ജയരാജാവിനെതിരെ പടപ്പുറപ്പാട്

Monday 13 November 2017 8:13 pm IST

ഒടുവില്‍ പുരയ്ക്കു മീതെ ചാഞ്ഞ പാഴ്മരം വെട്ടിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം നേതൃത്വം. പാട്ടും പ്രസംഗവും നൃത്തശില്‍പങ്ങളുമായി കണ്ണൂരിലെ പി. ജയരാജനും പാര്‍ട്ടി വാഴാന്‍ നടത്തിയ നീക്കങ്ങള്‍ക്കുനേരെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഘവും കോടാലിയോങ്ങുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനസമിതിയില്‍ പൊടുന്നനെ ഉണ്ടായ വിമര്‍ശനങ്ങളോട് ജയരാജന്‍ വികാരഭരിതനായെന്നാണ് കേള്‍ക്കുന്നത്. അതിന് തക്ക എന്ത് കുറ്റമാണ് താന്‍ ചെയ്തതെന്ന് 'നിഷ്‌കളങ്കനായ' ജയരാജന് പിടികിട്ടിയിട്ടില്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചതിനുശേഷം ഉടലെടുക്കുന്ന ഈ അസഹിഷ്ണുതയ്ക്ക് പിന്നിലെ കാരണങ്ങള്‍ തേടുകയാണ് ജയരാജന്‍. എല്ലാം ശരിയാക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അധികാരത്തിലേറി മാസമൊന്ന് കഴിയുംമുമ്പേ ഉന്നതോദ്യോഗസ്ഥന്മാരെക്കൊണ്ടുപോലും 'സാറേ' എന്ന് വിളിപ്പിച്ചിട്ടുണ്ട് ജയരാജന്‍. കോടതിവിലക്കുകള്‍ മൂലം കണ്ണൂരില്‍നിന്ന് മാറിനിന്ന കാലത്ത് തിരുവനന്തപുരം അടക്കമുള്ള മേഖലകളില്‍ കൊലവിളി പ്രസംഗങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ വിവാദക്കൂട്ടിലടച്ചതിന്റെ അന്തസ്സും പേറിയാണ് ജയരാജന്‍ കണ്ണൂരിലെ രാജാവായത്. കൊന്നും കൊലവിളിച്ചും മുന്നേറുന്ന പാര്‍ട്ടിക്ക് 'കൂപ്പര്‍ കാര്‍' രാഷ്ട്രീയം കൊണ്ടല്ല, ചെഞ്ചോരപ്പൊന്‍കതിരുകൊണ്ടാണ് പുതിയ വിജയം ഉണ്ടാകുന്നതെന്നാണ് കണ്ണൂരിലെ സ്തുതിപാഠകര്‍ ഇപ്പോള്‍ പാടുന്നത്. ആ ചുവരെഴുത്ത് കോടിയേരിയും കൂട്ടരും വായിക്കുന്നുവെന്ന് വേണം ഇപ്പോഴത്തെ നീക്കങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍. പി. ജയരാജനെ കണ്ണൂരില്‍ ചെഞ്ചോരപ്പതിരാക്കാനാണ് പാര്‍ട്ടിയുടെ നീക്കം. ജയരാജന്‍മാരുടെ കണ്ണൂര്‍ തട്ടകത്തില്‍നിന്ന് മന്ത്രിയായി മാറിയ ഇ.പി. ജയരാജനെ വെട്ടിയതും, ജയരാജന്‍ മൂന്നാമനെ ഒറ്റിയതും മറ്റാരുമല്ലെന്ന തിരിച്ചറിവും ഇപ്പോള്‍ നിഷ്‌കളങ്കന് വിനയായിട്ടുണ്ട്. കോടതിക്കും ജഡ്ജിക്കും എതിരായ പരാമര്‍ശത്തിന്റെ പേരില്‍ പൊതുസമൂഹത്തില്‍ കളങ്കിതനായ എം.വി. ജയരാജന്‍ മൂന്നാമന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകവൃന്ദത്തില്‍ പ്രധാനിയാണ്. ബന്ധുനിയമനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇ.പി. ജയരാജന്റെ തിരിച്ചുവരവിന് തടസ്സം സൃഷ്ടിക്കുന്നതും ജില്ലാ സെക്രട്ടറിയാണെന്ന ബോധ്യം ഒരുവിഭാഗം പാര്‍ട്ടിക്കാര്‍ക്കുണ്ട്. അതൊക്കെക്കൊണ്ടുതന്നെ കണ്ണൂരിലെ പാര്‍ട്ടിയില്‍ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്ന ചേരിപ്പോരുകളുടെ മറ്റൊരു രൂപമാണ് സംസ്ഥാനക്കമ്മറ്റിയിലുയര്‍ന്ന വിമര്‍ശനങ്ങള്‍. പാര്‍ട്ടി കണ്ണൂരിലേക്ക് ഒതുങ്ങുകയും ജയരാജന്‍ സര്‍വാധികാരിയാവുകയും ചെയ്യുന്നതിനെതിരെയാണ് പടപ്പുറപ്പാട്. പാര്‍ട്ടിപ്പരിപാടികളില്‍ പി. ജയരാജന്റെ പേര് കേള്‍ക്കുമ്പോള്‍ ഉയരുന്ന കൈയടിയും മുഖ്യമന്ത്രി പിണറായി വിജയന് സഹിക്കുന്നില്ല. പ്രസംഗിക്കാന്‍ എത്തുന്നവര്‍ക്ക് ജയരാജനെ വാഴ്ത്താന്‍ നിര്‍ദേശം നല്‍കും. വാഴ്ത്തുപാട്ട് എങ്ങനെ വേണമെന്ന് എഴുതിനല്‍കും. പുത്തന്‍കൂറ്റ് പാര്‍ട്ടിക്കാര്‍ക്ക് കേട്ടുമാത്രം ശീലമുള്ള സഖാവ് കൃഷ്ണപിള്ളയുടെ അവതാരമാണ്, പി. ജയരാജന്‍ എന്നൊക്കെയാണ് ഇപ്പോഴത്തെ പാര്‍ട്ടി സാഹിത്യം. ഇതൊന്നും താനറിഞ്ഞിട്ടല്ലെന്നും, ഫാന്‍സ് അറിഞ്ഞുചെയ്യുന്നതാണെന്നും ജയരാജന്‍ വികാരഭരിതനാകുന്നതിന് പിന്നിലുമുണ്ട് ഒരു രാഷ്ട്രീയം. ജയരാജന് നോട്ടം കോടിയേരിയുടെ കസേരയാണ്. അതിന് ജയരാജനും ജനകീയനാകണം. സാധാരണഗതിയില്‍ അതിന് സാധ്യതയില്ല. പിന്നെ പാര്‍ട്ടി ഘടകങ്ങളെ ഫാന്‍സ് അസോസിയേഷനാക്കുകയാണ് വഴി. ജയരാജന്‍ ആ വഴിക്കാണ്. ജില്ലാ സെക്രട്ടറിയായി തുടരാനില്ലെന്ന് ജയരാജന്‍ പിണങ്ങുന്നതിന് കോടിയേരി കാണുന്ന അര്‍ത്ഥവും മറ്റൊന്നാവില്ല.