ശബരിമല തീര്‍ത്ഥാടനം നാളെ ആരംഭിക്കും: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Tuesday 14 November 2017 8:29 pm IST

പന്തളം: നാളെ ശബരിമല തീര്‍ത്ഥാടനം ആരംഭിക്കും. ഇനിയുള്ള രണ്ടര മാസം പന്തളം ശരണമന്ത്രങ്ങളാല്‍ മുഖരിതമായിരിക്കും. അയ്യപ്പന്റെ ജന്മനാടായ പന്തളം നഗരവും ഇവിടെയുള്ള ക്ഷേത്രങ്ങളും തീര്‍ത്ഥാടകരെ വരവേല്ക്കാനൊരുങ്ങി. പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ അലങ്കാരങ്ങളും പന്തലുകളിടുന്നതും അവസാന ഘട്ടത്തിലെത്തി. പണികളെല്ലാം ഇന്നു പൂര്‍ത്തിയാകും. ഇവിടെയെത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനായി കൈപ്പുഴയില്‍ ശ്രീവത്സം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കര്‍ സ്ഥലത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള അന്നദാനമണ്ഡപവും പരിമിതമായി നിലവിലുള്ള വിശ്രമകേന്ദ്രവും കക്കൂസുകളും അറ്റകുറ്റപ്പണികള്‍ നടത്തി സജ്ജമാക്കി. ദേവസ്വം ബോര്‍ഡ് എക്‌സി. എന്‍ജിനീയര്‍ കേശവദാസ് നേരിട്ടെത്തിയാണ് പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്കു തിരുവാഭരണദര്‍ശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും ലഘുഭക്ഷണമുള്‍പ്പെടെയുള്ള അന്നദാനത്തിനുള്ള ഒരുക്കങ്ങളും ക്ഷേത്രോപദേശക സമിതിയുമായി ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് പൂര്‍ത്തിയാക്കി. നാളെ വൃശ്ചികം 1ന് ഫ്രണ്ട്‌സ് അയ്യപ്പ ഡിവോട്ടി ഓര്‍ഗനൈസേഷന്‍ വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ചിറപ്പും സമൂഹസദ്യയും നടത്തും. വലിയകോയിക്കല്‍ മണികണ്ഠനാല്ത്തറയിലും നാളെ മുതല്‍ അഖിലഭാരത അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ചിറപ്പ് ആരംഭിക്കും. തീര്‍ത്ഥാടകര്‍ക്ക് അന്നദാനവും നടക്കും. മുട്ടാര്‍ ശ്രീ അയ്യപ്പക്ഷേത്രത്തിലും നാളെ മുതല്‍ 41 വരെ ചിറപ്പും അന്നദാനവും നടക്കും. തട്ടയില്‍ തിരുമംഗലം മഹാദേവര്‍ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളം ഒരുക്കിയിട്ടുണ്ട്. ഇവിടെയും എല്ലാ ദിവസവും അന്നദാനം നടക്കും. വലിയകോയിക്കല്‍ ക്ഷേത്രത്തിനു സമീപം ശബരിമല അയ്യപ്പസമാജത്തിന്റെ നേതൃത്വത്തില്‍ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ള വിതരണത്തിനും അന്നദാനത്തിനുമുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.