കോളേജില്‍ നിന്നും പുറത്താക്കിയ എസ്.എഫ്.ഐ. നേതാവിനെ തിരിച്ചെടുക്കും

Tuesday 14 November 2017 8:12 pm IST

ബത്തേരി: ഡോണ്‍ ബോസ്‌കോ കോളേജില്‍ നിന്നും പുറത്താക്കിയ എസ്.എഫ്.ഐ. നേതാവ് ജിഷ്ണു വേണുഗോപാലിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കി. ഏതാനും ദിവസങ്ങളായി എസ്.എഫ്.ഐ. നടത്തുന്ന അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ സാന്നിധ്യത്തില്‍ ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. കോളേജില്‍ സംഘടനാപ്രവര്‍ത്തനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ പിരിച്ചുവിടപ്പെട്ട ജിഷ്ണു വേണുഗോപാലിന് വ്യാഴാഴ്ച മുതല്‍ കോളേജില്‍ പഠനം തുടരാം. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഡോണ്‍ബോസ്‌കോ കോളജില്‍ നിന്ന് മാറി ജിഷ്ണു മറ്റേതെങ്കിലും സ്ഥാപനത്തില്‍ ചേരണമെന്ന കോളജ് അധികൃതരുടെ ആവശ്യം സംഘടന അംഗീകരിച്ചു. പക്ഷെ ഇക്കാര്യം രഹസ്യമാക്കിവച്ചിരിക്കുകയാണ്. ഡോണ്‍ബോസ്‌കോ കോളേജ് മാനേജ്‌മെന്റ് അധികൃതര്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍, കല്‍പ്പറ്റ എം.എല്‍.എ.സി.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോളേജില്‍ സംഘടനപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ജൂലൈ 10നാണ് എസ്.എഫ്‌.െഎ. ജില്ലാ കമ്മിറ്റിയംഗവും രണ്ടാം വര്‍ഷ ബി.കോം ഫിനാന്‍സിലെ വിദ്യാര്‍ഥിയുമായ ജിഷ്ണു വേണുഗോപാലിനെ കോളേജ് ഡിസിപ്ലിനറി ആക്ഷന്‍ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥി സംഘടനാനേതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോളേജിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സംഘടനാപ്രവര്‍ത്തനം നടത്തിയതിനാണ് ജിഷ്ണു വേണുഗോപാലിനെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത് എന്നാണ് കോളേജധികൃതര്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 11ന് കോളേജിലേക്ക് എസ്.എഫ്‌.െഎ. നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കോളേജ് അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കോളേജ് അടച്ചുപൂട്ടുകയും പിന്നീട് പോലീസ് സംരക്ഷണത്തില്‍ തുറക്കുകയുമായിരുന്നു. കോളജ് തകര്‍ത്ത സംഭവം പാര്‍ട്ടിക്കുള്ളിലും ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെ ഈ വിഷയത്തില്‍ എസ്.എഫ്.ഐ. നേതൃത്വം വെട്ടിലായിരുന്നു. കോളജിന് സംഭവിച്ച നാശനഷ്ടങ്ങളുടെ തുക കെട്ടിവെച്ചതിനു ശേഷമാണ് എസ്.എഫ്.ഐ. നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. പിരിച്ചുവിട്ട ജിഷ്ണു വേണുഗോപാലിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒക്‌ടോബര്‍ 18 മുതല്‍ കോളേജിനുമുന്നില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. എന്തുവന്നാലും ജിഷ്ണുവിനെ തിരിച്ചെടുക്കാന്‍ പറ്റില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തെ ഇടപെടുവിച്ച് ചര്‍ച്ച നടത്തുകയായിരുന്നു. എസ്.എഫ്.ഐയുടെ മുഖം രക്ഷിക്കാനാണ് ഏതാനും ആഴ്ചത്തേക്ക് മാത്രം ജിഷ്ണുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഉണ്ടാക്കിയത്. ബത്തേരി നഗരസഭ ചെയര്‍മാന്‍ സി.കെ.സഹദേവന്‍, എ.ഡി.എം.: കെ.എം. രാജു, ഡോണ്‍ബോസ്‌കോ കോളേജി പ്രിന്‍സിപ്പാള്‍ ഡോ.ജോയി ഉള്ളാട്ടില്‍, ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ഡി.സുനില്‍, കോളേജ് സ്റ്റാഫ് കൗണ്‍സില്‍ പ്രതിനിധി, പി.ടി.എ. പ്രതിനിധി, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.ഇതിനിടെ ജിഷ്ണു വേണുഗോപാലിനെ നീണ്ട പോരാട്ടങ്ങളിലൂടെ കോളേജില്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞത് ചരിത്രവിജയമാണെന്ന് എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.