പി.എം വേലായുധനെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Tuesday 14 November 2017 3:45 pm IST

വേലായുധന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍

കൊച്ചി: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം വേലായുധനെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പെരുമ്പാവൂരിന് സമീപം പട്ടിപ്പാറ ജംഗ്ഷനില്‍ വച്ച് KL 40 C1552 നിസാൻ ടിപ്പർ ലോറി സ്പീഡില്‍ ഓടിച്ച് വേലായുധന്‍ സഞ്ചരിക്കുകയായിരുന്ന ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ സിപി‌എം, എസ്‌ഡി‌പിഐ, പിഡിപി, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളിലെ നൂറോളം പേര്‍ വേലായുധനെ വളയുകയും അസഭ്യ വര്‍ഷം നടത്തുകയും ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

അപകട വിവരം വേലായുധന്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണ വിവരം പോലീസിനെ അറിയിച്ചെങ്കിലും രണ്ട് മണിക്കൂറുകള്‍ക്ക്ശേഷമാണ് അവര്‍ എത്തിയത്.
ഇതിനിടയിൽ അക്രമികള്‍ സംഘടിതമായി റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. ഇവരെ വിലക്കിയ വേലായുധനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും തത്സമയം വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. നിന്റെ കാർ ഞങ്ങൾ കത്തിക്കും:, നിന്നെ കൊന്നു കളയുമെന്ന് ആക്രോശിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

സിപി‌എം പ്രാദേശിക നേതാവ് ഇബ്രാഹിം കൂര്‍ക്കാടന്റെ അളിയന്റെ ലോറിയാണ് വേലായുധന്റെ വാഹനത്തിലേക്ക് ഇടിച്ചു കയറ്റിയത്. ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് വേലായുധന് ഉണ്ടായത്. നോട്ട് അസാധുവാക്കല്‍ വാർഷികത്തോട് അനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൂക്കിക്കൊല്ലുന്ന ഒരു പോസ്റ്റർ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും തീവ്രവാദികൾ പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രം വേലായുധന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ എതിര്‍പ്പും തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണമായെന്ന് വേലായുധന്‍ പറഞ്ഞു.

ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന വീഡിയോ കമന്റുകളിൽ ” നിന്റെ മൂക്കിൽ പഞ്ഞി വെക്കേണ്ട സമയം ആയി” എന്നും കൂടി അവസാന വാണിംഗ് തന്നിരിക്കുന്നുവെന്നും വേലായുധന്‍ പറഞ്ഞു.