പന്തളം: ശബരിമലയെ അടുത്തറിയുന്ന ഇരുമുടിയുമായി ഇനി പതിനെട്ടാംപടി ചവിട്ടാം.! ശബരിമല തീര്‍ഥാടനം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയില്‍തന്നെ ആദ്യമായി ക്യുആര്‍ കോഡ് രേഖപ്പെടുത്തിയ പരിസ്ഥിതി സൗഹൃദ ഇരുമുടി ക്ഷത്രിയ ക്ഷേമസഭ പുറത്തിറക്കുന്നു. തുണി കൊണ്ടുള്ള ഇരുമുടിയില്‍ അച്ചടിച്ചിരിക്കുന്ന കോഡ് സ്മാര്‍ട്ട് ഫോണുകളിലെ പ്രത്യേക ആപ്ലിക്കേഷനുകള്‍ വഴി സ്കാന്‍ ചെയ്തെടുത്താല്‍ ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാകും.
ബാര്കോഡുകളുടെ പുതിയ പരിഷ്ക്കാരത്തില്പെട്ടതാണ് ക്യുആര്‍ കോഡുകള്‍. ഫോണില്‍ ക്യൂആര്‍ കോഡ് സംവിധാനം ഇല്ലാത്തവര്‍ക്ക് സൗജന്യമായി ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തശേഷം ഉപയോഗിക്കാം. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍പെട്ട നൂതനമാര്‍ഗം ഇതാദ്യമായാണ് ഏര്‍പ്പെടുത്തുന്നത്. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതിനു സമീപത്തു തന്നെയാണ് കോഡും അച്ചടിച്ചിരിക്കുന്നത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍, വഴിപാട് വിവരങ്ങള്‍ നിരക്ക്, ഫോട്ടോ വീഡിയോ ഗ്യാലറി എല്ലാം അടങ്ങുന്നതാണ് കോഡ്.
ക്ഷത്രിയം എന്നു പേരിട്ടിരിക്കുന്ന ഇരുമുടിയുടെ വിപണനോദ്ഘാടനം 17നു രാവിലെ 11നു പന്തളം കൊട്ടാരത്തിലെ തിരുവാഭരണ തിരുമുറ്റത്ത് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത നിര്‍വഹിക്കും. ക്ഷത്രിയ ക്ഷേമസഭ സംസ്ഥാനപ്രസിഡന്റ് പ്രഫ. കെ.എന്‍. സുരേന്ദ്ര നാഥവര്മ ഏറ്റുവാങ്ങും. സഭാ സംസ്ഥാന ജനറല്‍സെക്രട്ടറിയും ക്ഷത്രിയം കോ ഓര്‍ഡിനേറ്ററുമായ ആത്മജവര്‍മ തമ്പുരാന് പദ്ധതി വിശദീകരിക്കും. ക്ഷത്രിയ ക്ഷേമ സഭ യൂണിറ്റ് പ്രസിഡന്റ് പി. രാഘവവര്‍മ അധ്യക്ഷത വഹിക്കും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്തയെ പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: