ആറ്റുകാല്‍ ആശുപത്രിക്കുനേരെ ഡിവൈഎഫ്‌ഐ ആക്രമണം

Monday 13 November 2017 2:11 pm IST

തിരുവനന്തപുരം: ആറ്റുകാല്‍ ആശുപത്രിക്കുനേരെ ഡിവൈഎഫ്‌ഐ ആക്രമണം. ഡോക്ടറുടെ കൈ തല്ലിയൊടിച്ചു. മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആക്രമിച്ചു. മരുതൂര്‍ക്കടവ്, കാലടി എന്നിവിടങ്ങളില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നില്‍. അപകടത്തില്‍ പരിക്കേറ്റെന്നു പറഞ്ഞ് ഒരു യുവാവിനെയും കൊണ്ട് ഇരുപതോളം പേര്‍ ഇന്നലെ വൈകിട്ടോടെ ആശുപത്രയില്‍ എത്തി. പരിക്കേറ്റ ആളിനോടൊപ്പം ചികിത്സാമുറിയിലേക്ക് വന്നവരെല്ലാം കയറി. രണ്ടു പേര്‍ നിന്നിട്ട് മറ്റുള്ളവരോട് പുറത്തിറങ്ങാന്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ പ്രകാശ് ആവശ്യപ്പെട്ടു. പുറത്തിറങ്ങാതെ മറ്റ് രോഗികള്‍ക്കും ചികിത്സനിഷേധിക്കുന്ന തരത്തില്‍ ഇവര്‍ അവിടെ തന്നെ നിലയിറപ്പിച്ചു. മറ്റ് രോഗികള്‍ ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ ഇവരോട് പുറത്തിറങ്ങാന്‍ ഡോക്ടര്‍ വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ ഡിവൈഎഫ്‌ഐ സംഘം യാതൊരു പ്രകോപനവുമില്ലാതെ ആശുപത്രിക്കുനേരെ അക്രമം അഴിച്ചുവിട്ടു. ഇരുമ്പുകമ്പി ഉപയോഗിച്ച് ഡോക്ടറുടെ കൈ തല്ലിഒടിച്ചു. തടയാന്‍ ശ്രിമിച്ച ഫെസിലിറ്റി മാനേജര്‍ സുരേഷിന് നേരെയായി പിന്നെ ഇവരുടെ ആക്രമണം. അടിയേറ്റ് നിലത്തുവീണ സുരേഷിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. സുരേഷിന്റെ കഴുത്തിനും മുഖത്തും പരിക്കേറ്റു. തടയാന്‍ ചെന്ന ലാബ് ടെക്‌നീഷ്യന്‍മാരായ സുധീര്‍, ശ്രീജിത്, നഴ്‌സുമാരായ സുജ, പാര്‍വതി എന്നിവര്‍ക്കും പരിക്കേറ്റു. ആക്രമണത്തില്‍ പങ്കെടുത്തവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് മറ്റുള്ളവര്‍ പറഞ്ഞു. അക്രമം നടന്ന ഉടന്‍തന്നെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് എത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ആശുപത്രി ഡയറക്ടര്‍ എം. ജയകുമാര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരുന്നു ഡിവൈഎഫ്‌ഐ സംഘം ആക്രമണം നടത്തിയത്. സേവാഭാരതിയുടെ മേല്‍നോട്ടത്തിലാണ് ആറ്റുകാല്‍ആശുപത്രി കുറച്ചുനാളുകളായി പ്രവര്‍ത്തിക്കുന്നത്. മറ്റ് സ്വകാര്യആശുപത്രികളില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞനിരക്കില്‍ നല്ല പരിചരണമാണ് രോഗികള്‍ക്ക് നല്‍കിവരുന്നത്. നിര്‍ധനര്‍ക്ക് സൗജന്യചികിത്സയും നടത്തിവരുന്നു. സേവാഭാരതി ഏറ്റെടുത്ത് കുറച്ചുനാള്‍കൊണ്ട് പ്രേദശത്തെ ജനങ്ങളുടെ ആശ്രയകേന്ദ്രമായി ആശുപത്രി മാറി. ഇത് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. മുമ്പ് നിരവധിതവണ ആശുപത്രി ജീവനക്കാര്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചങ്കിലും ജീവനക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഒ. രാജഗോപാല്‍ എംഎല്‍എ, കൗണ്‍സിലര്‍മാരായ ആര്‍.സി. ബീന, മഞ്ജു, പാപ്പനംകോട് സജി എന്നിവര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് കേസ് എടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.