ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ ഉപഗ്രഹമോ?

Tuesday 14 November 2017 9:41 pm IST

സമീപകാലത്ത് ക്ഷേത്രഭരണ സംവിധാനത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഇടപെടലുകളും അനിഷ്ടസംഭവങ്ങളും ഭക്തജനങ്ങളെ വളരെയേറെ ഉല്‍ക്കണ്ഠാകുലരാക്കിയിട്ടുണ്ട്. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍, ഹിന്ദുക്കളുടെ മതസ്ഥാപനങ്ങളും ആരാധനനാലയങ്ങളും സംബന്ധിച്ച് സ്വീകരിച്ച പക്ഷപാതപരവും നിഷേധാത്മകവുമായ നടപടികള്‍ യാദൃശ്ചികമോ ഒറ്റപ്പെട്ടതോ ആണെന്ന് കരുതാനാവില്ല. വളരെ ആസൂത്രിതവും സംഘടിതവുമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടികളെല്ലാം ഉണ്ടായതെന്ന് വ്യക്തം. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം ആദ്യനാളുകളില്‍ ദേവസ്വം മന്ത്രി ഉന്നയിച്ച പരാതി ക്ഷേത്രങ്ങള്‍ പലതും ആര്‍എസ്എസുകാര്‍ ആയുധപ്പുരയാക്കിയെന്നും, നിയമവിരുദ്ധമായി ആയുധ പരിശീലനം നടത്തുന്നുവെന്നുമായിരുന്നു. ആക്ഷേപമുന്നയിച്ച മന്ത്രിക്ക് ഒരു സംഭവംപോലും ചൂണ്ടിക്കാണിക്കാനോ തെളിയിക്കാനോ സാധിച്ചില്ല. പിന്നീട് ക്ഷേത്രങ്ങളുടെ മേലുള്ള പിടിമുറുക്കാനും, ഇടപെടലുകള്‍ ശക്തമാക്കാനുമായിരുന്നു ദേവസ്വം മന്ത്രിയുടെ ശ്രമം. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ ദേവസ്വം ബോര്‍ഡ് അധികാരികളായി തെരഞ്ഞടുക്കാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ അട്ടിമറിച്ച് മലബാര്‍, കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെയും അംഗങ്ങളെയും സര്‍ക്കാര്‍ നിയമിച്ചു. കുടുംബട്രസ്റ്റുകളും ഭക്തജനസമിതികളും ഭരിക്കുന്ന ക്ഷേത്രങ്ങളെ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലാക്കാനായിരുന്നു അടുത്ത നീക്കം. അതിനുവേണ്ടി ഗോപാലകൃഷ്ണന്‍ കമ്മീഷനെ നിയോഗിച്ച് ആവശ്യമായ ശുപാര്‍ശകള്‍ കരസ്ഥമാക്കി. കോവിലകങ്ങളുടെയും ട്രസ്റ്റുകളുടെയും ജനകീയ സമിതികളുടെയും ഭരണത്തിലുള്ള ക്ഷേത്രങ്ങളെ മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ കമ്മീഷന്‍ നല്‍കിയ നിര്‍ദേശത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. ആദ്യപടിയെന്ന നിലയില്‍ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ഭരണം ബോര്‍ഡ് ഏറ്റെടുക്കുവാന്‍ രണ്ടുമാസം മുമ്പ് ശ്രമം നടത്തി. അതിനെ ഭക്തജനങ്ങള്‍ ചെറുത്തുതോല്‍പ്പിച്ചു. പക്ഷേ നവംബര്‍ ഏഴിന് വെളുപ്പിന് വന്‍പോലീസ് സന്നാഹത്തോടെ ഭക്തജന പ്രതിഷേധം വകവയ്ക്കാതെ ക്ഷേത്രത്തിന്റെ നിയന്ത്രണം ബോര്‍ഡ് ഏറ്റെടുത്തു. ക്ഷേത്രങ്ങളുടെ മേല്‍ സര്‍ക്കാരിന് മേല്‍ക്കൈ ഉണ്ടാവണമെന്ന സിപിഎമ്മിന്റെ നിലപാടാണ് ഈ നടപടിക്ക് പിന്നിലുള്ളത്. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ കെ.ടി.ജലീല്‍ കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച കാര്യം ഇവിടെ കുറിക്കട്ടെ. ''ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളില്‍ സ്വതന്ത്രമായി ഭരണനിര്‍വ്വഹണം നടത്തുവാനുള്ള സൗകര്യം വിശ്വാസികള്‍ക്ക് ഒരുക്കുവാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യും''. ദേവസ്വം മന്ത്രിയുടെ സ്വരവും ഇതുപോലെ സൗഹൃദപരമായിരിക്കണമെന്നും, ക്ഷേത്രങ്ങള്‍ ഏറ്റെടുക്കലിന്റെ ഭീഷണി പാടില്ലെന്നും ഭക്തജനങ്ങള്‍ ആഗ്രഹിക്കുന്നു. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ദേവസ്വം മന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹൈക്കോടതിയില്‍ കേസ് ഇപ്പോഴും തുടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ക്ഷേത്രങ്ങളുടെ സ്വത്തും ഭൂമിയും അന്യാധീനപ്പെടുന്നുവെന്നും, ഒന്നും തിരിച്ചെടുത്ത് ക്ഷേത്രങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് ആവുന്നില്ലെന്നും വ്യാപകമായി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സ്ഥിതിവിശേഷം നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡ് തന്നെ ഭക്തജനങ്ങള്‍ ഭരിക്കുന്ന ക്ഷേത്രങ്ങളുടെ ഭരണവും സ്വത്തും ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിട്ടുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കഴക്കൂട്ടം കുളങ്ങര ക്ഷേത്രത്തിന്റെ ഭൂമിയില്‍ സമീപകാലത്ത് ഒരു ടൂറിസം പ്രോജക്ടിന് ദേവസ്വം മന്ത്രി തറക്കല്ലിടുകയുണ്ടായി. ക്ഷേത്രഭൂമി മതേതര സര്‍ക്കാര്‍ കയ്യടക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. ദേവസ്വം ബോര്‍ഡിന്റെ അനുമതിയോ അംഗീകാരമോ ഇല്ലാതെ ബലമുപയോഗിച്ച് സര്‍ക്കാര്‍ ക്ഷേത്രഭൂമി എന്തിന് കയ്യടക്കണം? സ്വയംഭരണപരമാധികാരമുള്ള ദേവസ്വം ബോര്‍ഡിനെ സര്‍ക്കാരിന്റെ ഉപഗ്രഹമാക്കുക എന്ന സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുകയാണിവിടെ. ഈ നയത്തിന്റെ പിന്തുടര്‍ച്ചയായിട്ടാണ് ഇക്കഴിഞ്ഞ ദിവസം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കിയതും, നിലവിലുള്ള പ്രസിഡന്റിനെയും മെമ്പറേയും പുറത്താക്കിയതും. മൂന്ന് വര്‍ഷം കാലവധിയുള്ള ബോര്‍ഡിന്റെ ആയുസ് രണ്ട് വര്‍ഷമാക്കിയ നടപടി രാഷ്ട്രീയ പകപോക്കലാണ്. ക്ഷേത്രഭരണമേറ്റെടുത്തതിന്റെ ഉദ്ദേശ്യം രാഷ്ട്രീയ നേട്ടമുണ്ടാക്കലാണെന്ന് വ്യക്തം. രാഷ്ട്രീയ വിമുക്തവും, ഭക്തജനപ്രാതിനിധ്യമുള്ളതുമായ ദേവസ്വം ഭരണസംവിധാനം ഉണ്ടാവണമെന്നാണ് 1983ല്‍ കെ.പി.ശങ്കരന്‍ നായര്‍ കമ്മീഷനും, പിന്നീട് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുള്ളത്. തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രങ്ങളാക്കി ക്ഷേത്രങ്ങളെ മാറ്റുവാനും, അതിനുവേണ്ടിയുള്ള അധികാരകേന്ദ്രമായി ദേവസ്വം ബോര്‍ഡിനെ ഉപയോഗിക്കാനും സിപിഎം നടത്തുന്ന കരുനീക്കമാണ് പുതിയ ഓര്‍ഡിനന്‍സ്. ഭരണഘടനയുടെ 213-ാം ഖണ്ഡികയ്ക്കനുസരിച്ച് അടിയന്തരാവശ്യമുള്ളതും പൊതുജനങ്ങള്‍ക്ക് നിഷേധിക്കാനാവാത്തതുമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കേണ്ടതുള്ളൂ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടേണ്ട അടിയന്തര സാഹചര്യങ്ങള്‍ ഒന്നും ഇപ്പോഴില്ല. അതേസമയം ശബരിമല തീര്‍ത്ഥാടനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ബോര്‍ഡ് അധികാരത്തില്‍ തുടരേണ്ടത് അത്യാവശ്യമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ യാതൊരുവിധ ആരോപണവും വീഴ്ചയും കുറ്റവും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിട്ടില്ല. തങ്ങളുടെ പാര്‍ട്ടിക്കാരല്ല പ്രയാറും അജിത് തറയിലും എന്ന ഒറ്റക്കാരണം മാത്രമേ സര്‍ക്കാരിന് പറയാനുള്ളൂ. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ, വളരെ തിടുക്കത്തില്‍ ബോര്‍ഡ് അധികാരികളെ പിരിച്ചുവിട്ട നടപടി തീര്‍ത്ഥാടനത്തെ വളരെയേറെ പ്രതികൂലമായി ബാധിക്കും. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നത് വളരെ ശ്രമകരമായ ഉത്തരവാദിത്തമാണ്. മൂന്ന് വര്‍ഷമെങ്കിലും ഭരണകാലയളവ് ലഭിച്ചുവെങ്കിലേ അധികാരികള്‍ക്ക് പ്രശ്‌നങ്ങള്‍ പഠിച്ച് കുറ്റമറ്റ രീതിയില്‍ ആശ്വാസ നടപടികളും വികസന പ്രവര്‍ത്തനങ്ങളും ശബരിമലയില്‍ നടത്താനാവൂ. നാല് കോടിയോളം പേര്‍ എത്തുന്ന ഈ തീര്‍ത്ഥാടന കേന്ദ്രത്തോട് ഇത്ര വലിയ കടുംകൈ ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ചേതോവികാരം എന്ത് ന്യായങ്ങള്‍ എഴുന്നെള്ളിച്ചാലും ശരിവെക്കാന്‍ നീതിബോധമുള്ളവര്‍ക്കാര്‍ക്കും സാധ്യമല്ല. രാജഭരണം അവസാനിച്ചപ്പോള്‍ നാടിന്റെ രാഷ്ട്രീയഭരണാധികാരം മാത്രമാണ് ജനാധിപത്യ സര്‍ക്കാരിന് കൈമാറിയിരുന്നത്. ക്ഷേത്രഭരണാധികാരം സ്വതന്ത്ര സ്വയംഭരണാധികാരമുള്ള ബോര്‍ഡിന് രാജാവ് കൈമാറിയത് കേന്ദ്രസര്‍ക്കാരുമായി ഉണ്ടാക്കിയ കവനന്റ് അനുസരിച്ചാണ്. ലക്ഷക്കണക്കിന് ഏക്കര്‍വരുന്ന ക്ഷേത്രഭൂമി റവന്യു വകുപ്പില്‍ കേണല്‍ മണ്‍ട്രോയുടെ കാലത്ത് ലയിപ്പിക്കുകയുണ്ടായി. ഇതിന്റെ നഷ്ടപരിഹാരമായി ക്ഷേത്രങ്ങള്‍ക്കുള്ള വാര്‍ഷികാശനത്തുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ നിരസിച്ചു. ആരാധനാലയങ്ങള്‍ ആരാധകരുടേതാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം അന്വര്‍ത്ഥമാകുന്നത് തങ്ങളുടെ മതവിശ്വാസ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് ആരാധനയും അനുഷ്ഠാനവും നടത്താനും, ഭരണം നിര്‍വ്വഹിക്കാനും മതസ്വാതന്ത്ര്യം ലഭിക്കുമ്പോഴുമാണ്. കേരളത്തിലെ ക്ഷേത്രഭരണത്തില്‍ ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ അധികാര വികേന്ദ്രീകരണം നടപ്പാക്കുകയും, സര്‍ക്കാരിന്റേയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ നിയന്ത്രണം ഇല്ലാതാക്കുകയുമാണ് വേണ്ടത്. സര്‍ക്കാരിലേക്ക് ക്ഷേത്രഭരണാധികാരം കേന്ദ്രീകരിക്കരുത്. മറിച്ച് ജനകീയാസൂത്രണം പോലെ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരം ഭക്തജനങ്ങളിലേക്ക് വികേന്ദ്രീകരിക്കുകയും കൈമാറുകയും വേണം. ഇതിന് ആവശ്യമായ നിയമനിര്‍മ്മാണമാണ് വേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.