സത്യം ചെരിപ്പിടുന്നതിന് മുന്‍പേ...

Monday 13 November 2017 8:17 pm IST

2015 മാര്‍ച്ച് മാസത്തില്‍ പശ്ചിമബംഗാളിലെ നദിയാ ജില്ലയിലെ റാണാഘട്ട് സബ്ഡിവിഷനിലെ ഗാംഗ്‌നാപൂരില്‍ എഴുപത്തിരണ്ടു വയസ്സുള്ള ഒരു കന്യാസ്ത്രീ ബലാത്സംഗത്തിനിരയായ സംഭവം രാജ്യമാസകലം പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തി. ക്രിസ്ത്യന്‍സഭാ നേതൃത്വവും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഇടതുപക്ഷപ്രവര്‍ത്തകരും എല്ലാം ഒരേ സ്വരത്തില്‍ ഈ സംഭവം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ന്യൂനപക്ഷങ്ങള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളുടെ ഭാഗമാണെന്നാണ് ആരോപിച്ചത്. നാദിയാ സംഭവത്തെ തുടര്‍ന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ആക്രമണം ഉണ്ടായി. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ അതിന്റെയെല്ലാം ഉത്തരവാദിത്തം പുതുതായി അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാരിനുമേല്‍ ചാര്‍ത്തിക്കൊടുക്കാനാണ് പ്രതിപക്ഷ കക്ഷികളും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിച്ചത്. ന്യൂനപക്ഷങ്ങളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും ആക്രമിക്കുന്നതിന് പുതിയ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നെന്ന് ഇക്കൂട്ടര്‍ വലിയ വായില്‍ വിളിച്ചുപറഞ്ഞു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഉള്‍പ്പെടെ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പോലുള്ള സംഘടനകള്‍ ഈ വ്യാജപ്രചാരണങ്ങള്‍ ക്ക് സത്യത്തിന്റെ മേലങ്കി ചാര്‍ത്തിക്കൊടുക്കുകയും ചെയ്തിരുന്നു. നാദിയാ സംഭവത്തിലും സിബിസിഐ ഇത്തരത്തിലുള്ള നിലപാടാണെടുത്തത്. പശ്ചിമബംഗാളിലെ നാദിയയിലെ അക്രമം നടന്ന കന്യാസ്ത്രീമാരുടെ കോണ്‍വെന്റ് സന്ദര്‍ശിക്കുകപോലും ചെയ്യുന്നതിനു മുന്‍പ് സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് പശുക്കള്‍ക്ക് മാത്രമല്ല മനുഷ്യര്‍ക്കും സംരക്ഷണം വേണമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി പശുസംരക്ഷണത്തിനായി കൊണ്ടുവരാനുദ്ദേശിച്ച നടപടികളെ അപഹസിക്കുകയായിരുന്നു അദ്ദേഹം. അക്രമങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയേയും ഭാരതീയ ജനതാ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനേയും പരോക്ഷമായി കുറ്റപ്പെടുത്താനും കര്‍ദിനാള്‍ മറന്നില്ല. ബസേലിയോസ് ക്ലീമിസിന്റെ സഹകര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രോഷ്യസ് ഒരുപടികൂടി കടന്നു. ഇന്ത്യയില്‍ ക്രൈസ്തവര്‍ നിരന്തരം ആക്രമിക്കപ്പെടുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇങ്ങനെ പോയാല്‍ രാജ്യത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ക്രൈസ്തവസഭകളെ നിയന്ത്രിക്കുന്നതില്‍ തന്നെ സഹായിക്കാനായി പോപ്പ് ഫ്രാന്‍സിസ് നിയമിച്ച എട്ട് കര്‍ദ്ദിനാള്‍മാരിലൊരാളാണ് ഇദ്ദേഹം. ഇത്തരം നുണപ്രചാരണങ്ങള്‍ ലേഖനരൂപത്തില്‍ പല പ്രസിദ്ധീകരണങ്ങളിലും പ്രത്യക്ഷപ്പെട്ടു. അവര്‍ മോദിയെ മാത്രമല്ല കുറ്റപ്പെടുത്തിയത്. ബിജെപിയേയും ആര്‍എസ്എസിനേയും അതിന്റെ നേതാക്കന്മാരേയും അവര്‍ ലക്ഷ്യംവച്ചിരുന്നു.നാദിയയിലെ ആ ദാരുണസംഭവം നടന്ന് രണ്ടാഴ്ചകള്‍ക്കുള്ളില്‍ ബംഗാള്‍ പോലീസ് കുറ്റവാളിയെ പിടികൂടി. മുംബൈയില്‍ വച്ചാണ് അറസ്റ്റ് നടന്നത്. സിബിസിഐയും പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും ഇടതു ലിബറല്‍ ബുദ്ധിജീവികളും നടത്തിയ പ്രചണ്ഡമായ അസത്യപ്രചാരണത്തെ അടിമുടി ഇല്ലാതാക്കുന്നതായിരുന്നു ആ അറസ്റ്റ്. കുറ്റവാളി ഏതെങ്കിലും ഹൈന്ദവസംഘടനകളിലെ പ്രവര്‍ത്തകനല്ലായിരുന്നു. എന്തിന്, ഹിന്ദുപോലുമല്ലായിരുന്നു. ഒരു മുസ്ലിമിനെയാണ് ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. അതും ഒരു ബംഗ്ലാദേശി! അയാളെ ചോദ്യംചെയ്തതില്‍നിന്ന് കുറ്റവാളികളെല്ലാം ബംഗ്ലാദേശികളാണെന്നും അക്രമത്തിന്റെ ഉദ്ദേശ്യം കവര്‍ച്ചയായിരുന്നുവെന്നും തെളിഞ്ഞു. ചോദ്യം ചെയ്ത പോലീസ് അങ്ങേയറ്റം ബിജെപി വിരുദ്ധമായ മമത ബാനര്‍ജിയുടെ കീഴിലുള്ളതായിരുന്നു എന്നുമോര്‍ക്കുക. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, നവംബര്‍ ആറിന് ബംഗ്ലാദേശിയായ നസ്‌റുള്‍ ഇസ്ലാമിനെ പ്രധാന കുറ്റവാളിയായി കൊല്‍ക്കത്ത കോടതി കണ്ടെത്തി. ബലാത്സംഗം ചെയ്തത് നസ്‌റുല്‍ ഇസ്ലാമായിരുന്നു. അയാളുടെ കൂടെയുണ്ടായിരുന്ന മറ്റു നാലുപേരെ (നാലുപേരും ബംഗ്ലാദേശികള്‍) കവര്‍ച്ച നടത്തിയതിനു കോടതി ശിക്ഷിച്ചു. നാലില്‍ മൂന്നുപേര്‍ മുസ്ലിങ്ങളായിരുന്നു. കൂട്ടബലാത്സംഗം നടന്നു എന്ന കാര്യം വിചാരണ കോടതി തള്ളി. കുറ്റകരമായ ഗൂഢാലോചനയ്ക്കും കവര്‍ച്ചയ്ക്കും കൂട്ടുനിന്നതിനു നാലുപേരെയും കോടതി ശിക്ഷിച്ചു. ഒരുകൂട്ടം കുറ്റവാളികള്‍ നടത്തിയ അക്രമത്തിനും കവര്‍ച്ചയ്ക്കും വര്‍ഗീയ നിറം നല്‍കി നുണപ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണ് ഈ കോടതിവിധി. കോടതി കണ്ടെത്തിയ മറ്റൊരു കാര്യം കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിനിരയായില്ല എന്നതാണ്. കൂടാതെ സിബിസിഐ ആരോപിച്ചതുപോലെ കോണ്‍വെന്റിനുള്ളിലെ ചാപ്പല്‍ മനഃപൂര്‍വം നശിപ്പിച്ചിട്ടില്ല. അക്രമിസംഘം വിലപിടിച്ച വസ്തുവകകള്‍ കവര്‍ച്ച ചെയ്യുന്നതിനാണ് കോണ്‍വെന്റിനുള്ളില്‍ അതിക്രമിച്ചു കയറിയത്. അവരുടെ ശ്രമം തടഞ്ഞ കന്യാസ്ത്രീയെ നസ്‌റുള്‍ ഇസ്ലാം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ആ കോണ്‍വെന്റില്‍നിന്ന് 12 ലക്ഷം രൂപയാണ് അക്രമികള്‍ മോഷ്ടിച്ചുകൊണ്ടുപോയത്. ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം ആ ചെറിയ കോണ്‍വെന്റിന്റെ പണപ്പെട്ടിയില്‍ അത്രയും തുക എവിടുന്നുവന്നു എന്നതാണ്. ബിജെപിക്കും എന്‍ഡിഎ സര്‍ക്കാരിനുമെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിനും നാദിയ സംഭവത്തിനു വര്‍ഗീയനിറം നല്‍കി വ്യാജവാര്‍ത്ത കെട്ടിച്ചമച്ച് പ്രചരിപ്പിച്ചതിനും ഈ കോടതിവിധിയുടെ വെളിച്ചത്തില്‍, രണ്ടു കര്‍ദ്ദിനാള്‍മാരും; ബസേലിയോസ് ക്ലീമിസും ഓസ്‌വാള്‍ഡ് ഗ്രേഷ്യസും മാപ്പു പറയണം. നാദിയ സംഭവം ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയായി നടന്നതാണെന്ന പ്രസ്താവന പിന്‍വലിച്ച് അവര്‍ ജനങ്ങളോട് മാപ്പഭ്യര്‍ത്ഥിക്കണം. അടിസ്ഥാനമില്ലാതെ കുറ്റപ്പെടുത്തിയതിന് പ്രധാനമന്ത്രിയോടും ഇവര്‍ മാപ്പുപറയണം. നുണ പ്രചാരണത്തില്‍ ഏര്‍പ്പെട്ട മാധ്യമങ്ങളും തങ്ങള്‍ പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്തകള്‍ പിന്‍വലിക്കണം. ക്രൈസ്തവസഭ അസത്യപ്രചാരണം നടത്തിയ ആദ്യ സംഭവമല്ല നാദിയാ സംഭവം. 2014 ന്റെ അവസാനത്തിലും 2015 ന്റെ ആരംഭത്തിലും ദല്‍ഹിയില്‍ നടന്ന പള്ളി ആക്രമണങ്ങളും ഇതേ ഗണത്തില്‍ പ്പെടുന്നവയാണ്. കവര്‍ച്ചയ്ക്കായി ചില സാമൂഹ്യവിരുദ്ധര്‍ നടത്തിയതായിരുന്നു അവ. പക്ഷേ അന്നും ക്രൈസ്തവസഭ ന്യൂനപക്ഷ പീഡനമെന്നു മുറവിളി കൂട്ടി. അന്താരാഷ്ട്ര തലത്തില്‍ നമ്മുടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനും അവര്‍ മുന്‍പില്‍ നിന്നു. 2015 ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പള്ളി ആക്രമണം പ്രധാന വിഷയമായി ഉയര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിനുശേഷം ദല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ ജോസഫ് തോമസ് മാധ്യമങ്ങളോടു പറഞ്ഞത് മാറ്റത്തിനുവേണ്ടിയുള്ള വോട്ടാണ് ഈ തെരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണയിച്ചതെന്നാണ്. ഇത് അങ്ങേയറ്റം രാഷ്ട്രീയമായ ഒരു പ്രസ്താവനയായിരുന്നു. ''ദല്‍ഹിയിലെ ജനം ബിജെപിക്ക് എതിരായി വിധിയെഴുതി. വര്‍ഗീയ ധ്രുവീകരണത്തിനെതിരായ താക്കീതാണിത്. ഈ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രിക്കുള്ള ശക്തമായ സന്ദേശമാണ്. തന്റെ പെരുമാറ്റത്തെക്കുറിച്ച് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കണം'' എന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍നിന്നും എന്തൊരകലമാണ് സഭ പാലിക്കുന്നത് എന്നു നോക്കൂ! ഇത്രമാത്രമേ പറയാനുള്ളൂ. സിബിസിഐയും കര്‍ദ്ദിനാള്‍മാരും ആര്‍ച്ചുബിഷപ്പുമാരും ധൃതിപിടിച്ച് തങ്ങള്‍ ഇറക്കിയ പ്രസ്താവനകളും നുണകളും പിന്‍വലിച്ച് പൊതുജനമധ്യത്തില്‍ മാപ്പുപറയണം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം നടക്കുന്നുവെന്ന തങ്ങളുടെ വ്യാജപ്രചാരണം ഇനിയെങ്കിലും അവര്‍ നിര്‍ത്തണം. മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയ കക്ഷികളും നുണപ്രചാരണത്തില്‍നിന്ന് പിന്മാറണം. 2014 മെയ് മാസത്തിനുശേഷം ഇന്ത്യ ന്യൂനപക്ഷങ്ങള്‍ക്കു സുരക്ഷിതമായഇടമല്ല എന്നതരത്തിലുള്ള തെറ്റായ ആഖ്യാനം നമ്മുടെ രാജ്യത്തിന്റെ യശസ്സിടിക്കാനേ ഉപകരിക്കൂ. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍നിന്നും ഏറ്റവും ചുരുങ്ങിയത് ക്രൈസ്തവസഭയെങ്കിലും മാറിനില്‍ക്കണം.