സ്‌കൂള്‍ ഘടന മാറ്റണം

Monday 13 November 2017 8:02 pm IST

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അനധ്യാപക തസ്തിക അനുവദിക്കുന്നതു സംബന്ധിച്ച പല ഉത്തരവുകള്‍ മാറിമാറി വന്നതുമൂലമുള്ള ആശയക്കുഴപ്പം മാറിയിട്ടില്ല. പ്ലസ്ടുവിലെ അനാവശ്യമായ അനധ്യാപക തസ്തിക പ്രശ്‌നം സംസ്ഥാനത്തെ സ്‌കൂള്‍ ഘടനയില്‍ മാറ്റം വരുത്തി ഒരുരൂപ പോലും അധികബാധ്യത ഇല്ലാതെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും. ഹയര്‍സെക്കന്‍ഡറിയെ ഡിപിഐയുടെ കീഴിലാക്കുകയും. ഗവ.സ്‌കൂളുകളിലെപ്പോലെ പ്ലസ്ടുവിലും ജില്ലാനിയമനം വരികയും ചെയ്താലേ കേരളത്തിലെ ഹയര്‍ സെക്കന്ററി മേഖലയില്‍ ഇന്നുള്ള പ്രശ്‌നങ്ങള്‍ പരിഹൃതമാവുകയുള്ളൂ. പ്ലസ്ടു ഉള്ള സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ തസ്തിക ഇല്ലാതാക്കി, പ്രിന്‍സിപ്പലിനു പൂര്‍ണ അധികാരം നല്‍കണം. ക്ലാസെടുക്കല്‍ ഒഴിവാക്കി, എല്ലാ അധ്യാപക- അനധ്യാപക ജീവനക്കാരെയും പ്രിന്‍സിപ്പലിനു കീഴിലാക്കണം. ഇപ്പോള്‍തന്നെ ക്ലാര്‍ക്കുമാരെ കൂടാതെ ശരാശരി നാല് അനധ്യാപക ജീവനക്കാരുടെ ആള്‍ക്കൂട്ടമുള്ള സ്‌കൂളുകളില്‍ ഇനിയും കൂടുതല്‍ പേരെ വയ്ക്കുന്നത് തികച്ചും അനാവശ്യവും ധൂര്‍ത്തുമാണ്. എയ്ഡഡിലാണെങ്കില്‍ മാനേജര്‍ക്കു പണമുണ്ടാക്കാന്‍ മറ്റൊരു മാര്‍ഗം കൂടി തുറക്കപ്പെടുന്നു എന്നുമാത്രം. ഹൈസ്‌കൂള്‍ തലത്തിലെ അനധ്യാപകര്‍ പ്ലസ്ടുവിലും ജോലി ചെയ്യണമെന്ന ഡിപിഐയുടെ സര്‍ക്കുലര്‍ നാലുവര്‍ഷം മുമ്പുതന്നെ ഇറങ്ങിയിട്ടുള്ളതാണ്. അപ്പോള്‍ വേറെ ആളെന്തിന്? മറ്റെല്ലാ സംസ്ഥാനങ്ങളിലും ഉള്ളതുപോലെ, പത്താംക്ലാസ് പരീക്ഷ നിലനിര്‍ത്തിക്കൊണ്ടുതന്നെ 9,10,11,12 ക്ലാസുകള്‍ ഒരു വിഭാഗമാവുകയും, പ്ലസ്ടുവിലേക്ക് നേരിട്ടുള്ള നിയമനം പൂര്‍ണമായി അവസാനിപ്പിക്കുകയും വേണം. സെക്കന്‍ഡറി തലത്തിലെ യോഗ്യരായ അധ്യാപകരെ, തസ്തികയും സീനിയോറിറ്റിയും അനുസരിച്ച് ഓരോ വര്‍ഷവും അതതു ജില്ലയില്‍തന്നെ ഹയര്‍സെക്കന്‍ഡറിയിലേക്കു മാറ്റണം. ഈ ക്രമീകരണം ചെയ്താല്‍, അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിനും സര്‍ക്കാരിനുമെല്ലാം ഏറെ പ്രയോജനകരവും, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ജോലിഭാരം തൊണ്ണൂറു ശതമാനം കുറയുന്നതുമാണ്. ജോഷി ബി.ജോണ്‍, മണപ്പള്ളി, കൊല്ലം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.