പതിനൊന്ന്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാനില്‍ അറസ്റ്റില്‍

Sunday 16 September 2012 9:50 pm IST

ഇസ്ലാമാബാദ്‌: സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ 11 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാനില്‍ അറസ്റ്റ്‌ ചെയ്തു. ഇവരുടെ രണ്ട്‌ ബോട്ടുകളും പാക്‌ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്‌. അനധികൃതമായി പാക്‌ സമുദ്രാതിര്‍ത്തിയില്‍ കടന്ന്‌ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ്‌ തീരസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ്‌ ചെയ്തത്‌. പാക്‌ അധികൃതര്‍ തന്നെയാണ്‌ ഈ വിവരം ഇന്നലെ അറിയിച്ചത്‌. ഇവരെ പിന്നീട്‌ കറാച്ചിയിലെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ മാറ്റി. സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും നിരവധി മത്സ്യത്തൊഴിലാളികളെയാണ്‌ ഓരോ വര്‍ഷവും അറസ്റ്റ്‌ ചെയ്യുന്നത്‌. ഇരു രാഷ്ട്രങ്ങളിലേയും ജയിലുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ വിട്ടയക്കുന്നതിനുള്ള ഉടമ്പടികളില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചിരുന്നു. സപ്തംബറില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്ണയും പാക്‌ വിദേശ കാര്യമന്ത്രി ഹിന റബ്ബാനിഖറുമായി ഈ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാക്‌ ജയിലില്‍ കഴിയുന്ന 48 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഈ മാസം 11 ന്‌ അധികൃതര്‍ വിട്ടയച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.