മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം

Tuesday 14 November 2017 8:27 pm IST

കൊച്ചി: തോമസ് ചാണ്ടിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. അതിനാല്‍ തോമസ് ചാണ്ടിയല്ല മുഖ്യമന്ത്രിയാണ് രാജി വെക്കേണ്ടത്. ഹൈക്കോടതി സര്‍ക്കാരിനെ വേമ്പനാട്ട് കായലില്‍ മുക്കി കൊന്നിരിക്കുകയാണ്. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞ സര്‍ക്കാരിന് ഇനി തുടരാന് അവകാശമില്ല. നാണവും മാനവുമുണ്ടെങ്കില്‍ സര്‍ക്കാര് രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ അംഗം സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ പോയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാന് ഇടത് മുന്നണി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ട് 4 ദിവസം കഴിഞ്ഞു. നടപടിയെടുക്കാതെ മന്ത്രിയെ കോടതിയില്‍ പോകാന്‍ അനുവദിച്ചത് മുഖ്യമന്ത്രിയാണ്. ഇത്രയും നാണം കെട്ട ഒരു സര്‍ക്കാര് സമീപകാലത്ത് കേരളത്തിലുണ്ടായിട്ടില്ല. തോമസ് ചാണ്ടിക്കെതിരെ സംസാരിക്കാന്‍ പോലും ഭയക്കുന്ന മുഖ്യമന്ത്രി മലയാളികള്‍ക്ക് അപമാനമാണ്. തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം പേയ്‌മെന്റ് സീറ്റായതിനാലാണ് മുഖ്യമന്ത്രി വാ തുറക്കാത്തത്. ആ പണം തിരികെ ചോദിക്കുമെന്ന് ഭീതിയാണ് മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കള്‍ക്ക്. അതുകൊണ്ടാണ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും സാധിക്കാത്തത്. ആദര്‍ശം തോമസ് ചാണ്ടിക്ക് പണയം വെച്ച ഇടതു മുന്നണി കേരളാ രാഷ്ട്രീയത്തില്‍ അപ്രസക്തമായെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.