സര്‍ക്കാരിന് താക്കീതായി ബിജെപിയുടെ ഉപരോധം

Monday 13 November 2017 10:18 pm IST

തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തിലും സോളാര്‍ കേസിലും നടപടി എടുക്കണമെന്നാവശ്യപ്പെട്ട്ബി ജെപി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം സംസ്ഥാന അധ്യക്ഷന്‍കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കായല്‍ കൈയേറ്റ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ഭരണസിരാകേന്ദ്രം ബിജെപി ഉപരോധിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഉപരോധം തുടങ്ങിയതോടെ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകളും പോലീസ് അടച്ചിട്ടു. ഇതോടെ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം ഉച്ചവരെ ഭാഗികമായി സ്തംഭിച്ചു. രാവിലെ ആരംഭിച്ച ഉപരോധം ഉച്ചവരെ നീണ്ടു.

മാര്‍ത്താണ്ഡം കായല്‍ പ്രദേശത്തെ പ്രവര്‍ത്തകരും മാത്തൂര്‍ ദേവസ്വം അംഗങ്ങളും ഉപരോധത്തില്‍ പങ്കെടുത്ത് കൈയേറ്റങ്ങള്‍ വിശദീകരിച്ചതോടെ മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞതു പോലെ മന്ത്രിയോട് ‘ഇറങ്ങ് പുറത്ത്’ എന്ന് പറയാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

പതിനെട്ട് നിയമ ലംഘനങ്ങള്‍ ചാണ്ടി നടത്തി. നിയമോപദേശങ്ങളെല്ലാം എതിരായിരുന്നിട്ടും മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനെന്നു വ്യക്തമാക്കണം. തോമസ് ചാണ്ടി നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരം ഒളിപ്പിച്ചുവച്ചു. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണിത്. അതിനാല്‍ മന്ത്രിയെ പുറത്താക്കിയില്ലെങ്കില്‍ ഗവര്‍ണര്‍ നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ബിജെപി മേഖലാ സെക്രട്ടറി വെള്ളിയാംകുളം പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ഒ. രാജഗോപാല്‍ എംഎല്‍എ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, ശോഭ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, ജെ.ആര്‍. പത്മകുമാര്‍, സി. ശിവന്‍കുട്ടി, രേണുക സുരേഷ്, അഡ്വ.എസ്. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.