ജഡ്ജിമാര്‍ക്കെതിരായ കോഴ ആരോപണം: ഹര്‍ജി സുപ്രീംകോടതി തള്ളി

Wednesday 15 November 2017 1:42 pm IST

ന്യൂദല്‍ഹി: ജഡ്ജിമാര്‍ക്കെതിരായ കോഴ ആരോപണം സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കോഴ നല്‍കിയതന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള മുതിര്‍ന്ന അഭിഭാഷക കാമിനി ജയ്‌സ്വാളിന്റെ ഹര്‍ജിയാണ് തള്ളിയത്. യാതൊരു തെളിവുമില്ലാതെ ചീഫ് ജസ്റ്റിസിനെതിരെ വരെ ആരോപണം ഉന്നയിച്ച ഹര്‍ജിക്കാര്‍ക്കെതിരെ തത്ക്കാലം കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന താക്കീതുമായാണ് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ നടപടി. ന്യായാധിപരടക്കം ആരും തന്നെ നിയമത്തിന് അതീതരല്ലെന്ന് ജസ്റ്റിസ് ആര്‍.കെ. അഗര്‍വാളിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെതിരായ ആരോപണം കോടതിയലക്ഷ്യമാണ്. എന്നാല്‍ ആര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതിക്ക് ഉദ്ദേശ്യമില്ല. അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ദുഷ്യന്ത് ദവെയും നടത്തിയത് കോടതിയലക്ഷ്യം തന്നെയാണ്, കോടതി പറഞ്ഞു. ഒരേ സമയം രണ്ടു ബെഞ്ചുകളില്‍ സമാന ഹര്‍ജികളെത്തിയത് കോടതിയെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കോടതി എല്ലാ നടപടികളും ഇവിടെ അവസാനിപ്പിക്കുകയാണെന്നും ഹര്‍ജിക്കാരും അതു മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര താക്കീത് നല്‍കി. ലഖ്‌നൗവിലെ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒറീസ ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് മസ്‌റൂര്‍ ഖുദൂസി വഴി സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സിബിഐ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാണ് മുതിര്‍ന്ന അഭിഭാഷക കാമിനി ജയ്‌സ്വാള്‍ കോടതിയെ സമീപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.