വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കുന്നത് പാസ്റ്റര്‍ തടഞ്ഞു; പോലീസ് ഇടപെട്ടു

Monday 13 November 2017 2:23 pm IST

മലയിന്‍കീഴ്: വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കുന്നത് പള്ളിയുടെ ചുമതലയുള്ള പാസ്റ്റര്‍ തടഞ്ഞു. പോലീസ് ഇടപെട്ട് മൃതദേഹം സംസ്‌കരിച്ചു. അന്തിയൂര്‍ക്കോണത്തുള്ള ആരാധനാലയത്തിന് 11 സെന്റ് സ്ഥലം റിട്ടയേര്‍ഡ് പോലീസുകാരന്‍ പരേതനായ അസറിന്‍ നാലുവര്‍ഷം മുമ്പ് സൗജന്യമായി നല്‍കിയിരുന്നു. അസറിനെ അടക്കംചെയ്ത സ്ഥലത്ത് ഇദ്ദേഹത്തിന്റെ ഭാര്യ റെസ്ലറ്റ് ഭായി(74)യെ സംസ്‌കരിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. എന്നാല്‍ ആരാധനാലയത്തിന്റെ ചുമതലയുള്ള പാസ്റ്റര്‍ ഫ്രാങ്കോ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. മലയിന്‍കീഴ് സിഐ ടി. ജയകുമാറും എസ്‌ഐ സുരേഷ്‌കുമാറും സ്ഥലത്തെത്തി സൗജന്യമായി നല്‍കിയ സ്ഥലത്തിന്റെ രേഖകള്‍ പരിശോധിച്ച ശേഷം ഉച്ചയ്ക്ക് 2.30 ഓടെ പ്രശ്‌നത്തിന് പരിഹാരമായി. റെസ്ലറ്റ് ഭായിയെ ഭര്‍ത്താവ് അസറിനെ അടക്കംചെയ്തതിന് സമീപം സംസ്‌കരിച്ചു. എന്നാല്‍ സൗജന്യമായിട്ടാണ് അസറിന്‍ സ്ഥലം നല്‍കിയതെങ്കിലും പാസ്റ്ററുടെ സ്വന്തംപേരിലാണ് വസ്തു പ്രമാണം ചെയ്തിരിക്കുന്നത്. സംഭവത്തെ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷിക്കുമെന്ന് എസ്‌ഐ അറിയിച്ചു. ഇതിനിടെ അസറിന്റെ വസ്തു പ്രാര്‍ഥനയുടെപേരില്‍ തട്ടിയെടുത്തതാണെന്നും നാട്ടുകാരും അസറിന്റെ ബന്ധുക്കളും ആരോപിച്ചു. അസറിന്‍ റെസ്ലറ്റ്ഭായി ദമ്പതികളുടെ രണ്ട് മക്കളും (മകനും മകള്‍ക്കും) ബുദ്ധി സ്ഥിരതയില്ലാത്തവരാണ്.