കളുമാണ് ആശങ്കയുമായെത്തുന്നത്”. ലൗ ജിഹാദിനെതിരെ ക്രിസ്ത്യന്‍ ഹെല്‍പ് ലൈനും പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ ഇരകളാണെന്ന് ദേശീയ കണ്‍വീനര്‍ രഞ്ജിത് അബ്രഹാം തോമസ് പറയുന്നു.

‘സയനൈഡ് സൈനബ’മാരുടെ ചതിക്കുഴികള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും കാത്തിരിക്കുന്നുണ്ട്. ‘ഇമോഷണല്‍ കിഡ്‌നാപ്പിങ്ങി’ലൂടെ സത്യസരണിയിലും വിദേശഭീകരകേന്ദ്രത്തിലും എത്തിപ്പെട്ടവരില്‍ ക്രൈസ്തവ സഹോദരിമാരുമുണ്ട്. മനുഷ്യാവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മറവില്‍ അശോകന്റെ വീട്ടുപടിക്കലേക്ക് ആക്രോശിച്ചെത്തുന്ന ‘റെഡ് ജിഹാദി’കള്‍ വരാനിരിക്കുന്ന വലിയ വിപത്തിന്റെ പ്രതിരൂപങ്ങളാണ്. വളര്‍ത്തി വലുതാക്കിയ മക്കളെ മതസ്വാതന്ത്ര്യത്തിന്റെ മറവില്‍ കവര്‍ന്നെടുക്കാന്‍ ഒരു ജിഹാദിയെയും അനുവദിക്കരുത്. അവാര്‍ഡുകളും അവസരങ്ങളും നുണയാന്‍ വഹാബികളുടെ അംബാസഡര്‍മാരാകുന്ന സച്ചിദാനന്ദന്‍മാരും സക്കറിയമാരും ഉണ്ടാകും. കൈവെട്ടോര്‍മ്മയുടെ ഭൂതകാലം ഒരുപക്ഷേ ഭയപ്പെടുത്താന്‍ ആയുധമാക്കിയേക്കാം. എങ്കിലും കുഞ്ഞാടുകള്‍ കൂട്ടത്തോടെ ഭീകരകേന്ദ്രങ്ങളിലേക്ക് ആട്ടിത്തെളിക്കപ്പെടുമ്പോള്‍ പാലിക്കുന്ന നിശ്ശബ്ദത മരണത്തിന് തുല്യമാണ്.

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് മലയാളിയായ മതതീവ്രവാദി നേതാവ് ചായ മൊത്തിക്കുടിച്ച് മൊഴിയുന്നത് അടുത്തിടെയാണ് ദേശീയ ചാനല്‍ ഒളിക്യാമറയിലൂടെ പുറത്തുവിട്ടത്. വിശുദ്ധ യുദ്ധത്തിന് വിദേശ പണം ഹവാലയായി നാട്ടിലേക്കൊഴുകുന്നുണ്ടത്രെ! മതപരിവര്‍ത്തനമോ, അതെന്താണെന്ന് ചോദിച്ചിരുന്ന ‘ജിഹാദി മാഡം’ എങ്ങനെയൊക്കെ മതംമാറ്റാമെന്ന് ക്ലാസ്സെടുക്കുന്നതും ഒളിക്യാമറയില്‍ പതിഞ്ഞു. മഞ്ചേരിയിലെ സത്യസരണി മതംമാറ്റ ഫാക്ടറിയാണെന്നും ‘മാഡം’ വ്യക്തമാക്കി. ജിഹാദി ഭീകരതയുണ്ടെന്ന് പറഞ്ഞാല്‍, ആളെക്കൂട്ടാന്‍ പ്രണയിച്ചും വഞ്ചിച്ചും മതംമാറ്റം നടത്തുന്നുണ്ടെന്ന് പറഞ്ഞാല്‍, കേരളത്തെ അപമാനിക്കലാവുമെന്ന രാഷ്ട്രീയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കള്‍ ഒളിക്യാമറ തുറന്നുവിട്ട യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചു.

ഉത്തരേന്ത്യന്‍ ജീവിതങ്ങളെ ‘മുഖ്യധാര’യിലെത്തിക്കാന്‍ കഷ്ടപ്പെടുന്ന മലയാള മാധ്യമങ്ങള്‍ക്കും, പ്രബുദ്ധ കേരളത്തിലെ ജിഹാദി ഭീകരതയുടെ വിസ്‌ഫോടനാത്മക ദൃശ്യങ്ങള്‍ ബ്രേക്കിങ് ന്യൂസായില്ല. സിപിഎമ്മും കോണ്‍ഗ്രസ്സും മാധ്യമങ്ങളും മൗനത്തിന് പിന്നിലൊളിക്കുന്നതില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളുണ്ട്. അതത്ര പുതുമയുള്ളതോ എളുപ്പത്തില്‍ മാറ്റം പ്രതീക്ഷിക്കാവുന്നതോ അല്ല. അതിലേറെ അസാധാരണത്വവും അവിശ്വസനീയതയും ഉളവാക്കുന്നതാണ് മതേതര സമൂഹത്തിന്റെ വര്‍ഷങ്ങളായുള്ള നിശ്ശബ്ദത. മതംമാറ്റഭീകരതയുടെ ആശങ്ക ഏതെങ്കിലും സമുദായത്തിന്റെ കള്ളികളില്‍ വേര്‍തിരിച്ച് നിര്‍ത്തേണ്ടതല്ല.

പൊതുസമൂഹത്തിന്റെയാകെ ആശങ്കയാണത്. പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും മുസ്ലിം ലീഗും നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലിലാക്കാനും, പൊതുസമൂഹം തിരസ്‌കരിക്കാനും മാത്രമാണ് ഇടയാക്കുന്നത്. ഹമീദ് ചേന്നമംഗലൂരും ജാമിദ ടീച്ചറുമൊക്കെ ഈ വിപത്ത് തിരിച്ചറിയുന്നവരാണ്. മതംമാറ്റ ഭീകരതയ്‌ക്കെതിരെ മതേതര സമൂഹത്തിന്റെ യോജിച്ചുള്ള പ്രതിരോധമാണ് കാലം ആവശ്യപ്പെടുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.