ഗോണിക്കുപ്പ-കോഴിക്കോട് റോഡ് ദേശീയ പാതയായി ഉയര്‍ത്തണമെന്ന്

Tuesday 14 November 2017 10:06 pm IST

മാനന്തവാടി: രാത്രിയാാത്രാ നിരോധനത്തിനും, താമരശേരി ചുരത്തിലെ പതിവ് ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമായി ഗോണിക്കുപ്പ-കുട്ട-മാനന്തവാടി-കുറ്റിയാടി-കോഴിക്കോട് റോഡ് ദേശീയ പാതയായി ഉയര്‍ത്തണമെന്ന് മാനന്തവാടി വികസന സമിതി നടത്തിയ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ഗോണിക്കുപ്പ-കുട്ട-മാനന്തവാടി റോഡില്‍ നിലവില്‍ രാത്രിയാത്രാ നിരോധനം ബാധകമല്ല. ഈ പാത വികസിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണ്. കേരള-കര്‍ണാടക സര്‍ക്കാരുകള്‍ സംയുക്തമായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ പാത ദേശീയ പാതയായി ഉയര്‍ത്തണം. മാനന്തവാടി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുതകുന്ന വിധം ഗതാഗതസംവിധാനം പുന:ക്രമീകരിക്കണം. താമരശേരി ചുരത്തിലെ പതിവ് ഗതാഗതക്കുരുക്കിന് പരിഹാരമായി പക്രംതളം ചുരം വഴി കോഴിക്കോടേക്കുളള റോഡും ദേശീയ പാതയുടെ ഭാഗമാക്കണം. വയനാട് ചുരത്തിലെ ഗതാഗതതടസ്സം തുടര്‍ക്കഥയാണ്. പല ദിവസങ്ങളിലും മണിക്കൂറുകളോളം ഗതാഗതം തടസ്സം പതിവാകുന്നു. രണ്ടാഴ്ച്ച മുന്‍പ് ഏഴാംവളവില്‍ കാര്‍ കത്തിയതോടെ അരികില്ലാതെ കുഴിയില്‍ക്കൂടി എടുക്കേണ്ടിവന്ന സ്‌കാനിയ ബസ് കുടുങ്ങിയതോടെ അഞ്ച് മണിക്കൂറാണ് ഗതാഗതം തടസ്സപ്പെട്ടത്. പരീക്ഷയെഴുതാനായി ചുരമിറങ്ങിയവരും പ്രതികളുമായി കോടതിയിലേക്ക് പോകേണ്ട നിയമപാലകരും ആശുപത്രി, വിവാഹ ആവശ്യങ്ങള്‍ക്കുള്ളവരുമെല്ലാം അടിവാരംവരെ ഇറങ്ങിനടന്നു. ചെറിയ കാറുകള്‍ നിയന്ത്രണമില്ലാതെ പാഞ്ഞതും വന്‍ ഗതാഗതതടസ്സത്തിന് കാരണമായി. തൊട്ടടുത്ത ദിവസം കര്‍ണാടക കെഎസ്ആര്‍ടിസി ആക്‌സില്‍ പൊട്ടി വളവില്‍ കുടുങ്ങിയതും നൂറ്കണക്കിന് യാത്രക്കാര്‍ക്ക് വിനയായി. മണ്‍സൂണ്‍കാലത്ത് മണ്ണിടിഞ്ഞും പാറകള്‍ അടര്‍ന്നുവീണും ഗതാഗതതടസ്സം പതിവാണ്. ചുരംമുടിപിന്നുകളിലെ വന്‍ ഗര്‍ത്തങ്ങളാണ് പകുതി കാരണം. ബദല്‍പാതയില്ലാത്തതിനാല്‍ വാഹനങ്ങള്‍ ചുരത്തില്‍തന്നെ മണിക്കൂറുകളോളം കുടുങ്ങികിടക്കുക പതിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.