കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഏറ്റുമുട്ടി

Tuesday 14 November 2017 2:40 pm IST

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. ഒരു ഡോക്ടറുടെ കൈക്ക് ഒടിവു പറ്റിയതായി സൂചന. കരുനാഗപ്പള്ളിയില്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് രോഗികളുടെ മുന്നില്‍ ഏറ്റുമുട്ടിയത്. ഓപ്പറേഷന്‍ നടത്തുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ നിലനില്‍ക്കുന്ന ഇവിടെ അനസ്‌തേഷ്യ ഡോക്ടറെ കൂട്ടുപിടിച്ച് ഒരു ഡോക്ടര്‍ കൂടുതല്‍ രോഗികളെ ഓപ്പറേഷന്‍ ചെയ്യുന്നുവെന്നും, മറ്റു രണ്ടു പേര്‍ക്കും അവരുടെ രോഗികളെ ഓപ്പറേഷന്‍ ചെയ്യാനുള്ള അവസരം നിഷേധിക്കുന്നുവെന്നും പറഞ്ഞാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ഇതിനിടെ ഒരുദിവസം ഇവിടെ 11 ഓപ്പറേഷന്‍ നടത്തിയതും വിവാദമായി. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ ബീന ആറ്, ഡോക്ടര്‍ ഷൈല മൂന്ന്,രാത്രി എമര്‍ജന്‍സി ആയി രണ്ടു പേര്‍ക്കുമാണ് ഓപ്പറേഷന്‍ നടത്തിയത്. ഇത്രയും രോഗികളെ ഒരു ദിവസം ഓപ്പറേഷന്‍ നടത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ആക്ഷേപമുണ്ട്. ഇതു മൂലം അമ്മയ്ക്കും, കുഞ്ഞിനും വേണ്ടത്ര പരിചരണം കിട്ടായില്ലെന്നും പരാതിയുണ്ട്. സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പണക്കൊതിയും, അശ്രദ്ധയും മൂലം അപകടങ്ങള്‍ കൂടിവരികയാണ്. പരിശോധനയ്ക്ക് വന്ന രോഗിക്ക് അബോര്‍ഷന് കുറിച്ചു നല്‍കിയതും, പ്രസവത്തോട് അനുബന്ധിച്ച് യുവതി മരിച്ചതും ഉള്‍പ്പെടെ നിരവധി പരാതികള്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ട്. താക്കീതുകള്‍ നല്‍കി ഇത്തരക്കാരെ സംരക്ഷിയ്ക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മുന്‍പ് ഉണ്ടായതു പോലെ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഡിഎംഒ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി അന്വേഷണം നടത്തിമടങ്ങി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.