ഒരിക്കലെടുത്ത് ഭജിക്കാം

Monday 13 November 2017 9:06 pm IST

അന്നും പതിവുപോലെ തൃപ്പുകയ്ക്ക് നേമവെടി കേട്ടനേരം മുത്തശ്ശനും മുത്തശ്ശിയും നാമം ചൊല്ലല്‍ നിര്‍ത്തി. മാത്രനേരം ഇരുവരും ധ്യാനം കൊണ്ടു; പൂജാമുറിയില്‍ നിന്ന് പുറത്തുകടന്നു. അത്താഴത്തിനു സമയമായിട്ടില്ല. കുറച്ചുനേരം വിശ്രമിക്കാമെന്നു കരുതി. മുത്തശ്ശന്‍ ചാരുകസേരയില്‍പ്പോയി കിടന്നു. അരികെയുള്ള സോഫയില്‍ മുത്തശ്ശി ഇരുന്ന നേരം, അപ്പോഴാണ് ഓര്‍മിച്ചതെന്ന മട്ടില്‍ മുത്തശ്ശന്‍ ആത്മഗതം കൊള്ളുമ്പോലെ പറഞ്ഞു: 'നാളെ തുലാം മുപ്പതല്ലേ? മറ്റന്നാള്‍ മുതല്‍ മണ്ഡലകാലം തൊടങ്ങായി അല്ലേ?' സോഫയില്‍ ചാരിയിരുന്ന മുത്തശ്ശി, തികച്ചും സാധാരണമട്ടില്‍ മൊഴിഞ്ഞു: 'അതേല്ലോ-' 'എന്തൊക്ക്യാ ഒരുക്കങ്ങള്‍?' മുത്തശ്ശന്‍ തിരക്കി. 'ഒരുക്കങ്ങളെന്താ? എല്ലാം പതിവുപോലെത്തന്നെ' മുത്തശ്ശി തുടര്‍ന്നു: 'വെളുപ്പിനേ കുളിച്ചുശുദ്ധായി അമ്പലത്തില് പൂവ്വാ; ഭഗവാനെ ദര്‍ശിച്ച്, തിരിച്ചുവന്ന്, ഒരിക്കലേറ്റ് ഭഗവാനെ ഭജിക്ക്യാ. ദശമോം കിളിപ്പാട്ടുംകൃഷ്ണഗാഥേം ചൊല്ലിത്തീര്‍ക്കാ. എന്താ, അങ്ങനെയല്ലേ?' 'അങ്ങനെത്തന്നെ'- മുത്തശ്ശന്‍ തലകുലുക്കി. 'ഒന്നു ചോദിച്ചോട്ടെ?' മുത്തശ്ശി ആരാഞ്ഞു. ഒരിക്കലേറ്റല്ലേ നമ്മള്‍ ഭാഗവതകഥ ചൊല്ലിത്തീര്‍ക്കുന്നത്? 'അതേല്ലോ' 'രാമായണമാസത്തില്‍ രാമായണകഥ ചൊല്ലിത്തീര്‍ക്കുന്നത് ഇങ്ങനെ ഒരിക്കലേറ്റാണോ? അല്ലല്ലോ?' 'അങ്ങനെ നിര്‍ബന്ധംല്യ' 'അപ്പൊപ്പിന്നെ, മണ്ഡലകാലത്ത് ഭാഗവതകഥ ചൊല്ലി കേള്‍ക്കാന്‍ നേരം എന്തിനാ ഇങ്ങനെ ഒരിക്കല്‍ വ്രതം?' നേര്‍ത്ത ചിരി ചുണ്ടത്തൊതുക്കി മുത്തശ്ശന്‍ പറഞ്ഞു: 'എത്ര കാലായി നമ്മളിങ്ങനെ മണ്ഡലകാലത്ത് ഒരിക്കലേറ്റ് ദശമോം കിളിപ്പാട്ടും കൃഷ്ണഗാഥേം ഒക്കെ ചൊല്ലി ഭഗവാനെ ഭജിക്കുന്നു. ഇതുവരെ ഇങ്ങനെ ഒരു സംശയം ഉണ്ടായിട്ടില്ല, ഉവ്വോ?' 'എന്നുവച്ച്, ഇപ്പൊ ഇങ്ങനെ ഒരു സംശയം ഉണ്ടായിക്കൂടാ എന്നുണ്ടോ?' 'ഏയ്. അങ്ങന്യൊന്നുംല്യ'- മുത്തശ്ശന്‍ തുടര്‍ന്നു: 'ഒന്നു ചോദിച്ചോട്ടെ. പണ്ടുള്ളോര് മണ്ഡലകാലത്ത് ഇങ്ങനെ ഭാഗവതപാരായണവും കൃഷ്ണഭജനവും തൊടങ്ങാന്‍ എന്താകാരണം എന്നറീല്യേ?' 'ഉവ്വല്ലോ' -മുത്തശ്ശിയുടെ ശബ്ദത്തില്‍ ആത്മവിശ്വാസം തുടിച്ചു:' ദ്വാരക സന്ദര്‍ശിക്കാനെത്തിയ മുനിവര്യന്മാരെ സാരണനും കൂട്ടരും കബളിപ്പിച്ചു; മഹര്‍ഷിമാര്‍ അവരെ ശപിച്ചു. ശാപം മൂലം യദുകുലം മുടിയാന്‍ കാലം, ഭഗവാന്‍ അച്ഛനമ്മമാരെ പ്രഭാസതീര്‍ത്ഥക്കരയില്‍, ജഗന്നാഥസന്നിധിയില്‍ ഭജിക്കാനയച്ചു. മണ്ഡലകാലത്ത് ഭജനം നടത്തിയിരുന്ന അവര്‍ക്ക് ഗര്‍ഗാചാര്യന്‍ ഭഗവാന്റെ കഥകള്‍ ചൊല്ലിക്കൊടുത്തു. മണ്ഡലകാലം തീര്‍ന്നപ്പോള്‍, ഭജനം കാലംകൂടിയ നാള്‍ ദേവകിയും രോഹിണിയും വസുദേവരും മോക്ഷലോകം പൂകി. അത്തരം പുണ്യം കൈവരാന്‍ വേണ്ടി, മണ്ഡലകാലത്ത് ഭഗവാനെ ഭജിക്കലും ഭഗവദ്കഥകള്‍ ചൊല്ലിക്കേള്‍ക്കലും നമുക്ക് ഒരാചാരമായി. എന്താ, അങ്ങനെയല്ലേ?' 'ബലേ, ഭേഷ്!' മുത്തശ്ശന്‍ ഹര്‍ഷവായ്‌പോടെ പറഞ്ഞു: 'അങ്ങനെത്തന്നെ' 'ഒരിക്കലേറ്റാണോ ദേവകീം രോഹി ണീം വസുദേവരും ഭഗവാനെ ഭജിച്ചിരുന്നത്?' മുത്തശ്ശി ആരാഞ്ഞു. 'എന്നു തീര്‍ത്തു പറയാനാവില്ല. ആയിരിക്ക്യാം എന്നു നിരീക്ക്യാനേ ആവൂ'' 'സാധാരണയായി ഭജനം നടത്തുമ്പൊ ഒരിക്കല്‍ ആചരിക്കണം എന്നു നിര്‍ബന്ധം ഇല്യാ, ഉവ്വോ?' 'പക്ഷേ, മണ്ഡലകാലത്ത് കൃഷ്ണഭജനം നടത്തുമ്പൊ, ഒരിക്കല്‍ ആചരിക്കണം എന്നു നിര്‍ബന്ധം വച്ചത് വില്വമംഗലം സ്വാമിയാരാണ്' 'അതെന്തിനാണാവോ?' 'കുറൂരമ്മയ്ക്കുവേണ്ടിയാണത്രേ, സ്വാമിയാര് ഇവിടെ മണ്ഡലകാലത്ത് കൃഷ്ണഭജനം തുടങ്ങീതും അതിനിങ്ങനെ ഒരിക്കലേല്‍ക്കണമെന്നു നിര്‍ബന്ധം വച്ചതും' 'അങ്ങനെയാണോ?' 'എന്നാ കേള്‍വി. കുറൂരമ്മ ആ കാലത്തെങ്കിലും ദിവസം ഒരിക്കല്‍ ഭക്ഷണം കഴിയ്ക്കുമല്ലോ എന്നു സ്വാമിയാര് ആശ്വസിച്ചു.' 'എന്നു വെച്ചാല്‍?' 'ഭക്ഷണം കഴിക്കുക എന്നുവച്ചാല്‍ കുറൂരമ്മയ്ക്ക് എന്തോ ശിക്ഷയേല്‍ക്കുന്ന മട്ടായിരുന്നൂത്രേ. നിത്യവും ഉപവസിക്ക്യാനായിരുന്നു അമ്മയ്ക്ക് താല്‍പര്യം. അതിന് അമ്മ എന്തെങ്കിലും കാരണം കണ്ടെത്തും. ഒന്നുകില്‍ ഏകാദശി. അല്ലെങ്കില്‍ അമാവാസി. അതല്ലെങ്കില്‍ പ്രദോഷം. വിനായക ചതുര്‍ത്ഥി, ഋഷിപഞ്ചമി, സ്‌കന്ദഷഷ്ഠി, ലളിത വ്രതം.... അതങ്ങനെ നീണ്ടുപോവും. പട്ടിണികിടന്ന് അമ്മ എല്ലും തോലുമായി. മഞ്ജുളയായിരുന്നല്ലോ അമ്മയുടെ കഴകക്കാരി. അവള്‍ക്കിതു സഹിക്കാനാവാതായി. അവള്‍ ചെന്ന് സ്വാമിയാരുടെ അടുക്കല്‍ ആവലാതിപ്പെട്ടു. അങ്ങനെ അക്കാര്യത്തില്‍ സ്വാമിയാര് ഇടപെട്ടു' 'എങ്ങനെ?' 'മണ്ഡലകാലം ആരംഭിക്കാനിരിക്കയായിരുന്നു. സ്വാമിയാര് അമ്മയോടു പറഞ്ഞു: മണ്ഡലകാലത്ത് ഭഗവാനെ ഭജിക്കുന്ന ഒരു സമ്പ്രദായത്തിനു അവിടുത്തെ മാതാപിതാക്കള്‍ മാതൃക കാട്ടിയിട്ടുണ്ടല്ലോ. ആ മട്ടിലൊരു ആചാരം നമുക്കു തുടങ്ങിവച്ചാലെന്താ? മണ്ഡലകാലത്ത് ഇവിടെ സന്നിധിയില്‍ ഭജനം നടത്താം. ഒരിക്കലാചരിച്ച്, കൃഷ്ണകഥകള്‍ ചൊല്ലിക്കേള്‍ക്കുകയുമാവാം.' 'അമ്മ സമ്മതിച്ചു, അല്ലേ?' 'പിന്നില്ലേ! സ്വാമിയാര് പറഞ്ഞാല് അമ്മയ്ക്ക് ഒരു മറുവാക്കുണ്ടോ? കൃഷ്ണ കഥകള്‍ കേള്‍ക്കാന്‍ ഏറെ താല്‍പ്പര്യമല്ലേ അമ്മയ്ക്ക്? അങ്ങനെ, ഗുരുവായൂരപ്പന്റെ സന്നിധിയില്‍, വൃശ്ചികം ഒന്നുമുതല്‍ ധനുപതിനൊന്നുവരെയുള്ള മണ്ഡലകാലം നാല്‍പ്പത്തൊന്നു ദിവസം അമ്മ മുടങ്ങാതെ ഒരിക്കലേറ്റ് ഭഗവാനെ ഭജിച്ചു.' 'എന്നുവച്ചാല്‍, ദിവസം ഒരു നേരം ഭക്ഷണം കഴിച്ചുകൊണ്ടുള്ള ഭജനം, അല്ലേ?' 'അങ്ങനെത്തന്നെ. സ്വാമിയാര് ആ ദിവസങ്ങളില്‍ അമ്മയെ കൃഷ്ണകഥകള്‍ ചൊല്ലിക്കേള്‍പ്പിച്ചുപോന്നു.' 'ഒന്നു ചോദിച്ചോട്ടെ. എന്തിനാ അമ്മ ഇങ്ങനെ ഉപവസിക്കാന്‍ താല്‍പ്പര്യം കൊണ്ടത്?' 'ഉപവാസം ഒരു തപസ്സാണ്. വേദത്തിനപ്പുറം ശാസ്ത്രമില്ലാ; അമ്മയ്ക്കപ്പുറം ഗുരുവില്ല; ധര്‍മ്മത്തിനപ്പുറം നേട്ടമില്ലാ; ഉപവാസത്തിനപ്പുറം തപസ്സില്ലാ എന്നാണ് പറയുക.' 'അപ്പോള്‍, ഉപവാസത്തിന്റെ മഹത്വം മനസ്സിലേറ്റാന്‍ വേണ്ടിയാണോ നാം ഒരിക്കലേറ്റ് ഭഗവാനെ ഭജിക്കുന്നത്?' 'അതിനപ്പുറം മറ്റൊരു ലക്ഷ്യം കൂടിയുണ്ടെന്ന് തോന്നുന്നു. ഭക്ഷണംപോലെ ജീവന്‍ നിലനിര്‍ത്താന്‍ പോരുന്ന വസ്തുക്കളെപ്പോലും വേണ്ടെന്നു വയ്ക്കാന്‍-സന്ത്യാഗത്തിന്റെ ശക്തി മനസ്സിലെത്തിക്കാന്‍-വൈരാഗ്യത്തിന്റെ മോക്ഷത്തെക്കുറിച്ച് ബോധ്യം വരുത്താന്‍. കൃഷ്ണഗാഥയില്‍ പറയുന്നില്ലേ. സംസാരമോക്ഷത്തിന്‍ കാരണമായതോ വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേള്‍പ്പൂ എന്നതുതന്നെ വരുത്തിനിന്നീടുവാന്‍ ഇന്നിതുതന്നെ ഞാന്‍ നിര്‍മിക്കുന്നു.... 'അപ്പോള്‍' മുത്തശ്ശി പറഞ്ഞു: 'കുറൂരമ്മയെ ഒരിക്കലൂട്ടാന്‍ കൃഷ്ണഭജനത്തിലൂടെ വഴിയൊരുക്കിയ സ്വാമിയാര്, നമ്മെ ഊട്ടുന്നത് ഒരു വലിയ തത്ത്വചിന്തയുടെ സാരത്തെയാണല്ലേ?' 'അതാണ് ശരി. നമുക്ക് നാളെ തുടരാം'