ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യാത്രക്കാരന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി

Monday 13 November 2017 9:44 pm IST

  തൊടുപുഴ: മണക്കാടിന് സമീപം ഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു, യാത്രക്കാരന് ഗുരുതര പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 മണ ിയോടെ മണക്കാട് സഹകരണ ബാങ്കിന് മുമ്പില്‍ വച്ചാണ് സംഭവം. ആല്‍പാറ സ്വദേശി ശശിയ്ക്കാണ് പരിക്കേറ്റത്. കാല്‍ മുട്ടിന് താഴെ വട്ടം ഒടിഞ്ഞ് തൂങ്ങിയ ശശി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊടുപുഴ- ആരക്കുഴ- മൂവാറ്റുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നിര്‍മ്മാല്യം എന്ന ബസിന്റെ ടയറാണ് പൊട്ടിയത്. ടയര്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ച ശബ്ദം കേട്ട ഉടനെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയും ആളുകള്‍ ഭയന്ന് ഇറങ്ങിയോടുകയുമായിരുന്നു. സമീപത്തെ ബാങ്കിന് മുന്നില്‍ കൂടിയിരുന്നവരും ജീവനക്കാരും സംഭവ സ്ഥലത്ത് ഓടിയെത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. തൊടുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബസിന്റെ വലത് വശത്ത് പിന്നില്‍ ഉള്ളിലായുള്ള ടയറാണ് പൊട്ടിത്തെറിച്ചത്. വശത്തെ തകിടും, യാത്രക്കാരനിരുന്ന പ്ലാറ്റ്‌ഫോമിലെ തകിടുമാണ് തകര്‍ന്നത്. ബസിന്റെ ടയറുകള്‍ മോശമാണെങ്കിലും പൊട്ടിത്തെറിച്ച ടയറിന് പ്രശ്‌നങ്ങളില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ സന്തോഷ് പറഞ്ഞു. വഴി മോശമാണ്, ഇതിലൂടെ സഞ്ചരിച്ചപ്പോള്‍ ടയറുകളുടെ ഇടയില്‍ കല്ല് കയറി ഇരുന്ന് ദ്വാരം വീണതാകാം പൊട്ടിത്തെറിക്ക് കാരണമായത്. അരമീറ്ററോളം നീളത്തില്‍ ടയര്‍ വിണ്ട് കീറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസില്‍ നിന്ന് പേപ്പറുകള്‍ ലഭിക്കുന്ന മുറയ്ക്ക് വണ്ടിയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കാനുള്ള നീക്കവും വകുപ്പ് തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നഗരത്തിലോടുന്ന ബസുകളില്‍ പരിശോധന നടക്കും. പതിവായി ഇത്തരത്തില്‍ പരിശോധന വേണമെന്ന ആവശ്യവും ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.