മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിയെന്ന് എന്‍സിപി

Tuesday 14 November 2017 10:56 pm IST

കൊച്ചി: കായല്‍ കൈയേറ്റ വിവാദത്തിന്റെയും ഹൈക്കോടതി പരാമര്‍ശത്തിന്റെയും പശ്ചാത്തലത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം കേന്ദ്ര നേതൃത്വത്തിന് വിടാന്‍ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കും. പാര്‍ട്ടി മന്ത്രിയ്‌ക്കൊപ്പമാണെന്നും യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിന്റെ പൊതുവികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. മന്ത്രിയെ നിശ്ചയിക്കാനും രാജിവയ്പ്പിക്കാനും കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിനാണ് അധികാരം. സംസ്ഥാന നേതൃത്വത്തിന് അധികാരമില്ല. സംസ്ഥാന യോഗത്തില്‍ മന്ത്രിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പങ്കെടുക്കുന്ന യോഗം വൈകാതെ ചേരുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്യും. യോഗം ഏതാനും ദിവസങ്ങള്‍ക്കകം ചേരും. രാജി വയ്ക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടില്ല. രാജി ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി അംഗീകരിക്കും. യുക്തമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രിയെ അറിയിക്കും. ഇപ്പോള്‍ മന്ത്രിക്കൊപ്പമാണ് പാര്‍ട്ടി. തോമസ് ചാണ്ടി തെറ്റ് ചെയ്‌തെന്ന് കോടതി പറഞ്ഞിട്ടില്ല. കായല്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിലവിലുള്ളത്. അക്കാര്യത്തിന് രേഖകള്‍ പരിശോധിക്കാന്‍ കളക്ടറെ സമീപിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. അദ്ധ്യാപകഭവനില്‍ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച യോഗം ഒന്നര മണിക്കൂറോളം നീണ്ടു. മന്ത്രിയെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നത് യോഗത്തില്‍ ബഹളത്തിനും കാരണമായി. മന്ത്രി രാജിവയ്ക്കണമെന്നും തീരുമാനം സംസ്ഥാന നേതൃത്വം ഇനിയും വൈകിക്കരുതെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്താതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ടി.പി.പീതാംബരന്‍. ഇക്കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്നും അദ്ദേഹം നിലപാടെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.