ഐഎസ്എല്‍ ഇന്നേക്കു മൂന്നാം നാള്‍ അങ്കം

Monday 13 November 2017 8:32 pm IST

കൊച്ചി: അറബിക്കടലിന്റെ തീരം മഞ്ഞക്കടലാവാന്‍ ഇനി മൂന്നു നാള്‍ ബാക്കി. കൊച്ചിയിലേക്ക് ഒഴുകിയെത്തുന്ന ആരാധക സഹസ്രങ്ങളേയും മണ്ണിലും വിണ്ണിലും അണിനിരക്കുന്ന താരങ്ങളേയും സാക്ഷി നിര്‍ത്തി ഇന്നേക്കു മൂന്നാം നാള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നാലാം സീസണിന് പന്തുരുളും. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോൡന്റെ ആരവങ്ങള്‍ അണയുന്നതിന് മുമ്പാണ് കൊച്ചി വീണ്ടും കാല്‍പ്പന്തിന്റെ ആവേശത്തിലേക്ക് ഉണരുന്നത്. 17ന് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ സീസണ്‍ ഫൈനലിന്റെ തനിയാവര്‍ത്തനത്തോടെയാണ് തുടക്കം. പൊരുതാനിറങ്ങുന്നത് എടികെയും കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സും. കഴിഞ്ഞ മൂന്ന് സീസണുകളിലും രണ്ടരമാസം കൊണ്ട് സീസണ്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇത്തവണ അത് മാര്‍ച്ച് 17 വരെ നീളും. കഴിഞ്ഞ മൂന്ന് സീസണുകളിലും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെന്ന ടീം ഇത്തവണ പേരുമാറ്റിയാണ് കളത്തിലെത്തുന്നത്. ആദ്യം അമര്‍ തൊമര്‍ കൊല്‍ക്കത്തയെന്നും പിന്നീട് അമ്ര ടീം കൊല്‍ക്കത്തയെന്നും മാറ്റിയാണ് എടികെ ഇറങ്ങുന്നത്. നാലാം സീസണില്‍ പത്ത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. എടികെയുടെ അയര്‍ലന്‍ഡ് ഇതിഹാസതാരം റോബി കീന്‍, ബ്ലാസ്‌റ്റേഴ്‌സിന്റെ ബള്‍ഗേറിയന്‍ സൂപ്പര്‍താരം ദിമിത്ര ബെര്‍ബറ്റോവ്, കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം, കഴിഞ്ഞ വര്‍ഷത്തെ ടോപ്‌സ്‌കോറര്‍ മാഴ്‌സെലീഞ്ഞോ, സമീഗ് ദൗത്തി തുടങ്ങിയവരാണ് ഇത്തവണത്തെ ടൂര്‍ണമെന്റിലെ സൂപ്പര്‍താരങ്ങള്‍. ഇത്തവണ ടീമുകളില്‍ അപ്പാടെ അഴിച്ചുപണി നടത്തിയാണ് കിരീടം ലക്ഷ്യമിട്ട് നാലാം പതിപ്പിലേക്ക് പന്തുതട്ടാന്‍ ക്ലബ്ബുകള്‍ എത്തുന്നത്. ഇനി മനസ്സും കണ്ണും കാതുമെല്ലാം ലോക ഫുട്‌ബോളിലെ മിന്നും താരങ്ങളുടെ ഡ്രിബ്ലിങ്ങിനും ടാക്ലിങ്ങിനും പിന്നാലെ. സുന്ദര മനോഹര ഗോളുകള്‍ക്കായി.

മത്സര ക്രമം ലോകോത്തര ലീഗുകളുടെ നിലവാരത്തില്‍

കൊച്ചി: ടീമുകളുടെ എണ്ണം കൂടിയതാണ് ഇത്തവണത്തെ ഐഎസ്എല്ലിന്റെ ഏറ്റവും വലിയ സവിശേഷത. 2016 എഎഫ്‌സി കപ്പിലെ റണ്ണേഴ്‌സ് അപ്പായ ബെംഗളൂരു എഫ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയും കന്നിക്കാരായി മത്സരിക്കാനെത്തും. ടീമുകള്‍ കൂടിയതിനൊപ്പം കളികളുടെ എണ്ണവും വര്‍ധിച്ചു. ഫൈനലടക്കം ആകെ 95 മത്സരങ്ങളാണ് ഇത്തവണ. മുന്‍ സീസണുകളില്‍ എല്ലാ ദിവസവും മത്സരങ്ങള്‍ നടന്നെങ്കില്‍ ഇത്തവണ അത് അഞ്ച് ദിവസമായി ചുരുങ്ങി. ലോകോത്തര ലീഗുകളുടെ നിലവാരത്തില്‍ അഞ്ചു മാസം നീളുന്നതാണ് മത്സര ക്രമം. കൂടുതല്‍ കാണികളെ ലക്ഷ്യമിട്ട് കളി സമയത്തിലും മാറ്റമുണ്ട്. രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. രണ്ടു മത്സരങ്ങളുള്ള ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിനായിരിക്കും ആദ്യ മത്സരം. ഐഎസ്എല്‍ ചാമ്പ്യന്മാര്‍ക്ക് അടുത്ത വര്‍ഷം എഎഫ്‌സി കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാമെന്ന പ്രത്യേകതയും ഐഎസ്എല്‍ നാലാം സീസണിനുണ്ട്. കിരീടം തേടി ടീമുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. വിദേശത്ത് പ്രീസീസണ്‍ പൂര്‍ത്തിയാക്കി ടീമുകളെല്ലാം ഇന്ത്യയില്‍ തിരിച്ചെത്തി സ്വന്തം തട്ടകത്തില്‍ അവസാനവട്ട തയ്യാറെടുപ്പുകളിലാണ്.