ഗോ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി കേന്ദ്രം

Tuesday 14 November 2017 3:57 pm IST

ന്യൂദല്‍ഹി: ഗോ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. യോഗ ഗുരു രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പുമായി ചേര്‍ന്ന് 25000 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. രാംദേവിന് പദ്ധതിയ്ക്ക് വേണ്ടി 1000 ഏക്കര്‍ സ്ഥലം മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ അനുവദിക്കാന്‍  മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനോട്  കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. 10,000 പശുക്കളെ വളര്‍ത്തി പാലും പാലുത്പന്നങ്ങളും നിര്‍മിക്കാനാണ് പദ്ധതിയെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. അതേസമയം, കേന്ദ്രമന്ത്രിയുടെ ആവശ്യം ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസിനു മുമ്പാകെ എത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് കമ്മീഷണര്‍ അറിയിച്ചു. നിലവില്‍ 40 ഹെക്ടര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഹേതിയിലെ പശു വളര്‍ത്തല്‍ കേന്ദ്രം 328 ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനുള്ള നിര്‍ദേശം മാത്രമേ ലഭിച്ചിട്ടുള്ളെന്നും കമ്മീഷണര്‍ പറഞ്ഞു.വനം വകുപ്പിന് കീഴില്‍ വരുന്ന ബാക്കി സ്ഥലത്ത് ഈ കേന്ദ്രം പുനരുജ്ജീവിപ്പിക്കാന്‍ നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും ചില ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍, ഹേതിയില്‍ വ്യവസായ സംരംഭമല്ല, സേവന സംരംഭം തുടങ്ങാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പതഞ്ജലി ആചാര്യന്‍ ബാലകൃഷണ പറഞ്ഞതായി ഇന്ത്യന്‍ എകസ്പ്രസ് റിപ്പോര്‍ട്ട ചെയതു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ വിശദമായ പദ്ധതി വിവരങ്ങള്‍ നല്‍കാന്‍ നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടെന്നും ബാലകൃഷണ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.