ഉന്മൂലനം ഉന്മാദമാക്കിയ നേതൃത്വം

Monday 13 November 2017 8:10 pm IST

'കണ്ണൂര്‍' എന്ന പേരിനോടൊപ്പം കൊലപാതക രാഷ്ട്രീയം എന്ന കളങ്കം കൂടെക്കൂടിയിട്ട് കാലമേറെയായി. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത് കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ലെങ്കിലും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ചില പ്രത്യേകതകളുള്ളതായി കാണാം. ആസൂത്രിതമായ കൊലപാതകങ്ങളും ഭീകരമായ ആക്രമണ രീതികളും തുടര്‍ച്ചയായ സംഘര്‍ഷങ്ങളുമെല്ലാം അതില്‍പ്പെടുന്നു. അതുകൊണ്ടുതന്നെ കണ്ണൂരിലെ ഓരോ കൊലപാതകവും പരസ്പരം ബന്ധമുള്ളതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ്. അറുപതുകളുടെ ഒടുവില്‍തന്നെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തുടങ്ങിവച്ചതാണെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങളുടെ പിന്നിലെ ആസൂത്രണങ്ങളെക്കുറിച്ച് ഗൗരവപൂര്‍വമായ ചര്‍ച്ച പൊതുസമൂഹത്തില്‍ ഉയര്‍ന്നു വന്നത് ഒരുപക്ഷേ ടിപി ചന്ദ്രശേഖരന്‍ വധത്തോടെയാണ്. സിപിഎം ഉന്നത നേതൃത്വം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്ന് അരിയാഹാരം കഴിക്കുന്നവരെല്ലാം ഒരുപോലെ വിശ്വസിച്ച ആ കൊലപാതകത്തിലും പക്ഷേ ആസൂത്രകരായ വന്മരങ്ങളൊന്നും നിയമത്തിനു മുന്നിലെത്തിയില്ല. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും, പന്ന്യന്നൂര്‍ ചന്ദ്രന്‍ കേസിലും ഉള്‍പ്പെടെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് അന്വേഷണം അട്ടിമറിച്ചുവെന്ന അത്യന്തം ഗൗരവമുള്ള കീഴ്‌ക്കോടതി നിരീക്ഷണങ്ങളെ ഭരണകര്‍ത്താക്കള്‍ വേണ്ടവിധം കണക്കിലെടുക്കാത്തതിന്റെ ദുരന്തഫലം കൂടിയായിരുന്നു ആവര്‍ത്തിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഒരു ഭാഗത്ത് ഒരു പാര്‍ട്ടി എന്ന നിലയില്‍ സിപിഎം എക്കാലവും കക്ഷിയായിരുന്നു. മാത്രമല്ല സിപിഎം നേതാക്കന്മാര്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതില്‍ അനിതരസാധാരണമായ പ്രാഗത്ഭ്യം തെളിയിച്ചുകൊണ്ടുമിരുന്നു. ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായി പരിഗണിക്കപ്പെടുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസ് മുതല്‍ ഈ അടുത്ത കാലത്ത് നടന്നിട്ടുള്ള കൊലപാതകങ്ങളില്‍ വരെ സിപിഎം നേതൃത്വത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പങ്കാളിത്തമുള്ളതായി കാണാം. എന്നാല്‍ ഭീഷണികളിലൂടെയും, ഭരണസ്വാധീനം ഉപയോഗിച്ചും അവര്‍ പലപ്പോഴും പ്രതിപ്പട്ടികയില്‍ നിന്നും ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നു മാത്രം. വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസില്‍ ഇന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായിരുന്നു. ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കരിമ്പില്‍ സതീശന്‍ എന്ന തലശ്ശേരിയിലെ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. കോടിയേരിയുടെ ഭാര്യാ പിതാവും മുന്‍ എംഎല്‍എയും തലശ്ശേരിയിലെ പ്രമുഖ സിപിഎം നേതാവുമായിരുന്ന എം.വി രാജഗോപാലന്‍ മാസ്റ്റര്‍ 1978 ല്‍ പന്ന്യന്നൂര്‍ രവീന്ദ്രന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നയാളാണ്. ആദ്യം മുതല്‍ക്കേ കൊലപാതകം 'പാര്‍ട്ടി പരിപാടി'യുടെ ഭാഗമായി സിപിഎം സ്വീകരിച്ചതുകൊണ്ടു തന്നെയാവണം, കൊലപാതകങ്ങള്‍ വിദഗ്ധമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പല നേതാക്കളും പിന്നീട് കണ്ണൂരിലെയും കേരളത്തിലെയും പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിലേക്ക് അവരോധിക്കപ്പെട്ടു. അഥവാ കൊലപാതകം ആസൂത്രണം ചെയ്യാനുള്ള വൈദഗ്ധ്യം ഉത്തമമായ സംഘടനാ പാടവമായി പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തപ്പെട്ടു. അവരെ പ്രത്യേകമായ പ്രോത്സാഹനവും പരിഗണനയും നല്‍കി എക്കാലവും സിപിഎം നേതൃത്വം സംരക്ഷിച്ചു. ഫലമോ? കണ്ണൂര്‍ കുരുതിക്കളമായി മാറി. ഇപ്പോഴും 'കണ്ണൂര്‍ മോഡല്‍' മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നേതാക്കളില്‍ നിന്ന് ആഹ്വാനങ്ങളുണ്ടായിക്കൊണ്ടേയിരിക്കുന്നു. കൂത്തുപറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ 1994 ല്‍ ആര്‍എസ്എസിന്റെ കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹ് ആയിരുന്ന പി.പി മോഹനനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന പി. ജയരാജന്‍ ജില്ലാ സെക്രട്ടറി ആയപ്പോള്‍ അരിയില്‍ ഷുക്കൂര്‍ വധവും കതിരൂര്‍ മനോജ് വധവും ആസൂത്രണം ചെയ്തതിന്റെ പേരില്‍ വീണ്ടും കൊലക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടു. തലശ്ശേരി ഏരിയാ സെക്രട്ടറി ആയിരിക്കെ അനേകം കൊലപാതകങ്ങള്‍ ഏറ്റെടുത്തു നടത്തിയ, ഇപ്പോള്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ കാരായി രാജന്‍ ഫസല്‍ വധക്കേസില്‍ പ്രതിയായി കണ്ണൂരില്‍ പ്രവേശിക്കാനാവാതെ നാടുകടത്തപ്പെട്ട നേതാവാണ്. തലശ്ശേരിയിലെ മറ്റൊരു പ്രമുഖ നേതാവായ കാരായി ചന്ദ്രശേഖരന്‍ ഫസല്‍ വധക്കേസിലും തളിപ്പറമ്പ് എംഎല്‍എ ആയിരുന്ന ടി.വി രാജേഷ് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്. ഇവരെക്കൂടാതെ കൊലക്കേസ് പ്രതികളായ രണ്ടാം നിര നേതാക്കളുടെ നീണ്ട നിരതന്നെയുണ്ട് കണ്ണൂരിലെ സിപിഎമ്മില്‍. നിലവില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍പ് കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയുമായിരുന്ന പനോളി വത്സന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷയനുഭവിച്ചിട്ടുള്ള നേതാവാണ്. ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ ഗൂഢാലോചന നടത്തിയതിന് പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ പി.കെ. കുഞ്ഞനന്തന്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നു. (ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന ഈ കുഞ്ഞനന്തന്‍ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ച് കഴിഞ്ഞദിവസം സിപിഎം ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായിരുന്നു). ഇപ്പോഴത്തെ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായ ടി.ഐ. മധുസൂദനന്‍ കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായത് സമീപ കാലത്താണ്. ഡിവൈഎഫ്‌ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്ന അഡ്വ. പി. സന്തോഷ് പയ്യന്നൂരിലെ ആര്‍എസ്എസ് ശാഖാകാര്യവാഹക് വിനോദ്കുമാര്‍ വധക്കേസില്‍ ഒന്നാം പ്രതിയാണ്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ആയിരുന്ന സരിന്‍ ശശിയും ഇതേ കേസില്‍ ഉള്‍പ്പെട്ട നേതാവാണ്. പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന ആസൂത്രണം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായത് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും, ജില്ലാ വൈസ് പ്രസിഡന്റും, സിപിഎം പിണറായി ഏരിയാ കമ്മിറ്റി അംഗവുമായ പി.എം അഖിലായിരുന്നു. ഭരണവും സ്വാധീനവുമെല്ലാം എക്കാലവും കയ്യിലുണ്ടായിരുന്നിട്ടും നേതാക്കള്‍ അനേകം കൊലക്കേസുകളില്‍ പ്രതികളാണെന്നുള്ളത് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎം നേതൃത്വത്തിനുള്ള ഒഴിച്ചുകൂടാനാവാത്ത പങ്കാളിത്തത്തെ അരക്കിട്ടുറപ്പിക്കുന്നു. ആഭ്യന്തര വകുപ്പ് കയ്യിലുള്ളപ്പോള്‍ അന്വേഷണങ്ങളില്‍ അനധികൃതമായി ഇടപെട്ട് ചില ആര്‍എസ്എസ് നേതാക്കളെയും കേസുകളില്‍ പ്രതികളാക്കിയിട്ടുണ്ട് എന്നതിനപ്പുറം സംഘപരിവാര്‍ നേതൃത്വം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്ന് വാചാടോപങ്ങള്‍ക്കപ്പുറം വസ്തുതകള്‍ നിരത്തി ആരോപണം ഉന്നയിക്കാന്‍ സിപിഎമ്മിന് ഒരു കാലത്തും കഴിഞ്ഞിട്ടില്ല. അതിനുകാരണം കണ്ണൂരിലെ സംഘനേതൃത്വത്തിന്റെ ജാഗ്രതയും സമാധാനകാംക്ഷയുമാണ്. രണ്ട് സംഘടനകളുടെയും സംഘര്‍ഷ രാഷ്ട്രീയത്തോടുള്ള സമീപനങ്ങളിലെ വ്യത്യസ്തത കൂടിയാണത്. 2013ല്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന റാലിയില്‍ പങ്കെടുക്കാന്‍ പോകവെ വാഹനം തടഞ്ഞു നിര്‍ത്തി പയ്യന്നൂരിലെ ശാഖാ കാര്യവാഹ് വിനോദ്കുമാറിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ അന്നത്തെ പൊതുപരിപാടി അവസാനിക്കുന്നതുവരെ മരണവാര്‍ത്ത പുറത്തുവിടരുതെന്ന് ജില്ലാ പോലീസ് മേധാവിയോട് അഭ്യര്‍ത്ഥിച്ച് സംഘര്‍ഷസാധ്യതകള്‍ ഇല്ലാതാക്കി സമാധാനത്തിന് മുന്‍കൈ എടുക്കുകയായിരുന്നു കണ്ണൂരിലെ സംഘനേതൃത്വം. ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജ് കൊല്ലപ്പെട്ടപ്പോള്‍ പോലും സമാധാനത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കാന്‍ കണ്ണൂരിലെ ആര്‍എസ്എസിനായി. മാത്രമല്ല, കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷത്തെക്കുറിച്ച് പ്രകോപനപരമായി പ്രസംഗിച്ചതിന്റെ പേരില്‍ മധ്യപ്രദേശിലെ നേതാവിനെ സംഘടനാ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തി മാതൃക കാണിക്കുകയാണ് സംഘം ചെയ്തത്. സിപിഎം കൊലയാളികളെയും ആസൂത്രകരെയും നിരന്തരം സംരക്ഷിച്ചു. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തവരെ പാര്‍ട്ടിയുടെ മുന്‍നിര നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നു. അവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ച് 'മാതൃക' കാണിച്ചു. ക്ലാസ് മുറിയില്‍ വച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതികള്‍ നിരീക്ഷിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെ അതേ സ്‌കൂളിലെ പിടിഎ പ്രസിഡന്റ് വരെയാക്കി വെള്ളപൂശാന്‍ പരിശ്രമിച്ചു. എന്തിനേറെ, ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ കൊടും ക്രിമിനലിന്റെ വിവാഹം രാജകീയമായി ഏറ്റെടുത്തു നടത്തിക്കൊടുക്കുക പോലും ചെയ്തു. പ്രമുഖ സിപിഎം നേതാക്കള്‍ സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ ചടങ്ങിന് ആതിഥ്യവും വഹിച്ചു. കൊലപാതകങ്ങളും അക്രമവും കണ്ണൂരിലും മറ്റിടങ്ങളിലും അനന്തമായി നീളുന്നതിന്റെ കാരണവും മേല്‍പ്പറഞ്ഞതു തന്നെയാണ്. ഇനിയെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നിലെ ആസൂത്രണങ്ങള്‍ സത്യസന്ധമായ അന്വേഷണത്തിന് വിധേയമാക്കാനും കുറ്റവാളികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനും ഭണകൂടവും അന്വേഷണ ഏജന്‍സികളും തയ്യാറായാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.