ദേവസ്വം ബോര്‍ഡ് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Monday 13 November 2017 10:02 pm IST

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ കൈയടക്കിയതില്‍ പ്രതിഷേധിച്ച് ക്ഷേത്രരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്

കോഴിക്കോട്: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് കയ്യടക്കിയതില്‍ പ്രതിഷേധിച്ചും ക്ഷേത്രം ഭക്തര്‍ക്ക് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടും മലബാര്‍ ക്ഷേത്രരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ശബരിമല അയ്യപ്പസേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം കയ്യടക്കിയ നടപടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് സ്വാമി അയ്യപ്പദാസ് പറഞ്ഞു.
മലബാര്‍ ദേവസ്വം ബോര്‍ഡാണ് ക്ഷേത്രം കൈയടക്കിയതെങ്കിലും മറുപടി പറയേണ്ടിവരിക മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്.

പാര്‍ത്ഥസാരഥി ക്ഷേത്രം ഒരു തുടക്കം മാത്രമാണെന്ന് ഹിന്ദു സമൂഹം തിരിച്ചറിയണം. നിരവധി ക്ഷേത്രങ്ങളില്‍ ബോര്‍ഡ് കണ്ണ് വെച്ചിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാണെന്നും മതേതര സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ കൈയടക്കുന്നതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു. കേളപ്പജിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇന്ന് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് പറഞ്ഞു.

ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, മലബാര്‍ ദേവസ്വം പാരമ്പര്യ ട്രസ്റ്റി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.കെ. സതീഷ് രാജ, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എ. ശ്രീധരന്‍, മലബാര്‍ ക്ഷേത്ര രക്ഷാസമിതി സെക്രട്ടറി പി.വി. മുരളീധരന്‍, ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് കെ. രജിനേഷ് ബാബു, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു എന്നിവര്‍ സംസാരിച്ചു.

വി.കെ. വിശ്വനാഥന്‍, എം.സി. വത്സന്‍, പി. സുധാകരന്‍, ശശി കമ്മട്ടേരി, ടി.യു. മോഹനന്‍, കൃഷ്ണ പ്രഗീഷ്, ലക്ഷ്മി ശ്രീനിവാസ്, സുശീല ജയന്‍, സി.എസ്. സത്യഭാമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലബാര്‍ ക്രിസ്ത്യന്‍ കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ഓഫീസിന് സമീപം പോലീസ് തടഞ്ഞു.

പിന്നില്‍ ആസൂത്രിത ഗൂഢാലോചന: ബിജെപി

കോഴിക്കോട്: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തതിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. ക്ഷേത്രം ഭക്തര്‍ക്ക് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ക്ഷേത്രരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതെന്നാണ് പറയുന്നത്. എന്നാല്‍ ആ കോടതി വിധി ഏതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രിയും കോടതി വിധിയെക്കുറിച്ച് പൊതുസംവാദത്തിന് തയ്യാറുണ്ടോ. കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്താണ് ക്ഷേത്രം കയ്യടക്കിയിരിക്കുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാരാണ് ക്ഷേത്രം ഏറ്റെടുത്തത്. ക്ഷേത്രങ്ങളിലെ സ്വത്തിലുള്ള അമിത താത്പര്യമാണ് സിപിഎം സര്‍ക്കാരിനെ ഇതിനു പ്രേരിപ്പിച്ചത്. മാത്തൂര്‍ ദേവസ്വം ഭൂമി മന്ത്രി കൈയേറിയതിനെക്കുറിച്ച് മിണ്ടാത്തവരാണ് പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്. തര്‍ക്കമുള്ളതിന്റെ പേരിലാണ് ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നതെന്നാണ് മറ്റൊരു വിശദീകരണം. അങ്ങനെയെങ്കില്‍ നിരവധി കേസുകളും തര്‍ക്കങ്ങളുമുള്ള ആരാധനാലയങ്ങള്‍ ഇതര സമുദായങ്ങള്‍ക്കുമുണ്ട്. ഇത്തരത്തിലുള്ള ആരാധനാലയങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? എം.ടി. രമേശ് ചോദിച്ചു.

കേരളം കണ്ട ഏറ്റവും വലിയ ഹിന്ദുവിരുദ്ധ സര്‍ക്കാരാണ് പിണറായിയുടേത്. ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കാനിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി വെട്ടിക്കുറച്ചത് തീര്‍ത്ഥാടനം അട്ടിമറിക്കാനാണ്. നിലയ്ക്കലില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെ മുട്ടുകുത്തിച്ച പോലെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ പിണറായിയെയും മുട്ടുകുത്തിക്കും. ഇതിനായി രണ്ടാം നിലയ്ക്കല്‍ സമരം ആരംഭിക്കണമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.