രണ്ടുലക്ഷവും സ്വര്‍ണവും കത്തിനശിച്ചു

Tuesday 14 November 2017 12:13 pm IST

കാട്ടാക്കട: തീപിടിത്തത്തില്‍ രണ്ടുലക്ഷവും സ്വര്‍ണവും വിലപ്പെട്ട രേഖകളും കത്തി നശിച്ചു. വീരണകാവ് ചന്ദ്രഭവനില്‍ മോഹനന്റെ വീട്ടിലാണ് തിങ്കളാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. പതിനൊന്നു മണിയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നതു കണ്ട പ്രദേശവാസികളാണ് വീട്ടുകാരെയും അഗ്‌നിശമനസേനയും അറിയിച്ചത്. കാട്ടാക്കട അഗ്‌നിശമനസേന എത്തി തീ നിയന്ത്രവിധേയമാക്കി. അഗ്‌നിക്കിരയായ വീട് റോഡില്‍ നിന്ന് ഉള്ളിലായതിനാല്‍ അഞ്ചു ഹോസുകള്‍ ഘടിപ്പിച്ചാണ് ജലം എത്തിച്ചത്. ബന്ധുവിന്റെ വിവാഹത്തിനായി വായ്പ വാങ്ങിയും ഉരുപ്പടി പണയം വച്ചും സൂക്ഷിച്ചിരുന്ന രണ്ടുലക്ഷത്തോളം രൂപയും മോഹനന്റെ മകള്‍ ശ്രീലക്ഷ്മിയുടെ മകന്റെ ബ്രെസ്‌ലെറ്റും മോതിരവും ഉള്‍പ്പടെ ആറുപവനോളം സ്വര്‍ണവും അഗ്‌നിക്കിരയായി. മുറിയിലുണ്ടായിരുന്ന ടിവിയും മറ്റു വൈദ്യുതി ഉപകരണങ്ങളും മേശകളും കത്തിയമര്‍ന്നു. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജനനസര്‍ട്ടിഫിക്കറ്റ്, മോഹനന്റെ മക്കളായ ശ്രീലക്ഷ്മിയുടെയും ശ്രീദേവിയുടെയും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പഠനോപകരണങ്ങള്‍ എന്നിവയും അഗ്‌നിക്കിരയായി. ചന്തയില്‍ തുണി കച്ചവടത്തിനായി കരുതിയിരുന്ന പുതിയ തുണിത്തരങ്ങളും കത്തിയമര്‍ന്നു. മുറിയിലുണ്ടായിരുന്ന ടിവിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നും ഷോര്‍ട്ട്‌സര്‍ക്യൂട്ട് ആകാം അപകട കാരണമെന്നുമാണ് പ്രാഥമികനിഗമനം. സ്റ്റേഷന്‍ ഓഫീസര്‍ പ്രിന്‍സ്, ലീഡിങ് ഫയര്‍മാന്‍ കെ. മോഹന്‍കുമാര്‍, സുമേഷ്, ഫയര്‍മാന്‍ പ്രസാദ്കുമാര്‍, രഞ്ജു കൃഷ്ണ, ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.