എല്ലാ ജില്ലകളിലും ന്യായവില മെഡിക്കല്‍ വെറ്ററിനറി സ്റ്റോറുകളെന്ന് മന്ത്രി രാജു

Tuesday 14 November 2017 2:46 pm IST

കൊല്ലം: മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കന്‍ എല്ലാ ജില്ലകളിലും ന്യായവില വെറ്ററിനറി മെഡിക്കല്‍ സ്റ്റോറുകള്‍ മൃഗസംരക്ഷണ വകുപ്പ് തുടങ്ങുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ദേശീയ പക്ഷിമൃഗമേളയുടെ ഭാഗമായി കര്‍ഷകരുമായുള്ള മുഖാമുഖത്തിലാണ് മന്ത്രി ഇതു പറഞ്ഞത്. ഇറച്ചിക്കോഴി ഉല്‍പാദനത്തില്‍ വര്‍ദ്ധനയും തൊഴിലവസരങ്ങള്‍ കൂട്ടുന്നതിനുമായി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കോഴിവളര്‍ത്താന്‍ സഹായം നല്‍കും. യൂണിറ്റൊന്നിന് ഒരു ലക്ഷം രൂപയാകും നല്‍കുക. അടുത്ത വര്‍ഷം 5000 യൂണിറ്റുകളെ ഈ രംഗത്തേക്ക് എത്തിക്കും. ഹാച്ചറികളുടെ വിസ്തൃതി കൂട്ടാനും കൂടുതല്‍ എണ്ണം തുടങ്ങാനും തീരുമാനമുണ്ട്. കാലികര്‍ഷകര്‍ക്ക് കൂടി മൃഗങ്ങള്‍ക്കൊപ്പം ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത് പരിഗണനയിലാണ്. ഇറച്ചിയില്‍ ആന്റിബയോട്ടിക് സാന്നിദ്ധ്യമില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധനാസംവിധാനം സുശക്തമാക്കും. പാലുത്പാദനം കൂട്ടുന്നതിന് കാലികള്‍ക്ക് നല്‍കാന്‍ തീറ്റപ്പുല്ല് ഉത്പാദനം കൂട്ടുന്നതിന് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കും. രണ്ടര ഏക്കര്‍ സ്ഥലത്ത് തീറ്റപ്പുല്ല് കൃഷി ചെയ്യുന്നതിന് 20,000 രൂപ ഒരു വര്‍ഷം സബ്‌സിഡിയായി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. മുഖാമുഖത്തിനെത്തിയ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി അനില്‍സേവ്യര്‍, ഡയറക്ടര്‍ ഡോ.എന്‍.എന്‍.ശശി എന്നിവര്‍ക്കൊപ്പം പൊതുമേഖലാസ്ഥാപന മേധാവികളും പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടര്‍ ഡോ.ഡി.ഷൈന്‍കുമാര്‍ മോഡറേറ്ററായിരുന്നു.