ഐഎസ് ബന്ധം: കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി: 13 വരെ റിമാന്റ് ചെയ്തു

Tuesday 14 November 2017 9:41 pm IST

തലശ്ശേരി: ഇസഌമിക് ഭീകര സംഘടനയായ ഐഎസ് ബന്ധത്തില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയവെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയ അഞ്ചു പേരെ ഇന്നലെ വൈകിട്ട് തിരികെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി ഡിസമ്പര്‍ 13 വരെ റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് തലശ്ശേരി സ്വദേശികളായ കുഴിപ്പങ്ങാട് തൗഫീഖില്‍ യു.കെ.ഹംസ (57), ചേറ്റംകുന്ന് സൈനാസില്‍ മനാഫ് റഹ്മാന്‍ (42), കണ്ണൂര്‍ മുണ്ടേരി കൈപ്പക്കയില്‍ മിഥിലാജ് (26), മയ്യില്‍ ചെക്കികുളം പളളിയത്ത് പണ്ടാരവളപ്പില്‍ കെ.വി.അബ്ദുല്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം.വി. ഹൗസില്‍ എം.വി. റാഷിദ് (23) എന്നിവരെ ജില്ലാ സെഷന്‍സ് കോടതി പോലീസിന് വിട്ടു നല്‍കിയിരുന്നത്.15 ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് അഞ്ച് പേരെയും ഇന്നലെ കോടതിയിലെത്തിച്ചത്. ഈ മാസം 25 വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നത്. ഇതിനിടെ ഇന്നലെ പ്രതികളുമായി തലശ്ശേരിയിലെത്തിയ ഡിവൈഎസ് പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ സംഘം നഗരത്തിലെ വിവിധ ട്രാവല്‍ ഏജന്‍സികള്‍, ബാങ്കുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുത്തു. ഐഎസിന്റെ കേരളത്തിലെ പ്രധാനിയെന്ന് സംശയിക്കുന്ന ഹംസയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്. ഹംസയുടെ ചിറക്കര കുഴിപ്പങ്ങാട്ടെ ഭാര്യ വീട്ടിലും മനാഫ് റഹ്മാന്റെ ചേറ്റംകുന്നിലെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.