നാല് വര്‍ഷത്തിനുള്ളില്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളും എടിഎമ്മും അപ്രസക്തമാകും

Monday 13 November 2017 12:43 am IST

ന്യൂദല്‍ഹി: നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളും എടിഎമ്മുകളും അപ്രസക്തമാകുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മാത്രം ഇടപാട് നടത്തുന്ന കാലമാണ് വരാനിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം മൊബൈല്‍ കണക്ഷനുകളും ബാങ്ക് അക്കൗണ്ടുകളുമുള്ള രാജ്യമാണ് ഇന്ത്യ. ഡിജിറ്റല്‍ ഇടപാടുകളില്‍ ഭാവിയില്‍ വന്‍ വര്‍ധനയുണ്ടാകും. ഇതിന്റെ സൂചനകള്‍ ദൃശ്യമാണ്. ചരിത്രത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ജനസംഖ്യാപരമായ പരിവര്‍ത്തനത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഇന്ത്യയുടെ ജനസംഖ്യയില്‍ 72 ശതമാനവും 32 വയസ്സില്‍ താഴെയുള്ളവരാണ്. ഇത് ഭാവിയില്‍ രാജ്യത്തിന് അനുകൂല ഘടകമാകും. 2040 വരെ ഇന്ത്യയുടെ ജനസംഖ്യ ചെറുപ്പമായി തുടരും. ഇതേ സമയത്ത് അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ജനസംഖ്യ പ്രയാധിക്യത്തിലെത്തും. പ്രതിവര്‍ഷം 7.5 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച. ഇത് പത്ത് ശതമാനത്തിലെത്തിക്കാനാണ് ശ്രമം. അദ്ദേഹം വ്യക്തമാക്കി.