ഉങ്ങ്

Monday 13 November 2017 8:51 pm IST

ശാസ്ത്രീയനാമം:  Pongamia pinnata സംസ്‌കൃതം: കരഞ്ജ, നക്തമാല തമിഴ്: പുങ്ക് എവിടെ കാണാം: തെക്കേ ഇന്ത്യയിലും ഉത്തരേന്ത്യയിലും മഴ കുറഞ്ഞ പ്രദേശങ്ങളില്‍ ധാരാളമായി കാണാം. പ്രത്യുത്പാദനം: വിത്തില്‍ നിന്നും പ്രത്യുത്പാദിപ്പിക്കാം. ചില ഔഷധ പ്രയോഗങ്ങള്‍: പൈല്‍സിന് ഇതിലും നല്ലൊരു ഔഷധമില്ല. ഉങ്ങിന്റെ തളിരില 300 ഗ്രാം, കറിവേപ്പില 300 ഗ്രാം, പഴുത്ത നാളികേരം( നന്നായി മൂത്ത് ഉണങ്ങി വീഴുന്നതിന് മുമ്പുള്ള നാളികേരം) ചിരകിയത് 300 ഗ്രാം. ഇലകള്‍ അരിഞ്ഞുകൂട്ടുക. ഇതിലേക്ക് തേങ്ങയിട്ട് നന്നായി ഇളക്കുക. ഓട്ടുപാത്രം അല്ലെങ്കില്‍ ഇരുമ്പ് പാത്രത്തിലേക്ക്( അലുമിനിയം പാത്രം ഉപയോഗിക്കരുത്) 200 മില്ലി നറുനെയ്യ് ഒഴിക്കുക. ഇതിലേക്ക് 50 ഗ്രാം കടുകിട്ട് മൂപ്പിക്കുക. കടുക് മൂത്ത് പൊട്ടുമ്പോള്‍ 50 ഗ്രാം ചുവന്നുള്ളി അരിഞ്ഞതും ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് അരിഞ്ഞുകൂട്ടി തേങ്ങയും ചേര്‍ത്ത് ഇളക്കി വച്ചിരിക്കുന്ന കൂട്ട് ചേര്‍ക്കുക. രണ്ട് ഗ്ലാസ് ശുദ്ധജലം (ഇലകള്‍ വേവാനാവശ്യത്തിന്) ഒഴിച്ച് ആവശ്യത്തിന് ഇന്തുപ്പും ചേര്‍ത്ത് മൂടിവയ്ക്കുക. ഇലകള്‍ വെന്തുകഴിയുമ്പോള്‍, വെള്ളം വറ്റിച്ച് നന്നായി ഇളക്കി വാങ്ങി വയ്ക്കുക. ഇത് ചോറിന് കറിയായിട്ടോ അല്ലാതെയോ മൂന്ന് ദിവസം കൊണ്ട് കഴിച്ചു തീര്‍ക്കുക. പൈല്‍സ് കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ ഔഷധക്കൂട്ട് ശമനം നല്‍കും. വന്‍കുടലില്‍ ഉണ്ടാകുന്ന ചെറുകുരുക്കളും പരുക്കളും, വയറില്‍ ആമാശയ ഭിത്തിയിലെ തൊലി പോകുന്ന രോഗവും മലബന്ധവും ശമിക്കും. ഇത് വളരെ ശ്രേഷ്ഠമായൊരു കൂട്ടാണ്. ഉങ്ങിന്റെ തൊലി ഇടിച്ചുപിഴിഞ്ഞ നീര് വ്രണം ശുദ്ധിയാക്കാന്‍ ഉപയോഗിക്കുന്നു. ഉങ്ങിന്റെ ഇലയിടിച്ചുപിഴിഞ്ഞ നീര് തേച്ചാല്‍ ത്വക് രോഗം മാറും. വിഷ ചികിത്സയിലും ഗ്യാസ്, പുളിച്ചുതികട്ടല്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്ന വില്വാദ്രി ഗുളികയില്‍ ഉങ്ങിന്റെ വിത്ത് ഒരു ഘടകമാണ്. വാതത്തിന് ഉപയോഗിക്കുന്ന മഹാവിഷമുക്തി തൈലത്തില്‍ ഉങ്ങിന്റെ തൊലിയും വേരും ചേര്‍ക്കുന്നു. വാതത്തിന്റെ അവസാന വാക്കാണ് മഹാവിഷമുക്തി തൈലം എന്നും പറയാം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.