സിറിയയല്ല, കൊറിയയും

Tuesday 14 November 2017 9:51 pm IST

ജനാധിപത്യ പ്രതിഷേധങ്ങളും രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന എതിര്‍പ്പും കൊലപാതക രാഷ്ട്രീയത്തില്‍നിന്ന് തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് സിപിഎം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. ഗുരുവായൂരിലെ ആനന്ദനെ കെലപ്പെടുത്തിയതിനു പിന്നില്‍ സിപിഎം- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടുണ്ട്. ആനന്ദന്റെ ചിതയിലെ തീയണയും മുന്‍പാണ് പാനൂരിലും തിരുവനന്തപുരത്തും ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മൃഗീയമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സമാധാനചര്‍ച്ചകളില്‍ പങ്കെടുത്ത് ആ പാര്‍ട്ടിയുടെ നേതാക്കള്‍ നല്‍കുന്ന ഉറപ്പിന് കേരളം ഇനി എന്ത് വിലയാണ് കല്‍പ്പിക്കേണ്ടത്! ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതായ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവര്‍ തന്നെ മൃഗീയമായ കൊലപാതകങ്ങളെ ന്യായീകരിക്കുകയും കൊലയാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. ഓരോ കൊലപാതകം കഴിയുമ്പോഴും തങ്ങള്‍ക്കതില്‍ പങ്കില്ലെന്ന പതിവ് പല്ലവി ആവര്‍ത്തിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധം മുതല്‍ ആനന്ദന്റെ കൊലപാതകം വരെ ഇത് ആവര്‍ത്തിക്കുന്നത് നാം കാണുന്നു. എന്നാല്‍ ഈ കേസുകളിലെല്ലാം പ്രതികളായത് സിപിഎമ്മുകാരാണ്. ഇതോടൊപ്പം ഒളിഞ്ഞും തെളിഞ്ഞും പല കേസുകളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലയാളി സംഘത്തിന്റെ സാന്നിദ്ധ്യവുമുണ്ട്. പ്രതികളെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുന്നതും, വക്കീലിനെ ഏര്‍പ്പാടാക്കുന്നതും, ജയിലില്‍ വഴിവിട്ട് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതും, അനധികൃതമായി പരോള്‍ അനുവദിക്കുന്നതും മറ്റും പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയും നിര്‍ദ്ദേശമനുസരിച്ചുമാണ്. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊന്ന കേസില്‍ പ്രതികളെ സംരക്ഷിക്കുകയും വീരനായകരെപ്പോലെ സ്വീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. ടി.പി.വധക്കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, കുഞ്ഞനന്തനും കൊടി സുനിയും ഉള്‍പ്പെടെയുള്ള സഖാക്കള്‍ക്ക് പാര്‍ട്ടി ജയിലില്‍ സുഖവാസം ഒരുക്കുകയാണ്. ശിക്ഷയനുഭവിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ ഒന്‍പത് മാസംവരെ പരോള്‍ അനുവദിക്കുന്നു. സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയേയും ജനാധിപത്യ ക്രമത്തേയും പരിഹാസ്യമാക്കുകയാണ് സിപിഎം നേതൃത്വം. ആ പാര്‍ട്ടി ഈ നിലപാട് തുടരുന്ന പക്ഷം സമാധാന ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഒരര്‍ത്ഥവുമില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കൂട്ടക്കുരുതിക്ക് ഇരയായിട്ടുള്ളത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ്. ഒടുവില്‍ ലോകം ആ സിദ്ധാന്തംതന്നെ തിരസ്‌കരിക്കുമ്പോഴും കേരളത്തില്‍ അതിന്റെ പേരില്‍ ഒരു പാര്‍ട്ടിയും അണികളും കൊലക്കത്തിയെടുക്കുകയാണ്. കമ്യൂണിസം അവശേഷിക്കുന്ന ഇടങ്ങളിലെല്ലാം അത് ഭീകരമായ വിനാശം വിതച്ചുകൊണ്ടിരിക്കുന്നു. വടക്കന്‍ കൊറിയയുടെ ആണവ ഭീഷണി, ഭൂപരമായ ദേശീയതയുടെ പേരില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണികളും പിടിച്ചടക്കലുകളും-ആഗോള തലത്തില്‍ത്തന്നെ ഇതിനവര്‍ക്ക് കൂട്ട് ഇസ്ലാമിക തീവ്രവാദമാണ്. ഇരുകൂട്ടരുടേയും ഡിഎന്‍എ സമാനമായ കാടത്തത്തിന്റെ ജീനുകള്‍ പേറുന്നതുകൊണ്ടാകാം ഇത്. സമാനമായ സാഹചര്യമാണ് ഇന്ന് കേരളത്തിലും. ചുവപ്പ് -ജിഹാദി ഭീകരസഖ്യം മറ്റുള്ളവരുടെ സംഘടനാ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവുംവരെ തടയുന്നു. ഈ കൂട്ടുകെട്ടിന്റെ ഒടുവിലത്തെ ഇരയാണ് ആനന്ദന്‍. പകല്‍ സമയങ്ങളില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയവും, ഇരുളിന്റെ മറവില്‍ മതതീവ്രവാദവും കൊണ്ടുനടക്കുന്ന ഒരുകൂട്ടം ശക്തിപ്രാപിച്ചിരിക്കുന്നു. തങ്ങളുടെ മതഭീകരത കേരളത്തിലേക്ക് ഒളിച്ചുകടത്താന്‍ ഏറ്റവും നല്ല ഉപാധിയായാണ് കമ്യൂണിസത്തെ ഈ വിഭാഗം കാണുന്നത്. മറിച്ച് തീവ്രവാദ നിലപാടുള്ളവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും വഴി ഈ വിഭാഗത്തിന്റെ ഗണ്യമായ വോട്ട് തങ്ങളുടെ പെട്ടിയില്‍ വീഴുമെന്ന് സിപിഎമ്മിനുമറിയാം. കേരളം സിറിയയല്ല, കൊറിയയുമല്ലെന്ന് ആരും വിസ്മരിക്കേണ്ട. രാജ്യത്ത് ഏറ്റവുമധികം പേര്‍ ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത് കേരളത്തില്‍ നിന്നായതും, കണ്ണൂരില്‍ നിന്നായതും യാദൃച്ഛികതയല്ല. ജനാധിപത്യ കേരളത്തിന്റെ മനഃസാക്ഷി ഈ ഭീകര സഖ്യത്തിനെതിരെ അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനി ഒരമ്മയുടേയും കണ്ണീരും ശാപവും കേരളത്തിനുമേല്‍ പതിക്കാതിരിക്കാന്‍ ഇതാവശ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.