ഈ ആദര്‍ശ നദി വെറും അഴുക്കുചാല്‍

Sunday 12 November 2017 9:51 pm IST

കണ്ണൂര്‍ മുക്കത്ത്, ഗെയില്‍ പ്രകൃതി വാതക പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ജമാ അത്തെ ഇസ്ലാമി,അതേ പദ്ധതിക്കായുള്ള പൈപ്പ് സൂക്ഷിക്കാന്‍ ഭൂമി നല്‍കിയ വകയില്‍ സ്വന്തം നിയന്ത്രണത്തിലുള്ള ട്രസ്റ്റ് വഴി കൈപ്പറ്റുന്നത് ലക്ഷങ്ങളാണെന്നുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. കണ്ണൂര്‍ ഇരിക്കൂര്‍ കൊളപ്പയില്‍ ജമാ അത്തെ ഇസ്ലാമി നിയന്ത്രണത്തിലുള്ള പറമ്പിലാണ് ഗെയില്‍ പദ്ധതിക്കാവശ്യമായ ഹൈ കാര്‍ബണ്‍ അലോയ് പൈപ്പുകള്‍ സൂക്ഷിക്കാന്‍ നല്‍കിയിരിക്കുന്നത്. ഗെയില്‍ പൈപ്പിന്റെ യാര്‍ഡായി ,ഭൂമി വാടകക്ക് വിട്ടുനല്‍കിയതിന് ആ സംഘടനയുടെ കീഴിലുള്ള ട്രസ്റ്റിനു വാടകയിനത്തില്‍ ലഭിക്കുന്നത് കോടികളാണ്. ഇതോടെ പൈപ്പ് ലൈ ന്‍ വിരുദ്ധ സമരം ലാഭം മുന്നി ല്‍ കണ്ടാണെന്നു വ്യക്തമാകുന്നുണ്ട്. 2012 മുതല്‍ ആ സംഘടനയുടെ കീഴിലുള്ള സ്ഥലത്താണ് പൈപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്. സമരം നീണ്ടുപോയാല്‍ കുറേക്കാലം കൂടി പൈപ്പുകള്‍ തങ്ങളുടെ ഭൂമിയില്‍ത്തന്നെ സൂക്ഷിക്കാമെന്നും അങ്ങനെ വരുമാനം വര്‍ധിപ്പിക്കാമെന്നും ആ സംഘടന കണക്കുകൂട്ടിയിട്ടുണ്ടാകാമെന്നുമുള്ള വിമര്‍ശത്തിനു യുക്തിസഹമായ മറുപടി പറയാന്‍ ജമാ അത്തെ ഇസ്ലാമിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പൈപ്പ് ലൈനുകള്‍ പൂര്‍ത്തിയാകുന്നതോടെ വരുമാനം നഷ്ടമാകുമെന്നതാണ് സമരത്തിന് ഒരു പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സമരരംഗത്തെ സാന്നിധ്യത്തിന്റെ ഗൂഢലക്ഷ്യവും ഇതോടെ പുറത്തുവന്നു. ഭാരതത്തിനു പൊതുവെയും, കേരളത്തിന് പ്രത്യേകിച്ചുമുള്ള നവോത്ഥാന മുന്നേറ്റത്തിന്റെ പാരമ്പര്യത്തെ തച്ചുടച്ച് യാഥാസ്ഥിതിക മതമൗലിക വാദത്തിന്റെ വിത്തുവിതയ്ക്കാന്‍ ശ്രമിക്കുന്ന ജമാ അത്തെ ഇസ്ലാമി പൊതുസമൂഹത്തിനു മുന്നില്‍ ഈ വിധം അപഹാസ്യരാവുന്നത് ആദ്യമല്ല. ജാത്യാചാരങ്ങളുടെയും പാരതന്ത്ര്യത്തിന്റേയും ഇരുണ്ട കോട്ടകൊത്തളങ്ങളില്‍ നിന്ന് ഒരു പുരുഷായുസ്സു മുഴുവന്‍ പകരം നല്‍കി നവോത്ഥാനനായകര്‍ മോചിപ്പിച്ചുകൊണ്ടുവന്ന ഇന്ത്യന്‍ ദേശീയതയെ, 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന അപകടകരമായ മുദ്രാവാക്യമുയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിച്ച ചരിത്രം അതിനുണ്ട്. പിന്നീടൊരിക്കല്‍ 'മുസ്ലിംവൃക്ക ആവശ്യമുണ്ട്' എന്ന പരസ്യം ഔദ്യോഗിക മാധ്യമം വഴി പുറത്തുവന്നപ്പോള്‍, ജനാധിപത്യത്തിന്റെ പട്ടുതുണിയിട്ടു മൂടിവച്ചിരിക്കുന്ന അതിന്റെ പഴുത്തു നാറുന്ന വ്രണത്തിന്റെ ദുര്‍ഗന്ധം തന്നെയാണ് വെളിപ്പെട്ടത്. ഈവിധം പലപ്പോഴും തങ്ങളുടെ യഥാര്‍ത്ഥ മുഖം പുറത്തുകാട്ടിയ ജമാ അത്തെ ഇസ്ലാമിയുടെ മുന്‍കാല പരിസ്ഥിതി സംരക്ഷണ സമരങ്ങളുടെ അന്തര്‍നാടകങ്ങള്‍കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. മതമൗലികവാദ സംഘങ്ങള്‍ക്ക് തങ്ങളുടെ നിര്‍ണായക അജണ്ടകള്‍ നടപ്പിലാക്കാനുള്ള വേദിയായിത്തീരുകയാണ് പരിസ്ഥിതിയുടെ പേരിലുള്ള പ്രക്ഷോഭങ്ങള്‍ എന്നത് അനിഷേധ്യമായ വസ്തുതയാണ്. അക്രമാസക്തമായ സമരങ്ങള്‍ നടത്തിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ആളെകൂട്ടിയ ഇടതുപക്ഷത്തിന്റെ ശിഷ്യരായി മാറുകയാണ് യഥാര്‍ത്ഥത്തില്‍ മിക്ക മൗദൂദിയന്‍ സംഘടനകളും. പേരുകള്‍കൊണ്ട് വ്യത്യസ്തമെങ്കിലും ഇവയെല്ലാം അന്നവും വെള്ളവും വലിച്ചെടുക്കുന്നത് ഒരേ ആശയസംഹിതയില്‍ നിന്നത്രെ.മതപരവും പ്രാദേശികവുമായ സംഘര്‍ഷങ്ങള്‍ വളര്‍ത്തി അവയില്‍ നിന്ന് നേട്ടങ്ങള്‍ കൊയ്യുകയാണ് ഈ രാജ്യവിരുദ്ധ സംഘടനകളുടെ പൊതുസ്വഭാവം. കപട പരിസ്ഥിതിവാദികളുടെയും വിദേശ ഏജന്റുമാരുടെയും പ്രക്ഷോഭണഫലമായി ഏതാണ്ട് മുപ്പതിനായിരം കോടി മുതല്‍മുടക്ക് വരുന്ന ഒരു ഡസനോളം വൈദ്യുത നിലയങ്ങളും, ഗതാഗതവികസന പദ്ധതികളും, ഖനന പ്രോജക്ടുകളുടെയും പ്രവര്‍ത്തനമാണ് രാജ്യത്താകമാനമായി സ്തംഭിച്ചുകിടക്കുന്നത് എന്ന വസ്തുത കണക്കിലെടുക്കേണ്ടതുണ്ട്. വന്‍ശക്തിയായി വളരുന്ന ഇന്ത്യയുടെ സാമ്പത്തിക വ്യവസായ വികസനം തടസ്സപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ, പരിസ്ഥിതി വാദികളുടെ മുഖംമൂടിയണിഞ്ഞിരിക്കുന്നവര്‍ക്ക് വിദേശത്തുനിന്നു വലിയ സഹായം ലഭിക്കുന്നുണ്ടെന്നു വളരെ മുന്‍പുതന്നെ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പരസ്യമായി പറയുകയുണ്ടായി. തെക്കന്‍ കേരളത്തിലെ അതിര്‍ത്തിയില്‍, തമിഴ്‌നാട്ടില്‍ ഏറെക്കുറെ നിര്‍മാണം പൂര്‍ത്തിയായ കൂടംകുളം ആണവനിലയത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു അതിന്റെ പശ്ചാത്തലം.അന്ന് ഈ പ്രസ്താവനയ്ക്കു പിന്നാലെ അന്നത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിച്ചിരുന്ന സഹമന്ത്രി വി. നാരായണസ്വാമി വെളിപ്പെടുത്തിയത് കൂടംകുളം പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന് തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍നിന്ന് വേണ്ടത്ര മദ്യത്തിനും ഭക്ഷണത്തിനും പുറമെ പ്രതിദിനം അഞ്ഞൂറ് രൂപയും കൊടുത്താണ് ആളുകളെ കൊണ്ടുവരുന്നതെന്നാണ്. പരിസ്ഥിതി സംരക്ഷകര്‍ എന്ന വിലാസത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരില്‍ ചിലര്‍ വിദേശ പണം പറ്റി ഇന്ത്യയുടെ വികസനത്തിന് തടസ്സം നില്‍ക്കുന്നവരാണെന്നാണ് അന്ന് വെളിപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് പിന്നീട് വന്ന നരേന്ദ്ര മോദി ഗവണ്‍മെന്റ് വിദേശ എന്‍ജിഒകളുടെയും വിദേശ ഫണ്ട് സ്വീകരിക്കുന്ന ഇന്ത്യന്‍ എന്‍ജിഒകളുടെയും ലൈന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലേക്ക് എന്‍ജിഒകള്‍ക്ക് വിദേശഫണ്ടായി കിട്ടിയത് 85000 കോടിയാണെന്ന് ഔദ്യോഗിക വെളിപ്പെടുത്തലുമുണ്ടായി. ഇത്തരത്തില്‍ ലഭിക്കുന്ന തുക ഇന്ത്യയില്‍ നിന്നുകൊണ്ട് ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചട്ടുകുമാവാന്‍ ചില എന്‍ജിഒകളെയും അവയുടെ നടത്തിപ്പുകാരെയും പ്രേരിപ്പിക്കുന്നുണ്ട്. സന്നദ്ധസംഘടനകള്‍ എന്ന ലേബലില്‍ പ്രവര്‍ത്തിക്കുന്ന പലതും തങ്ങളുടെ കാര്യലാഭത്തിനായി പരിസ്ഥിതിസംരക്ഷണത്തിന്റെ പേരുപറഞ്ഞു രംഗത്തുവരുന്നുണ്ടെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്.ഒരു ഭാഗത്തു ഗെയില്‍ പദ്ധതിയെ എതിര്‍ക്കുകയും മറു ഭാഗത്തു അതിന്റെ ഗുണം പറ്റുകയും ചെയ്യുന്ന ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനത്തെ പൊതുസമൂഹം വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഗെയിലിന്റെ പൈപ്പുകള്‍ സൂക്ഷിക്കുന്നതിലൂടെ തങ്ങള്‍ക്ക് വാടകയിനത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഭീമമായ വരുമാനം നഷ്ടപ്പെടാതിരിക്കാനാണ് ആ സംഘടന സമരരംഗത്തു സജീവമാകുന്നത് എന്ന ആരോപണത്തിനു ഉത്തരവാദിത്വപ്പെട്ടവര്‍ മറുപടി പറഞ്ഞേ പറ്റൂ. അവര്‍ മാത്രമല്ല, മതമൗലികവാദമെന്ന അന്തകവിത്തിനെ വഹിക്കുന്ന ആ സംഘടനയ്ക്ക് പൊതുസമൂഹത്തില്‍ മാന്യതയുണ്ടാക്കിക്കൊടുക്കാന്‍ പേനയുന്തുന്ന കൂലിയെഴുത്തുകാരും മൗനം വെടിയേണ്ടതുണ്ട്.മനുഷ്യാവകാശ പോരാട്ടങ്ങളുടെയും ആശയസമരങ്ങളുടെയും ലേബലില്‍ വിളമ്പുന്ന ആദര്‍ശനദി സത്യത്തില്‍ വെറും അഴുക്കുചാല്‍ മാത്രമാണെന്നതാണ് മുന്നിലുള്ള വസ്തുതകള്‍ നല്‍കുന്ന സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.