എഴുത്തിലും ചിന്തയിലും ധിക്കാരമുള്ള കാതല്‍

Tuesday 14 November 2017 8:04 pm IST

ബുദ്ധിജീവി എന്ന പദത്തിന്റെ സ്വത്വ പ്രദേശങ്ങള്‍ ജീവിതത്തിലും ചിന്തയിലും എഴുത്തിലും ജീവത്തായി പ്രകടിപ്പിച്ച സി.ജെ.തോമസിന്റെ ജന്മദിനമാണ് നവംബര്‍14. ചിന്തയിലോ എഴുത്തിലോ ആള്‍ത്താമസമില്ലാത്ത ചിലര്‍ ആരെയെങ്കിലും രൂക്ഷമായി വിമര്‍ശിച്ച് പത്ര മാധ്യമങ്ങളില്‍ ഇടം തേടി ബുദ്ധിജീവിയാകുന്ന ഈ തമാശക്കാലത്ത് സിജെയെപ്പോലുള്ളവര്‍ അസാന്നിധ്യത്തില്‍പ്പോലും സജീവമാകുന്നുണ്ട്. ഉറപ്പാര്‍ന്ന നിലപാടുകളോട് അടുത്തും അവയിലെ ജീര്‍ണ്ണതകളോടു കലഹിച്ച് പുറത്തുപോയും മരിക്കും വരേയും ആരുടേയും തടവറയിലൊളിക്കാതെ സ്വതന്ത്രചിന്തയുടെ മുന്‍വഴിക്കാരനായി നിന്ന വ്യക്തിത്വമാണ് സിജെയുടേത്. 1918 നവംബര്‍ 14ന് വൈദികനായ യോഹന്നാന്‍ മാര്‍ എപ്പിസ്‌ക്കോപ്പയുടേയും അന്നമ്മയുടേയും മകനായി സി.ജെ.തോമസ് കൂത്താട്ടുകുളത്ത് ജനിച്ചു. ബ്രയ്ന്‍ ട്യൂമര്‍ ബാധിച്ച് 1960 ജൂലൈ 14നു മരിച്ചു. മലയാള നാടകത്തെ ആധുനികവല്‍ക്കരിച്ച നാടകകൃത്തായാണ് സി.ജെ അറിയപ്പെടുന്നത്. ചെറിയൊരു ജീവിതത്തിനിടയില്‍ പലതായി ജീവിച്ച ജന്മമായിരുന്നു സി.ജെ.തോമസിന്റേത്. പൊരുത്തപ്പെടാനാവാതെ പല വഴികളില്‍നിന്നും മാറി നടക്കുകയായിരുന്നു വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഒറ്റയാള്‍ പട്ടാളമായ അദ്ദേഹം. സ്വതന്ത്ര വഴിയിലേക്കുള്ള ആദ്യ നിഷേധം തുടങ്ങിയത് സ്വന്തം പിതാവിന്റെ ആഗ്രഹങ്ങളെ തകിടം മറിച്ചുകൊണ്ടായിരുന്നു. പുരോഹിതനായ പിതാവ്് മകനും ആവഴിക്കുവരണമെന്നാശിക്കുകയും അതിനുള്ള പാകപ്പെടലിനിടയില്‍ തന്റേതായ വീക്ഷണങ്ങളിലൂടെയും കൂടി ബൈബിള്‍ പഠിപ്പിക്കുകയും ചെയ്യുകവഴി ആ കളത്തില്‍നിന്നും പുറത്തുപോകുകയായിരുന്നു. പിന്നീട് പഠനവും പലപല തിരിവുകളിലൂടെ ജീവിതത്തിന്റെ മാറ്റംമറിച്ചിലുകളും. കടുത്ത കമ്മ്യൂണിസ്റ്റ്, ഉറച്ച കമ്മ്യൂണിസ്റ്റ് വിരോധി, വിമോചന സമരത്തിനു പിന്നിലെ ബുദ്ധികേന്ദ്രം, വക്കീല്‍, ചിത്രകാരന്‍, ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകന്‍ എന്നിങ്ങനെ നിരവധി പരിണാമ പ്രക്രിയയിലൂടെ കടന്നുപോയുണ്ടായ പ്രതിഭാസമാണ് പിന്നീട് മലയാളം ആദരവോടെ കണ്ട സിജെ എന്ന എഴുത്തുകാരനായത്. സി.ജെയുടെ ഒരു പുസ്തകത്തിന്റെ പേരായ ധിക്കാരിയുടെ കാതല്‍ എന്നത് അദ്ദേഹത്തിന് തന്നെ ചേരുംപടി ചേരുന്ന മറ്റൊരു പേരുംകൂടിയാണ്. ജീവിതത്തിലുടനീളം സി.ജെ ഈ ധിക്കാരത്തിന്റെ കാതല്‍ കാട്ടുകയായിരുന്നു. സി ജെയുടെ പ്രണയംപോലും അക്കാലത്തും ഇക്കാലത്തെ ആലോചനകളിലും സര്‍ഗാത്മകമായൊരു സ്‌ഫോടന ലാവണ്യമാണ്്. സി ജെയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന നിരൂപകന്‍ എംപി പോളിന്റെ മകള്‍ റോസിയായിരുന്നു പ്രണയകഥയിലെ നായിക. പോളിനെ ഉലച്ച വൈകാരികതയ്ക്കും എതിര്‍പ്പിനുമപ്പുറം തന്റേതായ നിലപാടുകളില്‍ ഉറച്ചു നിന്ന് റോസിയെ സ്വന്തമാക്കുകയായിരുന്നു സി.ജെ. റോസിയും മലയാളത്തിലെ വേറിട്ട എഴുത്തുകാരിയായിരുന്നു. ഒന്‍പത് വര്‍ഷം മാത്രം നീണ്ടുനിന്ന ദാമ്പത്യം. തിരുവനന്തപുരത്തു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കമ്മ്യൂണിസം ആവേശിച്ച സിജെ പിന്നീട് അതിന്റെ കടുത്തശത്രുവായി. വിമോചന സമരത്തിനു പിന്നിലെ ബുദ്ധികേന്ദ്രം ആകും വരെ എത്തിച്ചു ആ ശത്രുത. പരന്ന വായനയും ആഴത്തിലുള്ള ചിന്തയുംകൊണ്ട് ലോകത്തേയും സാഹിത്യത്തേയും അറിയുകയും തന്റെ നിലയില്‍ നിരീക്ഷിക്കുകയും ചെയ്്ത സിജെ ആധുനിക മലയാള സാഹിത്യ ഭാവനയിലും നിരൂപണത്തിലും നിഷേധ സൗന്ദര്യത്തെ ലാവണ്യമായി വായിച്ചെടുത്ത ആദ്യ ചിന്തകരില്‍ ഒരാളുമാണ്. എല്ലുറപ്പുള്ള വിമര്‍ശനവും കാവ്യാത്മകമായ ഭാഷയും കൊണ്ട് എഴുത്തിന്റെ തുടക്കത്തില്‍ തന്നെ വ്യത്യസ്തനായി. ഗ്രീക്കു നാടകങ്ങളെക്കുറിച്ച് അഗാധ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം ബ്രഹ്തിന്റെ നാടക സങ്കല്‍പ്പത്തോടും അടുപ്പം പുലര്‍ത്തി. അടിസ്ഥാനപരമായി നാടകകൃത്തായിരുന്നു സി.ജെ.അവന്‍ വീണ്ടും വരുന്നു, ആ മനുഷ്യന്‍ നീ തന്നെ, 1128ല്‍ ക്രൈം 28, ഉയരുന്ന യവനിക തുടങ്ങിയ സി.ജെയുടെ രചനകള്‍ ഇന്നും പുതുമയാണ് വായനക്കാര്‍ക്ക്.