ആറ്റുകാല്‍ ആശുപത്രിക്ക് നേരെ ആക്രമണം: ശക്തമായ പ്രതിഷേധവുമായി ഐഎംഎ

Monday 13 November 2017 4:13 pm IST

തിരുവനന്തപുരം: ആറ്റുകാല്‍ ആശുപത്രിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. യാതൊരു പ്രകോപനവുമില്ലാതെ ഈ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തെ ഐ.എം.എ. തിരുവനന്തപുരം ശക്തമായി അപലപിക്കുകയും പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും ചെയ്തു. ഈ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ച് കേസെടുക്കണമെന്ന് ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ജോണ്‍ പണിക്കര്‍, സെക്രട്ടറി ജി.എസ്. വിജയന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ നടപടിക്കൊരുങ്ങേണ്ടിവരുമെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ആശുപത്രിയിലെത്തിയ 20 അംഗ സംഘം ആള്‍ക്കാരാണ് ആക്രമണം അഴിച്ചുവിട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് ചികിത്സ നല്‍കുന്നതിനിടെ അവിടേയ്ക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച അവര്‍ ജീവനക്കാരെ മര്‍ദിക്കുകയും വിലപിടിപ്പുള്ള ആശുപത്രി ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ആശുപത്രി സൂപ്രണ്ടിനും ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. സൂപ്രണ്ട് ഡോ പ്രകാശ്, ഫെസിലിറ്റി മാനേജര്‍ സുരേഷ്, ലാബ് ടെക്‌നീഷ്യന്‍മാരായ സുധീര്‍, ശ്രീജിത്, നഴ്‌സുമാരായ സുജ, പാര്‍വതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ആശുപത്രി ഡയറക്ടര്‍ എം. ജയകുമാര്‍ അറിയിച്ചു. മരുതൂര്‍കടവിലുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. അക്രമം നടന്ന ഉടന്‍ തന്നെ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചെങ്കിലും രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് എത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.