വാഹനാപകടത്തില്‍ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് സഹായം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

Tuesday 14 November 2017 2:44 pm IST

കൊല്ലം: കുന്നിക്കോട് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ദമ്പതികളുടെ അനാഥരായ രണ്ട് പെണ്‍കുട്ടികളുടെ സംരക്ഷണത്തിനും തുടര്‍ പഠനത്തിനും സാമ്പത്തിക സഹായം നല്‍കണമെന്ന് സര്‍ക്കാരിനോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. റവന്യു സെക്രട്ടറിക്കാണ് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവ് നല്‍കിയത്. 2017 ഏപ്രില്‍ 10ന് കൊല്ലം കുന്നിമക്കോട് നടന്ന വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശികളായ വിജയകുമാറും ഭാര്യ ബിന്ദുവും മരിച്ചിരുന്നു. റബര്‍ടാപ്പിംഗ് തൊഴിലാളിയായിരുന്ന വിജയകുമാറിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് സ്വന്തമായി വീടോ വസ്തുവോ ഇല്ല. പതിനാറും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ ഇപ്പോള്‍ കോന്നിയിലെ ശബരി ബാലികാസദനത്തിന്റെ സംരക്ഷണയിലാണ്. കൊട്ടാരക്കര റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം സ്വരൂപിച്ച് സമാഹരിച്ച് അഞ്ചുലക്ഷം രൂപ നല്‍കിയതല്ലാതെ മറ്റ് സാമ്പത്തിക സഹായങ്ങള്‍ ഒന്നും തന്നെ സര്‍ക്കാരില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിച്ചില്ലെന്ന് കൊല്ലം ജില്ലാകളക്ടര്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വീടോ വസ്തുവോ മാതാപിതാക്കളോ ഇല്ലാത്ത അനാഥജീവിതങ്ങള്‍ക്ക് കാര്യമായ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നത് വേദനാജനകമാണെന്നും കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. അപകടം നടന്ന സ്ഥലം അപകടമേഖലയായി തിരിച്ച് മുന്നറിയിപ്പ് ബോര്‍ഡുകളും ക്രാഷ് ബാരിയറും സ്ഥാപിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ദേശീയപാതാ അസിസ്റ്റന്റ് എക്‌സിക്യൂട്ടി്‌വ് എഞ്ചിനീയര്‍ കമ്മീഷനെ അറിയിച്ചു. ഗതാഗത തിരക്ക് പരിഗണിച്ച് റോഡിന്റെ വീതി ഏഴില്‍ നിന്നും പത്ത് മീറ്ററായി വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരവ് റവന്യു സെക്രട്ടറിക്കും കൊല്ലം കളക്ടര്‍ക്കും അയച്ചു. മുഖ്യന്ത്രിയുടെയും സാമൂഹ്യനീതി മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും ഉത്തരവ് അയച്ചിട്ടുണ്ട്. സ്വീകരിച്ച നടപടികള്‍ റവന്യൂ സെക്രട്ടറിയും ജില്ലാകളക്ടറും കമ്മീഷനെ അറിയിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.