പ്രതികളെ ഒഴിവാക്കി നിര്‍ധന ദളിത് വിദ്യാര്‍ഥിയെ കേസില്‍ കുരുക്കി

Monday 13 November 2017 2:21 pm IST

മലയിന്‍കീഴ്: മാറനല്ലൂര്‍ പോലീസ് യഥാര്‍ഥപ്രതികളെ ഒഴിവാക്കാന്‍ ദളിത് വിദ്യാര്‍ഥിയെ കേസില്‍ കുരുക്കിയതായി മാറനല്ലൂര്‍ ഹരിജന്‍ കോളനിയില്‍ ഉഷാകുമാരിയും ബോധി സൊസൈറ്റി ചെയര്‍മാന്‍ കരകുളം സത്യകുമാറും പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഉഷാകുമാരിയുടെ മകന്‍ പ്ലസ് വണ്ണിന് പഠിക്കുന്ന ഉന്മേഷ് രാജുവിനെയാണ് ഇത്തരത്തില്‍ പീഡിപ്പിച്ചത്. തൂങ്ങാംപാറ ജംഗ്ഷനില്‍ കഴിഞ്ഞ 30 ന് റൂഫസ് എന്നയാളെ ചിലര്‍ ആക്രമിച്ചു. റൂഫസിന്റെ മൊഴിപ്രകാരം നാലുപേരെ പ്രതി ചേര്‍ത്ത് കേസെടുക്കുകയും ചെയ്തു. സംഘര്‍ഷത്തിലേര്‍പ്പെട്ടവര്‍ ബന്ധുക്കളുമാണെന്നിരിക്കെ യഥാര്‍ഥപ്രതികളെ രക്ഷിക്കാന്‍ പോലീസ് മനപ്പൂര്‍വം ഉന്മേഷ്‌രാജുവിനെ പ്രതിചേര്‍ത്തതാണെന്നാണ് ആരോപണം. കേസിലെ പ്രതികള്‍ക്കുള്ള ഉന്നതബന്ധമാണ് ഒരു ദളിത് വിദ്യാര്‍ഥിയെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ അമ്മ ഉഷകുമാരി ഡിജിപി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, പട്ടികജാതി കമ്മീഷന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.