ജോലി തടസപ്പെടുത്താന്‍ ശ്രമം; ഡോക്ടര്‍ക്കെതിരെ കേസ്

Tuesday 14 November 2017 10:07 pm IST

  തൊടുപുഴ: മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കാനെത്തിയ കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ ജോലി തടസപ്പെടുത്തിയതിന് ഡോക്ടര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ്. പഞ്ചായത്ത് സെക്രട്ടറി അജയ്കുമാറിന്റെ പരാതിയിലാണ് പെരുമ്പിള്ളിച്ചിറ സ്വദേശിനി ഡോ. എല്‍സമ്മ, ഭര്‍ത്താവ് ജോയി, ഇവരുടെ മകന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ വീടിന് മുന്നില്‍ നിക്ഷേപിച്ച കോണ്‍ക്രീറ്റ് മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കാനാണ് സെക്രട്ടറി വീട്ടില്‍ എത്തിയത്. നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറാകാതിരിക്കുകയും ഇത് പതിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈയേറ്റത്തിന് ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. പെരുമ്പിള്ളിച്ചിറ സ്‌കൂളിലേക്കുള്ള വഴിയില്‍ ആണിയടക്കമുള്ള കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴിന് മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെയാണ് പഞ്ചായത്ത് നടപടിയെടുക്കുന്നത്. വീട്ടിലെത്തിയ പഞ്ചായത്ത് സെക്രട്ടറി മോശമായി പെരുമാറിയെന്നും വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയെന്നും കാട്ടി ഡോ. എല്‍സമ്മയും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥനായ അബി, ജീപ്പ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി എസ്‌ഐ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു.