വ്യാജ പ്രമാണം ഹാജരാക്കി 21 ലക്ഷം തട്ടി; നാല് പേര്‍ അറസ്റ്റില്‍

Monday 13 November 2017 10:05 pm IST

അറസ്റ്റിലായ പ്രതികള്‍

അടിമാലി(ഇടുക്കി): വ്യാജപ്രമാണം നല്‍കി ബാങ്കില്‍ നിന്ന് 21 ലക്ഷം രൂപ തട്ടിയ കേസില്‍ നാല് പേര്‍ പിടിയില്‍.രാജാക്കാട് സ്വദേശികളായ പുളിമൂട്ടില്‍ പി.ഡി. ദേവസ്യ (56), കരിമ്പന്‍കാലായില്‍ ജോസഫ് മാത്യു (77), ഉരുമ്പില്‍ ബാലന്‍ (66), ചെമ്മണ്ണാര്‍ സ്വദേശി നിരപ്പേല്‍ മാത്യു (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2007-2008 ല്‍ ഫെഡറല്‍ ബാങ്കിന്റെ കുഞ്ചിത്തണ്ണി ശാഖയില്‍ നിന്നും വ്യാജ ആധാരം പണയപ്പെടുത്തി 21 ലക്ഷം രൂപ കാര്‍ഷിക വായ്പയായി തട്ടിയെടുത്തെന്നാണ് കേസ്.

രാജാക്കാട്, പൂപ്പാറ തുടങ്ങി ഉടുമ്പന്‍ചോല താലൂക്കിലെ വിവിധ വില്ലേജുകളില്‍പ്പെട്ട സര്‍ക്കാര്‍ ഭൂമിക്കാണ് പ്രതികള്‍ വ്യാജ ആധാരം നിര്‍മ്മിച്ചെടുത്തത്. വ്യാജ ആധാരത്തില്‍ വ്യാജ സര്‍വ്വെനമ്പര്‍ ചേര്‍ക്കുകയും ഭൂമിക്ക് കരം കെട്ടിയതായുള്ള വ്യാജരസീത് സംഘടിപ്പിച്ചെടുക്കുകയും ചെയ്തു. വായ്പ ലഭിച്ചശേഷം പ്രതികള്‍ തുക തിരിച്ചടക്കാതെ വന്നതോടെ സംഭവത്തില്‍ ബാങ്ക് അധികൃതര്‍ ഇടപെട്ടു. ഓഡിറ്റിങ് നടത്തിയതോടെ നാലംഗസംഘം ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുന്നത് വ്യാജപ്രമാണമാണെന്ന് ബാങ്ക് കണ്ടെത്തി.

തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്, വെള്ളത്തൂവല്‍ എസ്‌ഐ എസ്. ശിവലാല്‍ പറഞ്ഞു.
തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. വില്ലേജ് അധികൃതര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എസ്‌ഐ എസ്. ശിവലാല്‍, അഡീഷണല്‍ എസ്‌ഐ ചാക്കോ, എഎസ്‌ഐമാരായ വര്‍ഗ്ഗീസ്, സോമന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്ള, ഫൈസല്‍, ഷാന്‍, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ചതുരങ്കപ്പാറ വില്ലേജ് ഓഫീസില്‍ അതിക്രമിച്ച് രേഖകള്‍ കത്തിച്ച കേസിലെ പ്രതിയാണ് ഇപ്പോള്‍ പിടിയിലായ പി.ഡി. ദേവസ്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.