വിവരങ്ങള്‍ മറച്ചുവച്ചതിന് 2,000 രൂപ പിഴ ശിക്ഷ

Monday 13 November 2017 7:58 pm IST

ആലപ്പുഴ: വിവരാവകാശ അപേക്ഷയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് പിഴ. വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത ആശ്രമം ആമിന്‍വെളിയില്‍ ഡി. ധനേഷിന് യഥാസമയം മറുപടി കൊടുക്കാന്‍ വീഴ്ചവരുത്തിയ ആലപ്പുഴ പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍ പി. സച്ചുവിന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 2,000 രൂപ പിഴ വിധിച്ചു. ആശ്രിത സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിനാണ് 2014 ഒക്‌ടോബര്‍ 15ന് അമ്പലപ്പുഴ താലൂക്കാഫിസില്‍ അപേക്ഷ കൊടുത്തത്. കൃത്യമായി മറുപടി കൊടുക്കാന്‍ അന്നത്തെ ഡെപ്യൂട്ടി തഹസീല്‍ദാര്‍/ വിവരാവകാശ ഓഫീസറായിരുന്ന പി. സച്ചുവിന് സാധിച്ചില്ല. അപ്പീല്‍ അപേക്ഷ കൊടുത്തെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. അഴിമതിക്കാര്‍ക്ക് ഇതൊരു താക്കീതാണെന്നും ഗ്രീന്‍സൊസൈറ്റി പ്രസിഡന്റ് ടി.എം. സന്തോഷ് പറഞ്ഞു.