അന്താരാഷ്ട്ര നീതിന്യായ കോടതി: ദല്‍വീര്‍ ജഡ്ജി, ഇന്ത്യയുടെ നയതന്ത്ര വിജയം

Tuesday 14 November 2017 7:02 pm IST

ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജിയായി ഇന്ത്യയുടെ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടു. സുരക്ഷാ സമിതിയിലെ സ്ഥിരാംഗമായ ബ്രിട്ടന്റെ പ്രതിനിധി ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയുള്ള ദല്‍വീറിന്റെ നേട്ടം ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയായി. ഏഴുപത് വര്‍ഷത്തിനിടെ ആദ്യമായാണ് യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധിയില്ലാത്തത്. 1946നു ശേഷം ആദ്യമായി ബ്രിട്ടനും ജഡ്ജിയില്ല. യുഎന്‍ പൊതുസഭ, രക്ഷാസമിതി അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഇന്ത്യ പ്രചാരണം ഏകോപിപ്പച്ചത്. കടുത്ത പോരാട്ടം കണ്ട വോട്ടെടുപ്പില്‍ അഞ്ചാം ഘട്ടത്തില്‍ മികച്ച ഭൂരിപക്ഷത്തിന് ദല്‍വീറിന്റെ ജയം. പൊതുസഭയില്‍ ദല്‍വീറിന് 121 വോട്ട് ലഭിച്ചപ്പോള്‍ ഗ്രീന്‍വുഡിന് 68 വോട്ട് മാത്രം. 53 വോട്ടിന്റെ ഭൂരിപക്ഷം. അതേസമയം, രക്ഷാസമിതിയില്‍ ഗ്രീന്‍വുഡ് മുന്‍തൂക്കം നിലനിര്‍ത്തി, ഒമ്പത് വോട്ട്. ദല്‍വീറിന് ആറ് വോട്ട്. കഴിഞ്ഞ ഘട്ടത്തില്‍ പൊതുസഭയില്‍ ദല്‍വീറിന് 116 വോട്ട് ലഭിച്ചപ്പോള്‍, ഗ്രീന്‍വുഡിന് ഒമ്പത് വോട്ട്. രക്ഷാസമിതിയിലെ വോട്ടിങ് നിലയില്‍ മാറ്റമില്ല. രക്ഷാസമിതി സ്ഥിരാംഗങ്ങളുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഇന്ത്യയുടെ ജയമെന്ന് രാജ്യാന്തര നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാന്‍ തടവിലാക്കിയ സൈനികന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ കേസ് കോടതി പരിഗണിക്കാനിരിക്കെ ദല്‍വീറിന്റെ ജയം ഇന്ത്യക്ക് നേട്ടമാകും. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഹേഗ് ആസ്ഥാനമായ കോടതിയില്‍ 15 ജഡ്ജിമാരാണുള്ളത്. കാലാവധി ഒമ്പത് വര്‍ഷം. മൂന്നു വര്‍ഷത്തിലൊരിക്കല്‍ അഞ്ച് ജഡ്ജിമാര്‍ ഒഴിയും. അതിലേക്കാണ് തെരഞ്ഞെടുപ്പ്. ഇത്തവണത്തേതില്‍ ഫ്രാന്‍സ്, സൊമാലിയ, ബ്രസീല്‍, ലെബനന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവസാന സ്ഥാനത്തിനായാണ് ഇന്ത്യ-ബ്രിട്ടീഷ് പ്രതിനിധികള്‍ മത്സരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.