കണ്ണൂര്‍: നവംബര്‍ 1 മുതല്‍ നടപ്പിലാക്കിയ പുതിയ സമയക്രമപ്പട്ടികയില് കണ്ണൂര്‍-ബൈന്തൂര്‍ പാസഞ്ചര്‍ ഒഴിവാക്കിയ റെയില്‍വേ അധികൃതരുടെ നടപടിയില്‍ നോര്‍ത്ത് മലബാര്‍ റെയില്‍വേ യൂസേഴ്സ് ഫോറം പ്രതിഷേധിച്ചു. കൊല്ലൂര്‍ മൂകാംബിക ദര്‍ശനത്തിന് പോകുന്ന മലബാറിലെ ആയിരക്കണക്കിന് ഭക്തര്‍ക്ക് ആശ്രയമേകുന്ന ഈ ട്രെയിന്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷൊര്‍ണൂറില്‍ നിന്നും മംഗലാപുരത്തേക്ക് അനുവദിച്ച മെമു സര്‍വ്വീസ് ഉടന്‍ ആരംഭിക്കുക, എല്ലാ തീവണ്ടികളിലും സീനിയര്‍ സിറ്റിസണ്‍മാര്‍ക്ക് ലോവര്‍ ബര്‍ത്ത് മുഴുവനായും റിസര്‍വേഷനായി അനുവദിക്കുക, ദീര്‍ഘദൂര തീവണ്ടികളില്‍ കൂടുതല്‍ ജനറല്‍ കോച്ചുകളും സ്ലീപ്പര്‍ കോച്ചുകളും അനുവദിക്കുക, തീവണ്ടികളുടെ വൈകി ഓട്ടം ഒഴിവാക്കാന്‍ ഇലക്ട്രിക് എഞ്ചിന് ഘടിപ്പിക്കുക, തലശ്ശേരി-മൈസൂര്‍ റെയില്‍വേ പാതയുടെ സര്‍വ്വെയുടെ തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കെ.പി.ശ്രീധരന് അധ്യക്ഷത വഹിച്ചു. എ.മാധവന്, കെ.ശ്രീധരന്, എം.എസ്.ബി.രമേഷ്, കെ.പി.ശൈലേഷ്, കെ.കെ.സുന്ദര്‍രാജ്, ജിഗേഷ് കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: