കേരളം അഭിമാനം; മാര്‍ക്‌സിസം അപമാനം

Sunday 12 November 2017 9:56 pm IST

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭീകരമുഖം കേരളം കാണാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍ കേരളത്തില്‍ നടക്കുന്ന ചുവപ്പുഭീകരതയുടെ യഥാര്‍ത്ഥ മുഖം രാജ്യം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. കേരളത്തില്‍ കൊലക്കത്തിയുമായി എതിരാളികളെ നേരിടുന്നവര്‍ക്ക് ദേശീയ തലത്തില്‍ മര്യാദാരാമന്മാരുടെയും ആദര്‍ശ ധീരന്മാരുടെയും മുഖമായിരുന്നു. ആ പൊയ്മുഖമാണ് ഇപ്പോള്‍ അഴിഞ്ഞുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തിയ വിപുലമായ പ്രചാരണവും ബിജെപി നടത്തിയ ജനരക്ഷാമാര്‍ച്ചും കമ്മ്യൂണിസ്റ്റുകളുടെ യഥാര്‍ത്ഥ പ്രവര്‍ത്തനം രാജ്യത്താകെ ചര്‍ച്ച ചെയ്യാന്‍ കാരണമായി. അത്തരത്തില്‍ മറ്റൊരു പ്രക്ഷോഭമായിരുന്നു അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്നത്. അഭിമാന കേരളം ഭീകരമാണ് മാര്‍ക്‌സിസം എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ 'ചലോ കേരള' മഹാറാലി കേരളചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭമായി മാറി. ഒരു പക്ഷെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും അവകാശപ്പെടാനോ നടത്താനോ സാധിക്കാത്ത ആസൂത്രിതവും വ്യവസ്ഥാപിതവുമായ പരിപാടിയായിരുന്നു എബിവിപിയുടേത്. ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള വിദ്യാര്‍ത്ഥികള്‍, അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും വക്താക്കളായ കമ്മ്യൂണിസ്റ്റുകളുടെ പൈശാചികമുഖം തുറന്നുകാട്ടാന്‍ കേരളത്തിലെത്തി. ഇടതുഭീകരതയ്‌ക്കെതിരെ ഇടിമുഴക്കംപോലെ മുദ്രാവാക്യമുയര്‍ത്തി അനന്തപുരിയെ കാവിമയമാക്കിയാണ് മഹാറാലി നടന്നത്. ജനാധിപത്യവും സംഘടനാസ്വാതന്ത്ര്യവും കുഴിച്ചുമൂടാനുള്ള ആരുടെ പ്രവര്‍ത്തനത്തേയും ജനാധിപത്യരീതിയില്‍ ചെറുക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം ദേശീയവാദ പ്രസ്ഥാനങ്ങള്‍ക്ക് ആവേശവും അഭിമാനവുമാണ് നല്‍കിയത്. സംഘാടനത്തിലും എബിവിപി റാലി മാതൃകയായി. പെണ്‍കുട്ടികളുള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ഭാഷ സംസാരിക്കുന്നവര്‍. ഇത്രയുംപേരുടെ താമസം, ഭക്ഷണം, യാത്ര എന്നിവയൊക്കെ യാതൊരു പ്രശ്‌നവുമില്ലാതെ നിറവേറ്റുക, അടുക്കും ചിട്ടയോടും അച്ചടക്കത്തോടും കൂടി റാലിയെ നയിക്കുക, ഗതാഗത തടസ്സം അധികം ഉണ്ടാകാത്ത തരത്തിലുള്ള സംഘാടകരുടെ നിയന്ത്രണം ഇതെല്ലാം മാതൃകാപരമായിരുന്നു. കാല്‍ലക്ഷത്തോളം പേര്‍ സെക്രട്ടേറിയറ്റ് വളയാന്‍ എത്തിയ സോളാര്‍ സമരം തലസ്ഥാനത്തെ ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു എബിവിപിയുടെ മഹാറാലി. അന്ന് സിപിഎം ആളെക്കൂട്ടിയെങ്കിലും അവരുടെ പ്രാഥമിക സൗകര്യം ഒരുക്കാന്‍ പരാജയപ്പെട്ടതിനാല്‍ സമരവും പാളി. സമരം പിരിച്ചുവിട്ട് നേതാക്കള്‍ മുഖം രക്ഷിച്ചു. എന്നാല്‍ എബിവിപി റാലിക്കെത്തിയ കുട്ടികള്‍ തലസ്ഥാനത്തെ വീടുകളിലാണ് താമസിച്ചത്. അവര്‍ക്ക് ഭക്ഷണം പാകം ചെയ്തത് അമ്മമാരും. റാലിയില്‍ പങ്കെടുത്തവര്‍ക്കും ഉച്ചഭക്ഷണവും വീട്ടമ്മമാര്‍ നിര്‍മ്മിച്ചു നല്‍കി. വിദ്യാര്‍ത്ഥികളുടെ അച്ചടക്കത്തോടൊപ്പം സംഘാടകരും മികവ് കാണിച്ചപ്പോള്‍ റാലിയും മഹാസമ്മേളനവും സമ്മേളിച്ചയുടന്‍ തന്നെ നഗരം ശുചിത്വമുള്ളതായി മാറ്റാനും സാധിച്ചു. കേരളത്തില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയെ ബിജെപി തുറന്നുകാട്ടിയപ്പോള്‍ കേരളത്തെ അപമാനിക്കുന്ന എന്ന പ്രചരണമാണ് സിപിഎം നടത്തിയത്. കേരളം അഭിമാനമാണെന്ന മുദ്രാവാക്യവുമായി എബിവിപി സംഘടിപ്പിച്ച റാലിയെ കണ്ടില്ലെന്ന് നടിക്കാനാണ് സിപിഎമ്മും അവരെ പിന്താങ്ങുന്ന കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും ശ്രമിച്ചത്. എന്നാല്‍ കമ്മ്യൂണിസത്തിന്റെ സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും ദേശവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യാന്‍ അതേക്കുറിച്ച് പുതുതലമുറയ്ക്ക് കാഴ്ചപ്പാടുണ്ടാക്കാനും മഹാറാലി വഴിതെളിച്ചുവെന്ന് പറയാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.